സൗദിയിൽ ഉംറ തീർത്ഥാടകരുടെ ബസ് കത്തിയമർന്നു; 42 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം.

റിയാദ് ∙ ഉംറ തീർത്ഥാടനം പൂർത്തിയാക്കി മക്കയിൽ നിന്ന് മദീനയിലേക്കു മടങ്ങുകയായിരുന്ന ഇന്ത്യക്കാരുടെ ബസ് സൗദിയിൽ ഉണ്ടായ ഭീകരാപകടത്തിൽ കത്തിയമർന്നു. 42 തീർത്ഥാടകർ മരിച്ചു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. മരിച്ചവരിൽ ഭൂരിപക്ഷവും ഹൈദരാബാദ് സ്വദേശികളാണെന്നാണ് സൂചന.

മദീനയിൽ നിന്ന് ഏകദേശം 160 കിമീ അകലെയുള്ള മുഫ്രിഹത്ത് പ്രദേശത്താണ് തിങ്കളാഴ്ച പുലർച്ചെ 1.30ഓടെ അപകടം. ബസ് ഡീസൽ ടാങ്കറുമായി ഇടിച്ച പിന്നാലെ പെട്ടെന്ന് തീപിടിച്ചെന്നാണ് റിപ്പോർട്ട്. അപകടസമയം ബസിൽ ഏകദേശം 20 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടെ 43 പേർ ഉണ്ടായിരുന്നതായി പറയുന്നു. യാത്രക്കാരിൽ പലരും ഉറക്കത്തിലായിരുന്നു.

തീപിടിത്തം അതിവേഗം പടർന്നതിനാൽ രക്ഷപെടാൻ പലർക്കും കഴിഞ്ഞില്ലെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. ബസ് പൂർണ്ണമായും കത്തിനശിച്ചതോടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നത് വലിയ വെല്ലുവിളിയായിട്ടുണ്ട്. ഒരാൾക്ക് മാത്രമാണ് ജീവനോടെ രക്ഷപ്പെടാനായത് എന്നാണ് വിവരം, എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

അപകടത്തെത്തുടർന്ന് സൗദി സിവിൽ ഡിഫൻസ്, പൊലീസ് എന്നിവരും തുടർന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനങ്ങളും വിവരശേഖരണവും പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ബന്ധുക്കളുമായി ബന്ധപ്പെടാൻ ഔദ്യോഗികർ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഹൈദരാബാദിലെ മരിച്ചവരുടെ കുടുംബങ്ങൾ വാർത്ത അറിഞ്ഞതോടെ ഞെട്ടലിലാണ്. കൂടുതൽ വിവരങ്ങൾക്കായി എംബസിയെയും യാത്രാ ഏജൻസികളെയും സമീപിച്ച്‌ നിരവധി കുടുംബങ്ങൾ പരിശ്രമിക്കുകയാണ്.

അപകടത്തിന്റെ കാരണം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പുറത്തുവരാനുണ്ട്.