പറയേണ്ടിടത്ത് പറയണമായിരുന്നു.

ജോൺ കരമ്യാലിൽ

  സീറോ മലബാർ സഭ 2026 സമുദായ ശാക്തീകരണ വർഷമായിട്ട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ കോട്ടയം അതിരൂപത ഈ മാസം 2-)൦ തിയതി (2025 NOV 02) ഞായറാഴ്ച, 'ബന്ധങ്ങൾ വേർപെടാതെ' എന്ന ലേബലിൽ ക്നാനായ കത്തോലിക്ക സമുദായ കുടുംബ സമ്മേളനം നടത്തി; നല്ലത്. Dr. Sr. മേരി കളപ്പുരയുൾപ്പെടെ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സമുദായത്തിലെ അതുല്യ പ്രതിഭകളെ ജീവിച്ചിരിക്കെത്തന്നെ ആദരിച്ചത് ഏറെ ശ്ലാഖനീയമാണ്. ഈ സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യ പ്രഭാക്ഷകനായ കേരളത്തിന്റെ സഹകരണ തുറമുഖ ദേവസം വകുപ്പ് മന്ത്രി ശ്രീ T. N. വാസവൻ, കോട്ടയം M P ശ്രീ ഫ്രാൻസിസ് ജോർജ്ജ്, കോട്ടയം M L A ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യം മഹനീയവും, വരുടെ പ്രസംഗങ്ങൾ സത്യമായി ചരിത്രത്തെ വിശദീകരിക്കുന്നതുമായിരുന്നു. ഇവരുടെ സ്ഥാനത്ത് സീറോ മലബാർ മെത്രാന്മാരായിരുന്നുവെങ്കിൽ, വിവാഹം കെട്ടിക്കേറി നവദമ്പതികളെ എടുത്തുകൊണ്ട് 'നട' വിളിച്ചു ആനയിക്കുന്നതുപോലെ ഈ മെത്രാന്മാരെ കോട്ടയം പട്ടണത്തിലൂടെ ചുമന്നുകൊണ്ട് പോകേണ്ടി വരുമായിരുന്നു; അതിനു സംഗതിയാകാതിരുന്നത് ഈ സമ്മേളനത്തിനു മാറ്റ് കൂട്ടി. 

