അമേരിക്കയിൽ കാർഗോ വിമാനം തകർന്നു; ഏഴ് മരണം.

ടേക്ക് ഓഫിനിടെ തീപിടിത്തം; നടുക്കുന്ന ദൃശ്യങ്ങൾ

ന്യൂയോർക്ക്: അമേരിക്കയിലെ ലൂയിസ്വില്ലെയിൽ നടന്ന കാർഗോ വിമാനാപകടത്തിൽ ഏഴ് പേർ മരിച്ചുവെന്ന് റിപ്പോർട്ട്. പ്രാദേശിക സമയം വൈകുന്നേരം 5.15ഓടെയാണ് മുഹമ്മദലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനം തീപിടിച്ചത്. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റതായി കെന്റക്കി ഗവർണർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുപിഎസിന്റെ മക്‌ഡൊണൽ ഡഗ്ലസ് എംഡി–11 മോഡൽ കാർഗോ വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവെന്നാണ് യുഎസ് ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്‌എഎ) സ്ഥിരീകരിച്ചത്. ഹോണോലുലുവിലേക്ക് പോകുകയായിരുന്നു ഫ്‌ളൈറ്റ് നമ്പർ 2976. പ്രാഥമിക വിവരങ്ങളാണ് ഇതുവരെ ലഭ്യമെന്നും കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നും എഫ്‌എഎ അറിയിച്ചു.

അപകടത്തിന്റെ നടുക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി പ്രതികരിച്ചു. “കെന്റക്കിയിൽ നിന്ന് പുറത്തുവരുന്ന ഹൃദയഭേദക ദൃശ്യങ്ങൾ,” എന്ന കുറിപ്പോടെയാണ് അദ്ദേഹം അപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്.

അപകടത്തിന്റെ കാരണം അന്വേഷിക്കാൻ എഫ്‌എഎയിലെയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിലെയും (എൻടിഎസ്ബി) ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് യുഎസ് ഗതാഗത വകുപ്പ് അറിയിച്ചു. അന്വേഷണത്തിന് എൻടിഎസ്ബി നേതൃത്വം നൽകും.

തങ്ങളുടെ വിമാനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടതെന്ന് യുപിഎസ് എയർലൈൻസും സ്ഥിരീകരിച്ചു. “വിശദവിവരങ്ങൾ ഉടൻ അറിയിക്കും,” എന്ന് എയർലൈൻ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. 1991-ൽ നിർമ്മിച്ച മക്‌ഡൊണൽ ഡഗ്ലസ് എംഡി–11 മോഡൽ വിമാനമാണ് തകർന്നത്.