Rev. Fr. ജോബി പാറയ്ക്കചെരുവിൽ അച്ചനെ UK ക്നാനായ ഗ്ലോബൽ പാർലമെന്റ് അംഗങ്ങൾ ഹാർദ്ദമായി സ്വീകരിച്ചു.

സ്വന്തം ലേഖകൻ
കെറ്ററിംഗ് / UK

ക്നാനായ ഗ്ലോബൽ പാർലമെന്റിന്റെ UK ഘടകത്തിലെ അംഗങ്ങൾ, സംഘടനയുടെ ദർശനശില്പിയായ ബഹുമാനപ്പെട്ട Rev. Fr. ജോബി പാറയ്ക്കചെരുവിൽ അച്ചനെ ഹാർദ്ദമായി സ്വീകരിച്ചു. സഭാ–റീത്തു വ്യത്യാസങ്ങൾക്കപ്പുറം, ക്നാനായ സമുദായം സഹോദര്യത്തിലേക്കും സ്നേഹത്തിലേക്കും, സമൃദ്ധിയിലേക്കും ചേർന്നുനടക്കേണ്ടതിന്റെ പ്രതിബദ്ധത ഓർമ്മപ്പെടുത്തുന്ന ചടങ്ങായിരുന്നു ഇത്.

UK ക്നാനായ ഗ്ലോബൽ പാർലമെന്റ് പ്രസിഡന്റ് ശ്രീ ബിജി മാങ്കൂട്ടത്തിൽ, അച്ചനെ സ്നേഹപൂർവ്വം പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ സാമൂഹിക–ആത്മീയ വിഷയങ്ങൾ ബഹുമാനപ്പെട്ട അച്ചനുമായി പങ്കുവെച്ചു.

Rev. Fr. ജോബി പാറയ്ക്കചെരുവിൽ അച്ചൻ, ക്നാനായ സമൂഹം UK യിൽ നേരിടുന്ന ആശയമൗലിക പ്രതിസന്ധികളെ കുറിച്ചും, അതിനുള്ള വിശ്വാസപരമായ മാർഗ്ഗദർശനങ്ങളെയും ഉത്കണ്ഠാപൂർവ്വം പങ്കുവെച്ചു.

“ഒരിക്കൽ ഒരു സ്ത്രീ ഫ്രാൻസിസ് മാർപ്പാപ്പയോട് ചോദിച്ചു: ‘അക്രൈസ്തവയായ എനിക്ക് കൂദാശ നടത്തികിട്ടാൻ ഞാൻ എന്ത് ചെയ്യണം?’ മാർപ്പാപ്പയുടെ മറുപടി: ‘ആദ്യം നിങ്ങളുടെ സ്ഥലത്തെ ലോക്കൽ പ്രീസ്റ്റിനെ സമീപിക്കുക; അതിലൂടെയില്ലെങ്കിൽ നേരെ എന്റെ അടുത്ത് വരിക, ഞാൻ നിനക്ക് വേണ്ടത് ചെയ്യാം.’”

ഈ ചെറുകഥയിലൂടെ കൂദാശയുടെ മഹത്വവും, അതിന് അനുസൃതമായ പാസ്ടറൽ ഉത്തരവാദിത്വവും, അഭിഷിക്തരുടെ ദൗത്യബോധവും, അച്ചൻ ലളിതമായി അവതരിപ്പിച്ചു.

ബഹുമാനപ്പെട്ട ശ്രീ ജിമ്മി ചെറിയാൻ, 1984 ലെ രേഖകൾ ഉദാഹരിച്ചു കൊണ്ട്, സത്യവിശ്വാസ സംരക്ഷണം ഓരോ ക്നാനായ ക്രൈസ്തവന്റെയും ധർമമാണെന്ന് ഓർമ്മിപ്പിച്ചു. ആധുനിക കത്തോലിക്കാ പാസ്റ്ററൽ കെയറിന്റെ ലിബറൽ സമീപനങ്ങളെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇന്ന് നിലനില്ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂദാശകൾ സൗജന്യമായുള്ള ദൈവാനുഗ്രഹങ്ങളായിരിക്കേ വേണ്ടത്ര ആത്മീയ ഗൗരവത്തോടെ സമീപിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.

KGP UK വൈസ് പ്രസിഡന്റ് ശ്രീ സംഗീത് രഞ്ജൻ, യുവജനങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കും ഇന്ന് നേരിടേണ്ടിവരുന്ന മാനസിക സമ്മർദ്ദങ്ങളെയും, സമൂഹത്തിൽ നടക്കുന്ന ആത്മീയ വിള്ളലുകളെയും കുറിച്ച് സംസാരിച്ചു.

Rev. Fr. ജോബി പാറയ്ക്കചെരുവിൽ അച്ചൻ, ക്നാനായ ഗ്ലോബൽ പാർലമെന്റ് ക്നാനായ സമൂഹത്തിന്റെ, സഭാ–റീത്തുകളെ അതീതമായി ധൈര്യവും സമത്വവും പകർന്നു നൽകുന്ന കൂട്ടായ്മയാണെന്ന് ഓർമ്മിപ്പിച്ചു. അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ, ക്രിസ്തുവിന്റെ സ്വതന്ത്രതയിലേക്ക് നയിക്കാൻ താൻ എപ്പോഴും സമൂഹത്തിനൊപ്പം ഉണ്ടാകുമെന്നും അച്ചൻ ഉറപ്പു നൽകി.

UK യിലെ എല്ലാ ക്നാനായ സമുദായാംഗങ്ങൾക്കും, ഗ്ലോബൽ പാർലമെന്റിന്റെ പ്രവർത്തനങ്ങളിലൂടെ, വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പുതിയ സന്ദേശം പകർന്നു നൽകേണ്ട ഉത്തരവാദിത്വം ഉണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.