റഷ്യ–ഉക്രെയിൻ യുദ്ധം അവസാനിക്കുവാൻ; ധാരണയിലെത്തിയെന്ന് സെലെൻസ്കി, സ്ഥിരീകരണവുമായി ട്രംപും
വാഷിങ്ടൺ ∙ മൂന്ന് വർഷത്തിലധികമായി നീളുന്ന റഷ്യ–ഉക്രെയിൻ യുദ്ധത്തിന് വിരാമമാകാൻ സാധ്യത. സമാധാന ധാരണയിൽ പുരോഗതി ഉണ്ടെന്ന് ഉക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സൂചന നൽകി. ഈ വിവരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്ഥിരീകരിച്ചു.
അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാർ ഉക്രെയിൻ താത്പര്യത്തോടെ പരിഗണിച്ചിട്ടുണ്ടെന്നും കരാറിന്റെ നടപ്പാക്കൽ സംബന്ധിച്ച് ട്രംപിന്റെ ദൂതനായ സ്റ്റീവ് വിറ്റ്കോഫ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി ചർച്ച നടത്തുമെന്നും ട്രംപ് അറിയിച്ചു. ഇരു രാജ്യങ്ങളുടെയും നിലപാടുകൾ പരിഗണിച്ചായിരിക്കും അന്തിമ കരാർ.
ട്രംപ് നിർദേശിച്ച 28 പോയിന്റ് സമാധാന രോഡ്‌മാപ്പ് പ്രകാരം, ഉക്രെയിൻ ചില പ്രദേശങ്ങൾ റഷ്യക്ക് വിട്ടുനൽകേണ്ടി വരും. അതോടൊപ്പം സൈനിക നിയന്ത്രണങ്ങൾ അംഗീകരിക്കേണ്ടതും നാറ്റോ അംഗത്വം പൂർണ്ണമായും ഉപേക്ഷിക്കേണ്ടതുമുണ്ടാകും.
സെലെൻസ്കി അമേരിക്കൻ സമാധാന നിർദേശം അംഗീകരിച്ചെങ്കിലും, കീവിന്റെ സുരക്ഷാ ഗ്യാരണ്ടികൾക്കും കിഴക്കൻ മേഖലകളിലെ തർക്കഭൂമികളുടെ ഭാവി നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇപ്പോഴും നിർണായക പ്രശ്നങ്ങളായി തുടരുകയാണ്. ഇതുവരെ കീഴടങ്ങലിന് തുല്യമെന്നായിരുന്നു ഉക്രെയിൻ ഈ വ്യവസ്ഥകളെ വിശേഷിപ്പിച്ചിരുന്നത്.
അമേരിക്ക, ഉക്രെയിൻ, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രതിനിധികൾ ജനീവയിൽ നടത്തിയ ചർച്ചകളിൽ പല നിർണായക വിഷയങ്ങളിലും പുരോഗതിയുണ്ടായതായി ഉക്രെയിൻ ദേശീയ സുരക്ഷാ സെക്രട്ടറി റുസ്തം ഉമറോവ് അറിയിച്ചു. റഷ്യയും അനുകൂല നിലപാട് സ്വീകരിക്കുന്ന പക്ഷം യുദ്ധം അവസാനിക്കുന്നതിനുള്ള വഴി തെളിയുമെന്ന് വിലയിരുത്തപ്പെടുന്നു.
