ബിജി മാംക്കൂട്ടത്തിൽ
ജെറുസലേം, ദേവാലയത്തിന്റെ പുനർനിർമ്മാണം, അതോടൊപ്പം യഹൂദ ജനതയുടെ വംശപരമ്പര്യ ചിന്തയുടെ താളിൽ നിത്യമായി നാടോടിയാകുന്ന ഒരു സാമൂഹിക ചരിത്രമാണ് തെക്കുംഭാഗൻ, അഥവാ ക്നാനായ സമൂഹത്തിനുള്ളത്.
പഴയ നിയമ ചരിത്രത്തിലെ നിർണായക ഘടകമായി ജെറുസലേം ദേവാലയത്തിന്റെ പുനർനിർമ്മാണം മാറുമ്പോൾ, അതിന്റെ പശ്ചാത്തലത്തിൽ സൃഷ്ടിക്കപ്പെട്ട സാമൂഹിക-മതപരമായ പാരമ്പര്യചിന്തകൾ ഇന്നും തെക്കുംഭാഗൻ തൻ്റെ സമൂഹത്തിൽ പ്രതിഫലിപ്പിക്കുന്നു.
പുനർനിർമാണത്തിന്റെയും, തിരിച്ചുവരവിന്റെ യും നാളുകൾ.
ബാബിലോണിയ അധീനതയ്ക്കുശേഷം, പെർഷ്യൻ ചക്രവർത്തിയായ സൈറസ് യഹൂദരെ തടവിൽനിന്ന് മോചിപ്പിച്ച് ജെറുസലേം മിലേക്ക് തിരിച്ചു പോകാൻ അനുമതി നൽകുമ്പോൾ (എസ്രാ 1:2), അവരിൽ തിരിച്ചുവരാനുതകുന്നവരെ നിർണ്ണയിക്കേണ്ട തായിരുന്നു. അതിനുവേണ്ടി വംശാവലി ഒരു നിർണായക മാനദണ്ഡമായി മാറി. യഥാർത്ഥ യഹൂദരല്ലാത്തവർക്ക് ദേവാലയ നിർമ്മാണത്തിൽ പങ്കാളിത്തം അനുവദിക്കപ്പെട്ടില്ല; വംശപരമായ തെളിവില്ലാത്തവർക്ക് പുരോഹിതസ്ഥാനവും നിഷേധിക്കപ്പെട്ടു (എസ്രാ 2:55–62).
ഇതോടൊപ്പം, അന്യജാതിയുമായുള്ള വിവാഹങ്ങൾ പ്രതിബന്ധിതമാകുകയും, സമൂഹത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു. പുരോഹിതരും ലേവ്യരും ഉൾപ്പെടെ ഈ രീതികളിൽ കർശനമായി പരിശോധിച്ചിരുന്നു. (എസ്രാ 10:1–5). ഇതിലൂടെ, ദൈവിക അവകാശങ്ങൾ ശുദ്ധതയും, തനിമയും വംശീയതയും എന്ന നിലയിൽ പരിമിതി പെടുത്തി.
മലങ്കരയിലെ ക്നായാ കുടിയേറ്റം: ഒരേ പാരമ്പര്യചിന്തയുടെ തുടർച്ച
ഈ പാരമ്പര്യചിന്തയുടെ തുടർച്ചയായാണ് ക്നായിത്തൊമ്മൻ്റെ നേതൃത്വത്തിൽ എ.ഡി. 345-ൽ നടന്ന മലങ്കരയിലേക്കുള്ള തെക്കുംഭാഗൻ അഥവാ ക്നാനായരുടെ കുടിയേറ്റം വിലയിരുത്തപ്പെടുന്നത്. യഹൂദ ചിന്താധാരയുടെ അത്രത്തോളം ശക്തമായ ഒരവലോകനമാകുകയാണ്, ഇവർ ആചരിച്ചുപോരുന്ന സമൂഹഘടനയും വിവാഹരീതിയും.