  ക്നാനായക്കാർക്ക് ചേരമാൻ പെരുമാളിൽനിന്നും ലഭിച്ച 72 പദവികൾ ഉൾപ്പെടെയുള്ള അധികാരവകാശങ്ങൾ പങ്കു വയ്ക്കുന്നതിനു കഴിഞ്ഞതും, ക്നാനായ പ്രേഷിത കുടിയേറ്റത്തെ അംഗീകരിക്കുവാൻ മടി കാണിക്കുന്നവരും, ക്നാനായക്കാർക്ക് ലഭിച്ച അവകാശങ്ങളെല്ലാം തങ്ങൾക്ക് ലഭിച്ചതാണന്നുമുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ ചരിത്രത്തെ തമ്സ്കരിക്കുന്നവരാണന്നു  ഈ സമ്മേളനത്തിലെ ആമുഖ സന്ദേശകനായ തോമസ് ആനിമൂട്ടിൽ അച്ചൻ പറഞ്ഞത് ശരിയാണ്. ഇപ്പറഞ്ഞത് പറയേണ്ടിയിരുന്നത് അങ്ങനെ അവകാശവാദം ഉന്നയിച്ച / ഉന്നയിച്ചുകൊണ്ടിരിക്കുന്ന വടക്കുംഭാഗ മെത്രാന്മാരോടായിരുന്നു. അവരുടെ അടുത്ത് ചെല്ലുമ്പോൾ പിന്നാമ്പുറത്തുനിന്നു കിട്ടുന്നത് മേടിച്ചുകൊണ്ടുവരാതെ, അർഹതപ്പെട്ടത്‌ അവകാശമായി വാങ്ങിച്ചെടുത്ത് അന്തസ്സായി തലയുയർത്തി ഉമ്മറത്തുകൂടി ഇറങ്ങിപ്പോരണം. പറയേണ്ടിടത്ത് പറയാത്തതും, പറയേണ്ടാത്തടത്തു പറയുന്നതും കൂടുമ്പോൾ രണ്ടു തെറ്റാണ്. ഈ സമ്മേളനത്തിൽ അങ്ങനെയൊരു വടക്കുംഭാഗ മെത്രാൻ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം ഇത് ഇങ്ങനെ പറയില്ലായിരുന്നു. ഇത് പുരയ്ക്കകത്ത് കയറി കതകടച്ച് പട്ടു പാടി കാണിക്കുന്നതുപോലെയായി. വിദേശത്തുള്ള മിഷനുകളിലും ഇടവകകളിലും അംഗത്വം എടുക്കുന്നതുവഴി കോട്ടയം അതിരൂപതയുടെ മാതൃ ഇടവകാഗംത്വം നഷ്ടപ്പെടില്ലായെന്നു ആനിമൂട്ടിലച്ചൻ പറഞ്ഞു. അപ്പോൾ ഒരാൾക്ക് രണ്ട് അപ്പന്മാർ!  ഒരാൾക്ക് രണ്ടപ്പന്മാരെന്ന കോൺസെപ്റ്റ്  (concept) എല്ലാവർക്കും ചേരില്ല. രണ്ട് അപ്പന്മാർ, രണ്ട് ഇടവകകൾ, രണ്ട് സഭകൾ, രണ്ട് മതങ്ങൾ, രണ്ട് ദൈവങ്ങൾ നല്ല പരിപാടിയാണ്; ഒരുവൻ തഴഞ്ഞാലും മറ്റൊരുത്തൻ ഉണ്ടല്ലൊ. ഒരാൾക്ക് രണ്ട് ഇടവകയുടെ ആവശ്യമില്ല. ഇവിടെ ഒന്നിനെ ഉപേക്ഷിച്ചേ മറ്റൊന്നിനെ സ്വീകരിക്കുവാനാകു. ഒരുവൻ ഉപേക്ഷിച്ചതും,  ഒരുവനെ  ഉപേക്ഷിച്ചതും തിരിച്ചുകിട്ടുക പ്രായോഗീകമല്ല. ആനിമൂട്ടിൽ അച്ചൻ പറഞ്ഞ മറ്റൊരു അവിഖ്യാതി സഭാധികാരികളെയും അവരുടെ ശിൽപന്തികളെയും മോശമായി ചിത്രീകരിച്ചും സത്യസന്ധമല്ലാത്ത കാര്യങ്ങൾ ഓൺലൈൻ മീഢിയ വഴി പ്രചരിപ്പിക്കുന്നവർ സമൂഹത്തിൽ അപഹാസ്യരായി തീരുന്നതിനൊപ്പം ക്നാനായ സമുദായത്തിനു അപമാനം ഉളവാക്കുകയും ചെയ്യുന്നുവെന്നു പറഞ്ഞു സ്വയമെ മിടുക്കനായി അവതരിപ്പിച്ചു. സത്യത്തിൽ ഇദ്ദേഹവും ഇദ്ദേഹത്തെപ്പോലുള്ളവരുമാണ് ക്നാനായ സമുദായത്തിനു അപമാനം. ഇതുപോലുള്ള ജന്മങ്ങളാണ് സമുദായത്തെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നത്. ഇവർക്ക് വിളിച്ചു കൂവുവാൻ പള്ളികളും, സമ്മേളനങ്ങൾ നടത്തി ഘോഷിക്കുവാൻ നേർച്ചപ്പണവും ഉണ്ട്. ഇവർ ഇങ്ങനെ നടത്തുന്ന അൾത്താരകളിലോ    വേദികളിലോ അവസരം കൊടുത്താൽ ഓൺലൈൻ മീഢിയ വഴിയല്ലാതെ നേരിട്ടു പറയും. കള്ളം പറയുന്നതുകൊണ്ടും    പ്രവർത്തിക്കുന്നതുകൊണ്ടുമാണ് ഇക്കൂട്ടർ ഓൺലൈൻ മീഡീയായെ ഭയക്കുന്നത്. ഓൺലൈൻ മീഢിയ ബൈബിളിന്റെയോ ദൈവത്തിന്റെയോ കണ്ടുപിടിത്തമോ സൃഷ്ടിയോ അല്ല;  മനുഷ്യസൃഷ്ടിയാണ്. സഭയിലെ ഈ ദൈവങ്ങളും മീഢിയ കമ്മീഷനുമെല്ലാം ഈ ഓൺലൈൻ മീഡിയ ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഈ ദൈവങ്ങളായ അച്ചന്മാർ അതുപയോഗിക്കരുതെന്ന് വിശ്വാസികളോടു പറയുവാൻ അവർക്കവകാശമില്ല. അതുപോലെ സത്യസന്ധമല്ലാത്ത കാര്യങ്ങൾ എന്നല്ലാതെ, സത്യസന്ധമല്ലാത്തത് എന്താണന്ന് ഈ ആൾ പറഞ്ഞില്ല; പറയുകയില്ല; പറയുവാനില്ല. 

