തെക്കുംഭാഗൻ – ഒരു പൈതൃകത്തിന്റെ ചരിത്രസാക്ഷ്യം

ചരിത്രപരവും സാംസ്കാരികപരവും ആയ പരിശോധന.

“തെക്കുംഭാഗൻ” എന്നത് ഒരു നാമം മാത്രമല്ല – അത്ഭുതകരമായ ഒരു സാംസ്കാരിക ചരിത്രത്തിന്റെ അതുല്യ പ്രതീകവുമാണ്. കേരളത്തിൽ ഇപ്പോൾ ക്നാനായ സമുദായം എന്നറിയപ്പെടുന്ന ഈ വിഭാഗം, ആധുനികതയുടെ പശ്ചാത്തലത്തിൽ പോലും അവരുടെ യഹൂദ-ക്രൈസ്തവ ആചാരങ്ങളും, പൈതൃകവും, കൽദായ പാരമ്പര്യവും അതേപടി സംരക്ഷിച്ചുകൊണ്ടാണ് ജീവിക്കുന്നത്. അതിലൂടെ, തെക്കുംഭാഗൻ ഒരു വിഭിന്നമായ സംസ്കാരത്തിന്റെ ദ്രുഢമായ തുടർച്ചയായി മാറുന്നു.

മൂലവേരുകൾ: ബൈബിളും ചരിത്രവും

ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ (12, 13, 20, 24) അധ്യായങ്ങളിൽ പ്രതിപാദിക്കുന്ന അബ്രാഹാമിന്റെ യാത്രകളും തെക്കുഭാഗം ദേശങ്ങളിലുള്ള വാസവും. ഈ സമുദായത്തിന്റെ ഉത്ഭവസൂചനകളായി കണക്കാക്കപ്പെടുന്നു. ചരിത്രകാരനായ, ശ്രീ ജോസഫ് ചാഴികാടന്റെ കൃത്യമായ ഗവേഷണ ങ്ങൾക്കനുസരിച്ച്, യാക്കോബിന്റെ 12 ഗോത്രങ്ങളുടെ തറവാടുകളാണ് ഈ തെക്കുഭാഗത്തുള്ള ദേശങ്ങൾ. ഇവരുടെ വംശപരമ്പരയാണ്, പിന്നീട് ഭാരതത്തിലെ ത്തിയ തെക്കുംഭാഗൻ അഥവാ ക്നാനായക്കാർ.

ക്രിസ്തുവിനു ശേഷം 345-ൽ, ക്നായി തോമയുടെ നേതൃത്വത്തിൽ 72 കുടുംബങ്ങൾ ഏഴു ഗോത്രങ്ങളെ പ്രതിനിധീകരിച്ച് കേരളത്തിലെത്തിയത്, യഹൂദ ക്രൈസ്തവ പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാർ. റോമൻ സാമ്രാജ്യത്തിലെ അസ്ഥിരതയും, ഇന്ത്യൻ മഹാസമുദ്രത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിനുള്ള അത്യന്താപേക്ഷിതതയും, ഈ കുടിയേറ്റത്തിൻ്റെ മറ്റൊരു കാരണം കൂടിയാണ്.

ആധിപത്യമുള്ള ഒരു വ്യാപാരസമൂഹം

കൊടുങ്ങല്ലൂരിൽ തങ്ങളുടെ വ്യാപാര അടിസ്ഥാനം സ്ഥാപിച്ച ഈ സമൂഹം, കുരുമുളകിന്റെയും, മറ്റ് സുഗന്ധ ദ്രവ്യങ്ങളുടെയും, വ്യാപാരത്തിലൂടെ സാമ്പത്തിക സ്വാധീനം നേടിയെടുത്തു. നാടിന്റെ ഭരണകൂടത്തോട് അടുത്ത് നിന്നു പ്രവർത്തിച്ച ഇവർ, സാമൂഹിക, രാഷ്ട്രീയ പരിസരങ്ങളിലും തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചു. സംവൃദ്ധമായ കൽദായ പാരമ്പര്യവും അതിനോട് ചേർന്ന ആചാരപരമായ ശുദ്ധതയും, ഇവരെ മറ്റുള്ളതിൽ നിന്നും വ്യത്യസ്തരാക്കുന്നു.

