വാഷിങ്ടൺ ∙ ഇംഗ്ലീഷ് പ്രാവീണ്യപരീക്ഷയിൽ പരാജയപ്പെട്ടതിനാൽ അമേരിക്കയിൽ 7248 ട്രക്ക് ഡ്രൈവർമാരുടെ ജോലി നഷ്ടമായി. ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ (FMCSA) ‘ഔട്ട് ഓഫ് സർവീസ്’ നടപടിയിലൂടെ ഇവരുടെ കമേഴ്ഷ്യൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റദ്ദായവരിൽ ഭൂരിഭാഗവും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ഇന്ത്യൻ വംശജനായ സിഖ് ഡ്രൈവർമാരാണ്. നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷൻ (NAPTA) അനുസരിച്ച് അമേരിക്കൻ ട്രക്ക് വ്യവസായത്തിൽ 1.3 മുതൽ 1.5 ലക്ഷം വരെ സിഖ് തൊഴിലാളികൾ പ്രവർത്തിക്കുന്നു.
റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള പുതിയ നയത്തിന്റെ ഭാഗമായാണ് നടപടി. എന്നാൽ ഇത് കുടിയേറ്റ തൊഴിലാളികളെ അന്യായമായി ലക്ഷ്യമിടുന്നതാണെന്ന വിമർശനവും ഉയരുന്നുണ്ട്.
അമേരിക്കൻ ഗതാഗത വകുപ്പിന്റെ നിയമപ്രകാരം (49 CFR 391.11(b)(2)), കമേഴ്ഷ്യൽ ഡ്രൈവർമാർക്ക് റോഡ് സൈനുകൾ വായിക്കാൻ, പൊതുജനങ്ങളുമായി ആശയവിനിമയം നടത്താൻ, അധികാരികളുമായി സംസാരിക്കാൻ ആവശ്യമായ ഇംഗ്ലീഷ് അറിവ് നിർബന്ധമാണ്. 2016-ൽ ഒബാമ ഭരണകൂടം ഈ വ്യവസ്ഥ കുറച്ചുകുറച്ചുവെങ്കിലും, ട്രംപ് ഭരണകൂടം 2025 ജൂണിൽ പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഓർഡർ വഴി നിയമം വീണ്ടും കർശനമാക്കി.
ഫെഡറൽ ഏജൻസികൾ ജൂൺ 25 മുതൽ റോഡ് സൈഡ് പരിശോധനകളിൽ ഇംഗ്ലീഷ് ടെസ്റ്റുകൾ ആരംഭിച്ചു. പരാജയപ്പെട്ടവരെ ഉടൻ തന്നെ ജോലിയിൽ നിന്ന് നീക്കി. ഒക്ടോബർ വരെ 5000-ത്തിലധികം ലംഘനങ്ങൾ രേഖപ്പെടുത്തിയതായി FMCSA ഡാറ്റ വ്യക്തമാക്കുന്നു. ജൂലൈയിൽ 1500 ആയിരുന്ന ലംഘനങ്ങളുടെ എണ്ണം സെപ്റ്റംബറോടെ ഇരട്ടിയായി. ടെക്സാസ്, അരിസോണ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതലായും നടപടി നടന്നത്.
“194,000 വരെ ഡ്രൈവർമാരെ ലക്ഷ്യമിടുന്ന ഈ നടപടികൾ കുടിയേറ്റ തൊഴിലാളികൾക്ക് വലിയ തിരിച്ചടിയാണ്,” നോർത്ത് അമേരിക്കൻ സിഖ് സംഘടനയുടെ നേതാക്കൾ പ്രതികരിച്ചു. “ഇത് വ്യക്തമായി വിവേചനപരമായ നീക്കമാണ്,” അവർ കൂട്ടിച്ചേർത്തു.
