അരൂരില്‍ നിര്‍മാണത്തിലിരുന്ന ആകാശപാതയുടെ ഗര്‍ഡറുകള്‍ തകര്‍ന്നു വീണ് പിക്കപ്പ് ഡ്രൈവര്‍ മരിച്ചു.

അപകടത്തെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നു

അരൂര്‍ ∙ നിര്‍മാണത്തിലിരുന്ന അരൂര്‍–തുറവൂര്‍ ഉയരപ്പാതയിലെ ഗര്‍ഡറുകള്‍ തകര്‍ന്ന് വീണ അപകടത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശി രാജേഷ് (വയസ്സ് വ്യക്തമല്ല) ആണ് മരിച്ചത്.

പുലര്‍ച്ചെ രണ്ടരയോടെ അരൂര്‍ തുറവൂര്‍ ഭാഗത്ത് പണിപുരോഗമിക്കുന്ന സെക്ഷനിലാണ് ദുരന്തം നടന്നത്. ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെയാണ് രണ്ട് ഗര്‍ഡറുകള്‍ പെട്ടെന്ന് തകര്‍ന്ന് താഴെ വീണത്. പിക്കപ്പിന്റെ മുകളിലേക്ക് ഗര്‍ഡര്‍ വീണ് വാഹനം പൂർണമായും തകര്‍ന്നു. മുട്ട കയറ്റിയ വാനായിരുന്നു അപകടത്തില്‍പെട്ടത്.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതം നിലച്ചു. വാഹനങ്ങള്‍ ചേർത്തല എക്സറേ ജംഗ്ഷന്‍–പൂച്ചാക്കല്‍ വഴിയും ആലപ്പുഴ ഭാഗത്തേക്ക് അരൂക്കുറ്റി വഴിയും തിരിച്ചുവിടുന്നു.

അപകടസ്ഥലത്ത് പോലീസ്, ഫയര്‍ഫോഴ്‌സ്, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ അടക്കം രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.