മലബാറിലെ ക്നാനായ കുടിയേറ്റ ജനതയുടെ ഇടവകയായ പയ്യാവൂർ പള്ളിയിൽ 2025 ആഗസ്റ്റ് 2-ന് മലബാർ കുടിയേറ്റ ചരിത്ര സെമിനാറും, മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ പേരിലുള്ള കുടിയേറ്റ സ്മാരക മ്യൂസിയത്തിന്റെ ഉദ്ഘാടനവും നടന്നു. കോട്ടയം ക്നാനായ അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ മാർ വള്ളോപ്പിള്ളിയെ “കുടിയേറ്റ ജനതയുടെ പിതാവ്, മലബാറിന്റെ ശില്പി, ഒരു യുഗത്തിന്റെ പ്രകാശഗോപുരം, മലബാറിന്റെ മോശ” എന്നീ വാക്കുകളാൽ വിശേഷിപ്പിച്ചു. എന്നാൽ 1953-ൽ തലശ്ശേരി രൂപത നിലവിൽ വന്നതോടുകൂടിയാണ് അദ്ദേഹം മലബാറിലെത്തിയത്, തലശ്ശേരിയുടെ മെത്രാനെന്ന നിലയിൽ അദ്ദേഹത്തെ പുകഴ്ത്തുന്നതിൽ പ്രശ്നമില്ലങ്കിലും, മലബാർ കുടിയേറ്റത്തിന്റെ യഥാർത്ഥ ചരിത്രം കരിഞ്ഞു പോകുന്നവിധം വാക്കുകൾ ഉപയോഗിക്കുന്നത് ചരിത്രത്തിന് നിരക്കുന്നതല്ല.
മലബാർ കുടിയേറ്റത്തിന്റെ തുടക്കം
ക്നാനായ കത്തോലിക്കാ കോൺഗ്രസും മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ മെത്രാനും ചേർന്നാണ് മലബാർ കുടിയേറ്റ പദ്ധതിയുടെ രൂപകല്പന.
1943 ഫെബ്രുവരി 2-ന് കോട്ടയത്തുനിന്നുള്ള 72 കുടുംബങ്ങളെചേർത്തുകൊണ്ടുള്ള ആദ്യ കുടിയേറ്റസംഘം രാജപുരത്ത് എത്തി ഒരു കോളനിക്ക് രൂപം കൊടുത്തു.തുടർന്ന് മടമ്പത്തും അലക്സ് നഗറിലുംകോളനികൾ രൂപപ്പെട്ടു. നാലാം നൂറ്റാണ്ടിൽ പൗരസ്ത്യ ദേശത്തുനിന്നും ക്നായി ത്തൊമ്മൻ എന്ന വൃക്തിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലേക്ക് നടന്ന കുടിയേറ്റത്തെ ഓർമ്മിപ്പിക്കും വിധമായിരുന്നു മലബാറിലേക്ക് നടത്തിയ കുടിയേറ്റം.
മൊത്തം 4550 ഏക്കർ ഭൂമി കോട്ടയം രൂപത വാങ്ങി കുടിയേറ്റ കുടുംബങ്ങൾക്ക് ആധാരം ചെയ്തു നൽകി.
ഈ സംരംഭത്തിന് നേതൃത്വം നൽകിയവരിൽ മുൻനിരയിൽ നിന്നത് ഷെവലിയാർ പ്രൊഫ. ജോസഫ് കണ്ടോത്ത് ആയിരുന്നു. ഭാവിയെക്കുറിച്ചുള്ള ആകുലതയിൽ അലഞ്ഞുനിന്ന സമുദായത്തിന് മാർ അലക്സാണ്ടർ മെത്രാനൊപ്പം കണ്ടോത്ത് വലിയ പ്രത്യാശ നൽകി.
മലബാർകുടിയെറ്റത്തിലെ ക്നാനായരുടെ പങ്ക്
മലബാറിൽ എത്തിയ കുടിയേറ്റക്കാർ ആദ്യം പള്ളി പണിതു ദിവ്യബലി അർപ്പിച്ചതിന് ശേഷമാണ് താമസത്തിനുള്ള കുടിലുകൾ പോലും കെട്ടിയത്.
സീറോ മലബാർ സഭയ്ക്ക് മലബാറിൽ വേരോട്ടം ഉണ്ടാക്കിയത് ക്നാനായ കുടിയേറ്റക്കാരാണ്. സീറോ മലബാർ സഭയ്ക്ക് മലബാറിൽ സുറിയാനി കുർബാന ചൊല്ലുവാൻ ഉള്ള അനുവാദം വാങ്ങിയെടുത്തതും കോട്ടയം രൂപതക്കാർക്ക് വേണ്ടിയാണ്. പിന്നീട് സീറോ മലബാർ സഭയ്ക്ക് മൊത്തംഗുണകരമാകുകയും ചെയ്തു.
