വാഷിംഗ്ടൺ ∙ ന്യൂയോർക്ക് മേയർ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർട്ടിയുടെ സൊഹ്‌റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ ആരംഭം മുതൽ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ മംദാനി, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും തോൽപ്പിച്ചാണ് വിജയം ഉറപ്പിച്ചത്.
ന്യൂയോർക്ക് നഗരത്തിന്റെ 111-ാമത്തെ മേയറായി സ്ഥാനമേൽക്കുന്ന മംദാനി, നഗരത്തിന്റെ ചരിത്രത്തിൽ ആദ്യമായി മേയറാകുന്ന ഇന്ത്യൻ വംശജനും മുസ്ലീം മതവിഭാഗത്തിൽ നിന്നുള്ള ആദ്യ വ്യക്തിയുമാണ്. പ്രായപരിധിയിലും ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും പ്രായം കുറഞ്ഞ മേയറായി മംദാനി റെക്കോർഡ് കുറിക്കുന്നു.
പ്രശസ്ത ഇന്ത്യൻ സംവിധായിക മീരാ നായറിന്റെ മകനാണ് സൊഹ്‌റാൻ മംദാനി. തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരനായ മംദാനി, തുറന്ന മനസ്സോടെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രതിനിധീകരിക്കുന്നതിലും പ്രശസ്തനാണ്.
തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ തന്നെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മംദാനിക്കെതിരെ രംഗത്തെത്തിയിരുന്നു. “കമ്മ്യൂണിസ്റ്റ് മേയറെ തിരഞ്ഞെടുക്കുന്നത് ന്യൂയോർക്കിന് അപകടമാകും” എന്നും “മംദാനി വിജയിച്ചാൽ ഫെഡറൽ ഫണ്ടുകൾ വെട്ടിക്കുറയ്ക്കും” എന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും എല്ലാ പ്രവചനങ്ങളെയും മറികടന്ന് മംദാനിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു.
മംദാനിയുടെ നിലപാടുകൾ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഗുജറാത്ത് മുതൽ ഗാസ വരെയുള്ള വിഷയങ്ങളിൽ ഇടതുപക്ഷ രാഷ്ട്രീയ ചിന്തയിൽ ഉറച്ച് നിന്നാണ് അദ്ദേഹം അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.
മനുഷ്യാവകാശം, സാമ്രാജ്യത്വവിരുദ്ധത, കുടിയേറ്റക്കാരുടെയും തൊഴിലാളിവർഗ്ഗത്തിന്റെയും പുനരധിവാസം, LGBTQ+ അവകാശങ്ങൾ, ഇസ്രായേൽ–പലസ്തീൻ പ്രശ്നം, ഇന്ത്യയിലെ തീവ്രഹിന്ദുത്വ ദേശീയത, ആഗോള നീതി, കാലാവസ്ഥാ സമത്വം തുടങ്ങിയ വിഷയങ്ങളിൽ മംദാനിയുടെ നിലപാട് വ്യക്തമാണ്.
ന്യൂയോർക്ക് നഗരത്തിൽ വാടക നിയന്ത്രണം, സൗജന്യ ശിശു സംരക്ഷണം, സാമൂഹ്യനീതി ഉറപ്പിക്കുന്ന സാമ്പത്തിക പുനർവിതരണം തുടങ്ങിയ പരിഷ്കാരങ്ങൾ മുന്നോട്ടുവെക്കുമെന്നാണ് മംദാനിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.
