19 രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം മരവിപ്പിച്ചിട്ട് ട്രംപ്; പൗരത്വചടങ്ങുകള്‍ കൂടി റദ്ദാക്കി.

വാഷിങ്ടണ്‍: രാജ്യസുരക്ഷാ ഭീഷണിയെ ചൂണ്ടിക്കാട്ടി 19 രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ചു. രാജ്യത്തുടനീളമുള്ള പൗരത്വ വിതരണച്ചടങ്ങുകളും നിര്‍ത്തിവെക്കാന്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന് (DHS) നിര്‍ദേശം നല്‍കി.

വൈറ്റ് ഹൗസിന് സമീപം അഫ്ഗാന്‍ പൗരന്‍ നാഷണല്‍ ഗാര്‍ഡ് സേനയ്‌ക്കെതിരെ വെടിയുതിര്‍ത്ത സംഭവം കടുത്ത രാഷ്ട്രീയ ചൂടേകിയിരുന്നു. ഒരു സേനാംഗം കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ ആക്രമണമാണ് നടപടികള്‍ക്ക് പിന്നിലെ പ്രധാന കാരണം എന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളിലെ പൗരന്മാര്‍ക്കാണ് പുതിയ നിയന്ത്രണം ബാധകമാക്കിയത്. യുഎസിലേക്ക് എത്താന്‍ ശ്രമിക്കുന്ന എല്ലാവരെയും കൂടുതല്‍ കര്‍ശനമായ പശ്ചാത്തല പരിശോധനകള്‍ക്ക് വിധേയരാക്കുമെന്നും DHS മെമ്മോ വ്യക്തമാക്കുന്നു.

ഇടക്കാല മരവിപ്പിക്കല്‍ 15 ലക്ഷം പേരോളം ഉള്‍പ്പെട്ട അഭയാര്‍ഥി അപേക്ഷകളെയും ബൈഡന്‍ ഭരണകൂടത്തില്‍ അഭയം ലഭിച്ച 50,000-ത്തിലധികം ആളുകളെയും ബാധിച്ചേക്കാമെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.