ഇന്ന് ക്നാനാക്കാർക്ക് മലബാറിൽ 54 പള്ളികളുണ്ട്. അക്കാലത്ത് തന്നെ നിരവധി കുടുംബങ്ങളും അവിടങ്ങളിൽ കുടിയേറിത്തുടങ്ങിയിരുന്നു.
1949-ൽ തന്നെ, കുടിയേറ്റക്കാർ ജോസഫ് കണ്ടോത്തിന്റെയും മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ മെത്രാന്റെയും പ്രതിമകൾ മടമ്പം കവലയിൽ സ്ഥാപിച്ചു. ഇതിലൂടെ അവർ ആരെയാണ് കുടിയേറ്റത്തിന്റെ “പിതാക്കന്മാർ” എന്നു അംഗീകരിച്ചതെന്ന് തെളിയുന്നു.
തലശ്ശേരി രൂപതയുടെ പങ്ക്
തലശ്ശേരി രൂപത 1953ലാണ് സ്ഥാപിച്ചത്, പല കാരണങ്ങളാൽ കുടിയേറി താമസിച്ചിരുന്ന സുറിയാനിക്കാരുടെ കുടുംബങ്ങളെ ചേർത്ത് പിടിക്കാനായിരുന്നു മാർ വള്ളോപ്പിള്ളിയുടെ പരിശ്രമം കുടിയേറ്റക്കാരുടെ പുരോഗതിക്ക് സഹായകമായി; അത് അംഗീകരിക്കാം. എന്നാൽ, അദ്ദേഹത്തെ കുടിയേറ്റത്തിന്റെ പിതാവ് എന്ന് വിളിക്കുന്നത് ചരിത്ര നിഷേധമാണ്.
“മക്കളെല്ലാം ജനിച്ചു കഴിഞ്ഞ് വന്നു ചേരുന്ന ആളെ പിതാവ് എന്നു വിളിക്കുമോ?” എന്ന ചോദ്യം ഇവിടെ നിലനിൽക്കുന്നുണ്ട്. ഒരു വലിയ സമൂഹത്തെ നയിച്ചു കൊണ്ടുവന്ന് കുടിയിരുത്തിയ ചരിത്രപുരുഷനാണ് മോശ.
ചരിത്രം കരിച്ചു കളയുന്ന പ്രവണത.
ഉറുഹായിലെ ജോസഫ് മെത്രാനെ, ഇന്നത്തെ ചില പുരോഹിതർ നാലാം നൂറ്റാണ്ടിലെ ക്നായിത്തൊമ്മന്റെ കൂട്ടത്തിൽ കുടിയേറ്റം നയിച്ചുവെന്ന തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്നു.അൽമായുടെ നേതൃത്വത്തിലുള്ള ചരിത്രം സഭാ നേതൃത്വത്തിന്റെ പേരിൽ കരിച്ചു കളയപ്പെടുന്നു.കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് മുസിരീസ് പൈതൃക പദ്ധതിക്ക് കേന്ദ്രസർക്കാർ അനുവദിച്ച 500 കോടി രൂപയിൽ കോട്ടയം അതിരൂപത പങ്കാളികളാകാതെ വിട്ടു; മറിച്ച് മറ്റ് വിഭാഗങ്ങൾ അവരുടെ ചരിത്രം ഉയർത്തിക്കാട്ടി മുഴുവൻ ഫണ്ട് വിനിയോഗിക്കുന്നു.
മാർ വള്ളോപ്പിള്ളിയെ കുടിയേറ്റപിതാവ് എന്ന് ഉയർത്തിക്കാട്ടിയ യോഗം ക്നാനായ മെത്രാൻ മാർ പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്തതും ചരിത്രം കരിക്കുന്നതായേ കാണുവാൻ കഴിയൂ.
ചരിത്രബോധവും സഭയുടെ ഭാവിയും
ഒരു സമൂഹത്തിന് ചരിത്രബോധവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ മാത്രമേ നല്ല നേതാക്കളും നല്ല പുരോഹിതരും ഉയർന്നുവരൂ.
വൈദികർ, തങ്ങളുടെ പൂർവാശ്രമത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്താൽ മാത്രമേ പൗരോഹിത്യജീവിതം ധന്യമാവുകയുള്ളൂ.
സഭ വിശ്വാസികളുടെ കൂട്ടായ്മയാണ് എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനം ഉത്തരവാദിത്വപ്പെട്ടവർ ഒരിക്കലും മറക്കരുത്.
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ.
22-8-2025
