പെരുന്നയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത് രാത്രി 10 മണിക്ക്; അന്വേഷണ സംഘം ഇന്ന് സാക്ഷിമൊഴിയെടുപ്പ് തുടരും
തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കസ്റ്റഡിയിലെടുത്തു. ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടിൽ നിന്നാണ് ഇയാളെ ബുധനാഴ്ച രാത്രി 10 മണിയോടെ എസ്ഐടി സംഘം കസ്റ്റഡിയിലെടുത്തത്.
ദ്വാരപാലക ശിൽപ പാളികളിലും കട്ടിളയിലുമുണ്ടായ സ്വർണക്കൊള്ളക്കേസിൽ മുരാരി ബാബു പ്രധാന പ്രതിയാണ്. നിലവിൽ സസ്പെൻഷനിലാണ്. ഇയാളെ തിരുവനന്തപുരത്തേക്ക് എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തലിൽ, 2019 മുതൽ 2024 വരെ നീണ്ട ഗൂഢാലോചനയിൽ മുരാരി ബാബു മുഖ്യ പങ്ക് വഹിച്ചതായി കാണുന്നു. 2019-ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ സ്വർണം പൊതിയേണ്ട സ്ഥലങ്ങളിൽ ചെമ്പ് പൊതിഞ്ഞതായും വ്യാജ രേഖകൾ തയ്യാറാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ തനിക്ക് പങ്കില്ലെന്ന് മുരാരി ബാബു മുമ്പ് ആവർത്തിച്ചിരുന്നു. മഹസറിൽ ചെമ്പ് പാളിയെന്നു രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്നും താൻ നൽകിയതു പ്രാഥമിക റിപ്പോർട്ടാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. “സ്വർണം നേരിയ തോതിൽ മാത്രമേ പൂശിയിട്ടുള്ളൂ. അതുകൊണ്ടാണ് ചെമ്ബ് തെളിഞ്ഞത്” എന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേസിൽ എസ്ഐടി ഇന്നും സാക്ഷിമൊഴിയെടുപ്പ് തുടരുന്നു. സന്നിധാനത്ത് നിന്ന് സ്വർണ്ണ പാളികൾ നീക്കിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും മൊഴിയെടുപ്പ് നടക്കും.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി തെളിവെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണം. സ്വർണക്കൊള്ളയിലെ ലാഭം ഉപയോഗിച്ച് പോട്ടി വാങ്ങിയ സ്വർണനാണയങ്ങളും എസ്ഐടി കണ്ടെത്തിയതായി വിവരം.
മുരാരി ബാബുവിന്റെ വീട്ടിൽ നേരത്തെ നടത്തിയ പരിശോധനയിൽ രണ്ട് ലക്ഷം രൂപ അടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
