ചിക്കാഗോ സോഷ്യൽ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരത്തിൽരാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുഖ്യാതിഥി

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ് നേതൃത്വം നല്കുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും നവംബർ 20-ന് നടന്ന പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ ആദ്യത്തെ അമേരിക്കൻ സന്ദർശനമാണിത്.
നിലവിൽ കേരളാ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ടായ രാഹുൽ മാങ്കൂട്ടത്തിൽ കോളജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ 2006-ൽ കെ.എസ്.യുവിൽ അംഗമായതോടെയാണ് രാഷ്ട്രീയജീവിതം ആരംഭിച്ചത്. അടൂർ തപോവൻ സ്‌കൂൾ, പന്തളം സെന്റ് ജോൺസ് പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ബിരുദവും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഇപ്പോൾ കോട്ടയം എം.ജി. യൂണിവേഴ്‌സിറ്റിയിൽ ഗവേഷക വിദ്യാർത്ഥിയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
ഓഗസ്റ്റ് 31-ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ മത്സരം ആരംഭിക്കും. 5 മണിക്ക് മത്സരങ്ങൾ അവസാനിക്കും. 5 മണി മുതൽ രാത്രി 10 മണി വരെ വൈവിദ്ധ്യമാർന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കുവാനുള്ള ‘ഇന്ത്യ ഫുഡ് ടേസ്റ്റ്’ നടത്തപ്പെടും. 7 മണി മുതൽ 10 മണി വരെ അഫ്‌സലിന്റെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറും. ഈ വർഷം പുതിയ സ്ഥലത്താണ് വടംവലി മത്സരം നടക്കുക വിശാലവും വിപുലവുമായ പാർക്കിംഗ് സൗകര്യങ്ങളുള്ള മോർട്ടൻ ഗ്രോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയം കാണികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും. ഇരുപതിൽപ്പരം ടീമുകളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കൃത്യനിഷ്ഠയോടെ ഈ വർഷത്തെ മത്സരങ്ങൾ നടത്തപ്പെടുന്നതാണ്.

ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു. പുതിയ അഡ്രസ് ശ്രദ്ധിക്കുക:
MORTON GROVE PARK DISTRICT STADIUM
6834 DEMPSTER ST, MORTON GROVE,
ILLINOIS 60053.