    അഭിപ്രായ വ്യത്യാസങ്ങൾ കൈവെടിഞ്ഞു ഒരിടയന്റെ കീഴിൽ ഒരുമിച്ചുനിന്നു ആവശ്യങ്ങൾ നേടിയെടുക്കുവാൻ ലോകമെമ്പാടുമുള്ള ക്നാനായ കത്തോലിക്കർ ഒറ്റക്കെട്ടായി നിൽക്കണമെന്ന് താക്കീത് ചെയ്തു ഈ തോമസച്ചൻ. ഈ താക്കീത് തന്നവനും കേട്ടവരും മനസ്സിലാക്കേണ്ട ഒരേയൊരു വസ്തുത,  ഈ കുറ്റപ്പെടുത്തപ്പെട്ടവരിൽ ഒരാൾപോലും കോട്ടയം മെത്രാനോ, രൂപതയ്‌ക്കോ, ദൈവത്തിനോ എതിരായി പറഞ്ഞിട്ടില്ല. എല്ലാവരും കോട്ടയം മെത്രാന്റെ അജപാലനാധികാരത്തിൽ വരണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ ഈ കോട്ടയം മെത്രാന്മാരും, ഈ അച്ചനെപ്പോലുള്ളവരും കേരളത്തിനു വെളിയിലുള്ള ക്നാനായ കത്തോലിക്കരെ അധകൃത വർഗ്ഗക്കാരായിക്കണ്ടു അവരെ കോട്ടയം രൂപതയിൽനിന്നും തഴഞ്ഞു ഉപേക്ഷിച്ചു ഇറക്കിവിടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന പാവം ക്നാനായ വൈദികരെ വടക്കുംഭാഗ മെത്രാന്മാരുടെ അടിമത്വത്തിൽനിന്നും മോചിപ്പിച്ചു സ്വന്തം രൂപതയോടും ജനത്തോടും ചേർത്തുനിർത്തണം. ആനിമൂട്ടിലച്ചൻ പറഞ്ഞു 'കൂടുതൽ മക്കളുണ്ടാകണ'മെന്നു. ഉള്ള മക്കളെ തെരുവിൽ കളഞ്ഞിട്ട് കൂടുതൽ മക്കളുണ്ടാകണമെന്ന് പറയുവാൻ ഇതാണോ ഇദ്ദേഹത്തിന്റെ ആത്മീയപണിയെന്നു ശങ്കിക്കുന്നു. കൂടുതൽ ആൾബലം ഉണ്ടായി ദൈവത്തിന്റെ മുമ്പിൽ സമരം ചെയ്തും, കായികശക്തി ഉപയോഗിച്ചുമാണ് സ്വർഗം നേടേണ്ടതെങ്കിൽ 'പത്തുമൊരേഴു' മെന്ന പത്തു കൽപനകളും ഏഴു കൂദാശകളും സംരക്ഷിക്കേണ്ടതുമില്ല, അവയെപ്പറ്റി ചിന്തിക്കേണ്ടതുമില്ല. ഇവിടെ എണ്ണത്തിനല്ല, ഗുണത്തിനാണ് കാര്യം. ഈ ഗുണഗണങ്ങളെപ്പറ്റിയാണ് ചിന്തിക്കേണ്ടതും സംരക്ഷിക്കപ്പെടേണ്ടതും. മെത്രാന്മാരും അച്ചന്മാരും നല്ല നിർദേശങ്ങളാണ് തരുന്നതെന്നു തോന്നും. എന്നാൽ ഇവരിൽ ബഹുഭൂരിപക്ഷവും അവരുടെ ആവശ്യങ്ങളാണ് നിർദേശങ്ങളായി പറയുന്നതും പറയിപ്പിക്കുന്നതും. 

ജോൺ കരമ്യാലിൽ
John Karamyalil
Chicago