2025 ജൂലൈ 26-ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ, ദൈവദാസൻ മാർ മാത്യു മാക്കീൽ ധന്യരുടെ നിരയിൽ ചേർക്കപ്പെട്ടതിന്റെ അതിരൂപതാ ആഘോഷം നടന്നു. ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് നടത്തിയ പ്രസംഗം സമുദായം വിലയിരുത്തേണ്ടതായിവന്നിരിക്കുന്നു.
മാക്കീൽ പിതാവിന്റെ ജീവിതവിശുദ്ധിയെക്കുറിച്ച് മാർ മൂലക്കാട്ട് സംസാരിച്ചപ്പോൾ, ദൈവിക പദ്ധതിയോട് ചേർന്ന് നിൽക്കുക, വിനയം, ദൈവവചനത്തിന് അനുസൃതമായി ജീവിക്കുക, സഭയുടെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുക എന്നീ പൊതുവായ ആശയങ്ങളിലാണ് കേന്ദ്രീകരിച്ചത്. എന്നാൽ, വിശുദ്ധി എന്നത് ഇത്ര മാത്രം ചുരുങ്ങുന്നതല്ല. ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റിയപ്പോഴാണ് മാർ മാത്യു മാക്കീൽന്റെ ജീവിതം ധന്യമായത്.
പത്താം പിയൂസ് മാർപാപ്പ, തെക്കുംഭാഗ ജനതയുടെ ആത്മീയ-സാംസ്കാരിക ഐക്യതയും തനിമയും നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെ കോട്ടയം വികാരിയത്ത് സ്ഥാപിച്ച് മാത്യു മാക്കീലിനെ മെത്രാനാക്കി. ജനത്തിന്റെ നിലനിൽപ്പിനും സ്വാതന്ത്ര്യത്തിനുമായി പോരാടിയ അദ്ദേഹം, തിക്താനുഭവങ്ങൾ സഹിച്ചും സമുദായത്തിന്റെ ഭാവിയെ ഉറപ്പിച്ചും പ്രവർത്തിച്ചു.
1886-ൽ വരാപ്പുഴക്കാരുമായി മാക്കീൽ മത്തായി അച്ചൻ തുടക്കമിട്ട സൗഹൃദബന്ധം, ഭാവിയിൽ ക്നാനായർക്കൊരു പ്രത്യേക മിസ്സം ലഭിക്കുന്നതിനുള്ള അടിത്തറയായി. 1500 വർഷത്തോളം സഭാതലത്തിൽ അസംഘടിതരായി കഴിയേണ്ടി വന്ന ക്നാനായജനതയെ ഏക ഇടയനും ഏക തൊഴുത്തും എന്ന നിലയിൽ ഒറ്റ കുടക്കീഴിൽ കൂട്ടിച്ചേർക്കുക എന്നതായിരുന്നു മാക്കീലിന്റെ മഹത്തായ ദർശനം.
ജീവിതവിശുദ്ധി എന്താണ്?
ഒരു കുടുംബജീവിതക്കാരൻ ഭാര്യയോടൊപ്പം കുടുംബത്തെ സംരക്ഷിക്കുകയും ഭാവി തലമുറയെ ഭദ്രമാക്കുകയും ചെയ്യുമ്പോഴാണ് അത്. ഒരു പുരോഹിതൻ തന്റെ ജനത്തെ ദൈവത്തിന്റെ വഴിയിൽ നടത്തുകയും സഭയെ പരിപാലിക്കുകയും ചെയ്യുമ്പോഴാണ് അത്. ചങ്ങനാശ്ശേരിയിൽ 15 വർഷത്തിലധികം മെത്രാനായിരുന്ന മാക്കീൽ, സുഖ ബഹുമാനാദികളിൽ കഴിയാതെ ദുഃഖവും ദുരിതവും സഹിച്ച് സ്വന്തം ജനത്തെ സ്വാതന്ത്ര്യമാക്കി ഉയർത്തിയതാണ് അദ്ദേഹത്തിന്റെ യഥാർത്ഥ വിശുദ്ധി.