ആത്മീയതയുടെ ആധാരമായി കോട്ടയം രൂപത

1911-ൽ രൂപീകരിക്കപ്പെട്ട കോട്ടയം രൂപത, തെക്കുംഭാഗ ജനസമൂഹത്തിന്റെ ആത്മീയ ആവശ്യമനുസരിച്ചുള്ള ഔദ്യോഗിക രൂപതയാണ്. സമുദായപരമായ വ്യത്യസ്തതകളെ മാനിച്ചുകൊണ്ടാണ് ഈ പ്രത്യേക രൂപതയുടെ രൂപീകരണം. വൈദിക സഭയുടെ അംഗീകാരം ലഭിച്ച ഈ രൂപത, വടക്കുംഭാഗ സമുദായവുമായി നിലനിന്നിരുന്ന, വിവാഹപരമായ അകൽച്ചകളിൽ നിന്നും സംയമനം പ്രാപിക്കാനും വേണ്ടിയായിരുന്നു.

പാരമ്പര്യ ആചാരങ്ങൾ – വിവാഹവും ജീവിതശൈലിയും.

വിവാഹരീതികളും ആചാരങ്ങളും തെക്കുംഭാഗ സമൂഹത്തിൽ വളരെ മഹത്വപ്പെട്ടവയാണ്. താലികെട്ട്, ചന്തംചാർത്ത്, മൈലാഞ്ചി ഇടൽ, കച്ചതഴുകൽ തുടങ്ങിയ ആചാരങ്ങൾ, തനതായ ആധികാരികതയോടെ പിന്തുടർന്ന് കൊണ്ടിരിക്കുന്നു. വസ്ത്രധാരണരീതി മുതൽ ഭക്ഷണശൈലി വരെയുള്ള എല്ലാ മേഖലകളിലും, ഈ സമൂഹത്തിന്റെ സാംസ്കാരിക തനിമ പ്രകാശിക്കുന്നു.

നൂതന കാലഘട്ടത്തിൽ, തെക്കുംഭാഗസമൂഹം, മറ്റ് സമൂഹങ്ങളുടെ വലിയ ചോദ്യം ചെയ്യലുകൾക്കും, സംശയങ്ങൾക്കും വിധേയമാകുന്നു. സമുദായ പരിധികളിൽ നിന്നും പുറത്തുപോയ ബന്ധങ്ങൾ വടക്കും ഭാഗമായി കണക്കാക്കപ്പെടുന്നു. ഈ ആത്മ പരിശുദ്ധതയും പൈതൃക സംരക്ഷണവുമാണ് തെക്കുംഭാഗന്റെ ആത്മാവ്.

പ്രശസ്തനായ ഫാ. ജോസ് ചാഴികാടൻ അതിവിശദമായി പറയുന്നു:

“മറ്റുള്ളവർ ആദരവോടെ കാണുന്ന കുലീനത തന്നെയാണ് ക്നാനായ സമുദായത്തിന്റെ യാഥാർത്ഥ പാരമ്പര്യവും തനിമയും.”

പൈതൃക സംരക്ഷണത്തിനുള്ള ആഹ്വാനം

തെക്കുംഭാഗൻ എന്നത് വെറും ഒരു സംസ്കാരമല്ല, ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനതയുടെ പിന്തുടർച്ചക്കാരാണ്. ലോകമെമ്പാടുമുള്ള ക്നാനായകാർ തങ്ങളുടെ പൈതൃകത്തെയും വിശ്വാസത്തെയും അതേപടി നിലനിർത്താനുള്ള തീവ്രതശ്രമങ്ങളിലാണ്. ഈ സമുദായത്തിന്റെ തനിമയും, ആചാരങ്ങളും, രൂപതയും. സംരക്ഷിക്കപ്പെടേണ്ടത് സ്വന്തം ഉത്തരവാദിത്വ മായി ഓരോ സമുദായ അംഗവും ഏറ്റെടുക്കേണ്ടതാണ്.

തെക്കുംഭാഗൻ – ഒരു സംസ്കാരത്തിന്റെ നിലനിൽപ്പ്, അഭിമാനത്തിന്റെ അടയാളം.
അതിനെ ആദരിക്കുക. അതിനെ സംരക്ഷിക്കുക.