വംശീയ ശുദ്ധതയ്ക്കും മതപരമായ ആത്മീയതയ്ക്കുമുള്ള ഈ നിശ്ചയദാർഢ്യം മൂലം, ക്നാനായ സമൂഹം മലബാറിൽ തങ്ങളുടെ ഇടം കണ്ടെത്തി – പുതിയ ദേവാലയങ്ങൾ പണിതു, പാരമ്പര്യമായ ആരാധനാരീതികൾ സ്ഥാപിച്ചു, സാമൂഹിക അടിത്തറ കെട്ടിപ്പടുത്തു.
പഴയ ദേവാലയവും ക്നാനായ പള്ളികളും: സമാനതകൾ
സോളമന്റെ കാലത്തെ ആദ്യ ദേവാലയത്തിന് ദൈവികമായ പരിഗണന ലഭിച്ചില്ലെന്ന് ചിലരെങ്കിലും കണക്കാക്കുന്നു. എന്നാൽ രണ്ടാം ദേവാലയം യഹൂദ സമൂഹത്തിന് ആത്മീയ ഐക്യത്തിന്റെ കേന്ദ്രമായി മാറി. അതുപോലെ, ക്നാനായരുടെ പള്ളികളും ആത്മീയത, ഐക്യം, സാമൂഹിക നിയന്ത്രണം എന്നിവയുടെ കേന്ദ്രമായി മാറി.
ആധുനിക പ്രസക്തി: പാരമ്പര്യത്തിന്റെയും ഇടവകാധികാരത്തിന്റെയും വീക്ഷണങ്ങൾ
ഇന്ന് ക്നാനായ സമൂഹത്തിനുള്ളിൽ വംശീയത, ആത്മീയ പാരമ്പര്യം, സഭയിലെ അധികാര നിലകൾ എന്നിവയെക്കുറിച്ചുള്ള സംവാദങ്ങൾ ശക്തമാണ്. പഴയ നിയമത്തിൽ ലേവ്യർക്കായിരുന്നു പ്രഭുത്വം ആരാധനാലയത്തിൽ; ഭരണാധികാരം, നേതൃത്വം, സാമൂഹിക പങ്കാളിത്തം മറ്റു ഗോത്രങ്ങൾക്ക് നൽകപ്പെട്ടിരുന്നു. അതുപോലെ, ഇന്നത്തെ ക്നാനായ സമൂഹത്തിലും പദവിയും പങ്കാളിത്തവുമെല്ലാം തുല്യതയും ഉത്തരവാദിത്തവുമുള്ള രീതിയിൽ പരിഗണിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
തെക്കുംഭാഗൻ അഥവാ ക്നാനായ സമൂഹം വംശീയതയും വിശ്വാസപരമ്പരയും സംയോജിപ്പിച്ച ആത്മീയതയുടെ അടിത്തറയിൽ വികസിച്ചു. അത് ദേശപരമായ അതിരുകൾ കവിഞ്ഞ്, ആധുനിക സമൂഹത്തിൽ ആത്മീയ ഐക്യത്തിന്റെയും സമൂഹപുനർഘടനയുടെയും ഒരു മാതൃകയായി മാറുമ്പോഴും, തങ്ങളുടെ വംശീയതയും പാരമ്പര്യവും വിശ്വാസവും മുറുകെപ്പിടിച്ചു കൊണ്ടു തന്നെയാണ് ഈ സമൂഹത്തിൻ്റെ പ്രയാണം.
എസ്രായിൽ ആരംഭിച്ച ആ ദൈവിക യാത്ര, ഇന്നും ക്നാനായ സമൂഹത്തിന്റെ ആത്മാവിൽ തുടിക്കുന്നു — ഒരു ജീവിതദർശനമായും ഒരു കൂട്ടായ സംവേദനമായും.