1896ൽ മിസ്സം വന്ന സമയത്ത്, അഞ്ച് ക്നാനായ പള്ളികൾ എറണാകുളം മിസ്സത്തിലേക്ക് പോയത് മാക്കീലിനെ ആശങ്കപ്പെടുത്തിയിരുന്നു. ഭാവിയിൽ കൂടുതൽ മിസ്സം ഉണ്ടാകുമ്പോൾ തെക്കുംഭാഗർ പല മിസ്സങ്ങളിലായി ചിതറിപ്പോകുമെന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നു. സ്വന്തം ജനത്തെ കുറിച്ചുള്ള ഈ തീക്ഷ്ണമായ ആകുലതയും മാക്കീലിന്റെ വിശുദ്ധിയുടെ അടയാളമാണ്.“ അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതിപ്പെട്ടിരിക്കുന്നത് അപ്പോൾ അവൻ്റെ ശിഷ്യന്മാർ അനുസ്മരിച്ചു” (യോഹന്നാൻ 2:17) എന്ന വചനം ധന്യൻ മാർ മാക്കീലിന്റെ ജീവിതത്തിൽ തെളിഞ്ഞു.
ഐ.സി. ചാക്കോയും മാർ ലൂയിസ് പഴേപറമ്പിലും അടക്കമുള്ള ക്നാനായേതര ചരിത്രകാരന്മാർ രേഖപ്പെടുത്തിയതുപോലെ, വടക്കുംഭാഗക്കാരുടെ കീഴിൽ തെക്കുംഭാഗം ഭരണവിധേയമാകുമെന്ന ഭീഷണി അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ടുതന്നെ സ്വന്തം സമുദായത്തെ ശക്തിപ്പെടുത്തി ആത്മീയ ഉന്നതിക്കായി മുഴുവൻ ജീവിതവും സമർപ്പിച്ചു.
ഇത്തരം സമുദായ-ചരിത്ര സത്യങ്ങൾ മാർ മൂലക്കാട്ട് പ്രസംഗത്തിൽ മനപ്പൂർവം ഒഴിവാക്കി. മറിച്ച്, ഇന്ന് അദ്ദേഹം തന്നെ, ധന്യൻ മാക്കീലിന്റെ ആത്മീയ ദർശനത്തിനെതിരെ, അദ്ദേഹത്തിൻ്റെ വിശുദ്ധ ജീവിതത്തിനെതിരെ പ്രവർത്തിക്കുന്ന നിലയിലാണ്. പ്രവാസികളായ ക്നാനായ ജനത്തെ വിവിധ സീറോ മലബാർ രൂപതകളിലേക്ക് ചിതറിച്ചു കൊണ്ടിരിക്കുന്നത് അതിന് തെളിവാണ്.
ഇംഗ്ലണ്ടിൽ നടന്നൊരു സംഭവം ഉദാഹരണമാണ്: ഒരു ക്നാനായ കുടുംബം മകന്റെ വിവാഹത്തിനായി ലത്തീൻ പള്ളിയിലെ കുറിയുമായി സീറോ മലബാർ പള്ളിയിൽ കെട്ടാൻ അനുമതി ചോദിച്ചപ്പോൾ സമ്മതം ലഭിച്ചില്ല. ലത്തീൻ പള്ളിയിൽ തന്നെ വിവാഹ ക്രമീകരണം നടത്തിയപ്പോൾ മാർ മൂലക്കാട്ടിന്റെ നിർദ്ദേശപ്രകാരം, സീറോ മലബാർ അധികാരികളുടെ ഇടപെടലിനെത്തുടർന്ന് ലത്തീൻ മെത്രാനെതിരേ വിവാഹമുടക്ക് കല്പന പുറപ്പെടുവിക്കപ്പെട്ടു. മറ്റു വഴിയില്ലാതെ, ആ കുടുംബം കത്തോലിക്ക വിശ്വാസത്തിൽ നിന്ന് മാറി അന്ത്യോക്യൻ സഭയിൽ വിവാഹം കഴിക്കേണ്ടതായി വന്നു.
ധന്യൻ മാക്കീൽ, തന്റെ ജനത്തിനുവേണ്ടി സഹിച്ച വിശുദ്ധിയുടെ പ്രകാശം, ഇന്നത്തെ നേതാക്കൾക്കു മനസ്സിലാകാതെ പോകുന്നത് വലിയ ദുരന്തമാണ്. മാർ മൂലക്കാട്ട് അവതരിപ്പിച്ച “ജീവിതവിശുദ്ധി” യുടെ വിസ്താരം, മാക്കീലിന്റെ മഹത്വത്തിന്റെ അരികിലുപോലും എത്തുന്നില്ല.
“മാക്കീൽ മത്തായി മെത്രാൻ മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ, മാർ ലൂയിസ് പഴേപറമ്പിൽ ജീവിതവും കാലവും. ഈ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയ ലേഖനം.”
✍ ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ .
2-9-2025
