റോം ∙ ക്രിസ്തീയരായ മനുഷ്യരിൽ രക്ഷകൻ യേശുക്രിസ്തുവേ ആണെന്നും, അമ്മ മറിയയെ “സഹരക്ഷക”യായി കാണരുതെന്നും വത്തിക്കാൻ വ്യക്തമാക്കി. പോപ്പ് ലിയോ പതിനാലാമൻ അംഗീകരിച്ച പുതിയ ശാസനത്തിലാണ് ഈ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
വിശ്വാസതിരുസംഘം (Dicastery for the Doctrine of the Faith) തയ്യാറാക്കിയ രേഖയിലാണ് “മറിയയെ സഹരക്ഷകയായി വിശേഷിപ്പിക്കുന്നത് ക്രിസ്തീയ തത്വചിന്തയോട് പൊരുത്തപ്പെടുന്നതല്ല” എന്ന് വ്യക്തമാക്കുന്നത്. രേഖ പാപ്പയ്ക്ക് സമർപ്പിച്ചതിന് ശേഷം ഔദ്യോഗികമായി അംഗീകരിച്ചു.
“സഹരക്ഷക എന്ന പദവി ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ലോകത്തിന്റെ രക്ഷയെന്നത് ക്രിസ്തുവിലൂടെ മാത്രമേ സാധ്യമാകൂ,” രേഖയിൽ പറയുന്നു.
യേശു ലോകജനതയുടെ രക്ഷകനായി മാറിയത് അവന്റെ ക്രൂശുമരണത്തിലൂടെയാണെന്നതാണ് സഭയുടെ വിശ്വാസം. “ആകാശത്തിൻ കീഴിൽ മനുഷ്യർക്കായി നല്കപ്പെട്ട മറ്റൊരു നാമമില്ല; രക്ഷയ്ക്കായി യേശുവിൽ മാത്രമേ അഭയം ഉള്ളൂ,” എന്ന് രേഖയിൽ ബൈബിള്‍ വചനങ്ങൾ ഉദ്ധരിക്കുന്നു.
മറിയയെ സഹരക്ഷകയായി കാണുന്നതിനെതിരെ സഭയ്ക്കുള്ളിൽ നേരത്തെ തന്നെ വിമർശനങ്ങൾ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുൻ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയ്ക്കും മറിയയെ സഹരക്ഷകയായി വിശേഷിപ്പിക്കുന്നതിൽ എതിർപ്പുണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പുതിയ പാപ്പയുടെ നിലപാടോടെ വർഷങ്ങളായി നിലനിന്നിരുന്ന ആഭ്യന്തര തർക്കങ്ങൾക്ക് ഇതോടെ സമാപനമാകുമെന്ന് സഭാവൃത്തങ്ങൾ പറയുന്നു.
