കെട്ടുകഥകൾ സീറോ മലബാർ ചരിത്രമാകുമ്പോൾ.

സീറോ മലബാർ സഭയുടെ അഞ്ചാമത് മേജർ ആക്കിഎപ്പിസ്കോപ്പൽ അസംബ്ലിയോട് അനുബന്ധിച്ച് (ഓഗസ്റ്റ് 22 -25)ദീപിക പത്രത്തിൽ വളരെ വിപുലമായ വിവരണങ്ങളാണ് കൊടുക്കുന്നത്. 2024 ഓഗസ്റ്റ് 22 വ്യാഴാഴ്ച “അവിസ്മരണീയ ദിനങ്ങൾ” എന്ന തലക്കെട്ടിൽ ചില സംഭവങ്ങൾ ദിവസവും വർഷവും ചേർത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് തുടങ്ങുന്നതിങ്ങനെ:

എഡി: 52. നവംബർ 21 ഈശോമിശിഹായുടെ 12 ശ്ലീഹന്മാരിൽ ഒരാളായ മാർത്തോമ്മാ ശ്ലീഹാ കേരളത്തിൽ വന്ന് സുവിശേഷ പ്രസംഗം നടത്തി ക്രൈസ്തവ സഭയ്ക്ക് ബീജാവാപം ചെയ്തു. കേരളത്തിൽ ശ്ലീഹാ സ്ഥാപിച്ച പ്രധാന പള്ളികൾ, കൊടുങ്ങല്ലൂർ, പാലയൂർ, പറവൂർ, കോട്ടക്കാവ്, കോക്കമംഗലം, നിലക്കൽ, നിരണം, കൊല്ലം.

  1. ജൂലൈ 3 തോമാശ്ലീഹാ മൈലാപൂരിലെ ചിന്നമലയിൽ രക്തസാക്ഷിത്വം വഹിച്ചു മൈലാപൂരിൽ സംസ്കരിക്കപ്പെട്ടു ഈ ദിവസത്തെ ദുക്റാന എന്ന് വിളിക്കുന്നു.
  2. അലക്സാണ്ട്രിയാ യിൽ നിന്ന് മാർ പന്തേനോസ് ക്രിസ്ത്യാനികളെ സഹായിക്കാൻ കേരളത്തിൽ വന്നു.
  3. നിഖ്യായിലെ പൊതുസുന്നഹദോസിൽ ഇന്ത്യയുടെ മെത്രാപ്പോലീത്തയായ മാർ യോഹന്നാൻ സംബന്ധിച്ചു. 345. ക്നായിത്തോമ്മാ കൊടുങ്ങല്ലൂരിൽ വന്നു. ഈ ആണ്ടിന് മലയാളത്തിലെ അക്ഷര കണക്കിൽ ശോ വാ ല (3-4-5) എന്നാണു പറയുന്നത്.
  4. അങ്കമാലി അതിരൂപത സ്ഥാപനം.
  5. അവസാനത്തെ വിദേശ സുറിയാനി മെത്രാപ്പോലീത്തയായ മാർ അബ്രഹാമിന്റെ മരണം. അങ്കമാലിയിൽ വിശുദ്ധ ഉറുമീസിന്റെ പള്ളിയിൽ സംസ്കരിക്കപ്പെട്ടു……… തോമാശ്ലീഹാ കേരളത്തിൽ വന്നു എന്നതിന് തെളിവില്ല വിശ്വാസം മാത്രമാണെന്ന് പറഞ്ഞു നടന്നിരുന്നവർ തോമാശ്ലീഹാ വന്ന ദിവസവും മരിച്ച ദിവസവും കൃത്യമായി എഴുതിയിരിക്കുന്നത് വിചിത്രമായിരിക്കുന്നു.

തോമാശ്ലീഹായാൽ വിശ്വാസം സ്വീകരിച്ചവർ നൂറ്റാണ്ടുകളോളം നാഥനില്ലാതെ നശിച്ചുകൊണ്ടിരുന്നത് കൊണ്ടാണ് നാലാം നൂറ്റാണ്ടിലെ സുറിയാനിക്കാരുടെ കുടിയേറ്റം ഉണ്ടായത്. അതായത് തോമാശ്ലീഹാ വന്നതു കൊണ്ടാണ് ക്നാനായ കുടിയേറ്റം ഉണ്ടായത്. തോമാശ്ലീഹാ വന്നു എന്നതിന് ശക്തമായ ഈ തെളിവ് സ്വീകരിക്കാൻ വടക്കുംഭാഗം ചരിത്രകാരന്മാർക്ക് താല്പര്യമില്ല.

ക്നായിത്തൊമ്മൻ കൊടുങ്ങല്ലൂരിൽ വന്ന 345 എന്നാൽ ശോ-വാ-ല എന്ന് പറഞ്ഞ് അവസാനിപ്പിച്ചിട്ട് നേരെ1567ലേക്ക് ചാടുകയാണ്. എന്തേ വിട്ടുകളഞ്ഞ 1222 വർഷം കേരള സഭക്ക് ചരിത്രം ഒന്നും ഇല്ലന്നാണോ?!

സീറോ മലബാർ സഭയുടെ ചരിത്രം ആരംഭിക്കുന്നത് 345 ലെ ക്നായിത്തൊമ്മയുടെ നേതൃത്വത്തിൽ വന്ന സുറിയാനികുടിയേറ്റക്കാരിലൂടെ ആണ് അതിന് കൃത്യമായ ചരിത്രരേഖയും ഉണ്ട്. അത് സമ്മതിക്കാൻ സീറോ മലബാർ സഭ ഇനിയും തയ്യാറായിട്ടില്ല. കുടിയേറ്റക്കാരുടെ കൂടെയുണ്ടായിരുന്ന ഔസേപ്പ് മെത്രാന്റെ പിൻഗാമികളായി 16-ാംആ നൂറ്റാണ്ട് വരെ പൗരസ്ത്യ ദേശത്ത് നിന്നു വന്ന
സുറിയാനി മെത്രാന്മാർക്ക് വിലക്കേർപ്പെടുത്തിയത് കടന്നുകയറി വന്ന പോർച്ചുഗീസ് മിഷണറിമാരാണ്. അവസാനത്തെ സുറിയാനി മെത്രാനായ മാർ അബ്രഹാമിനെ അങ്കമാലി ഉറുമീസിന്റെ പള്ളിയിൽ1597ൽ അടക്കം ചെയ്തു എന്ന് പറയുന്നു. ആരാണ് ഈ അബ്രഹാം ഇദ്ദേഹം സീറോ മലബാർ ചരിത്രത്തിൽ ഉണ്ടോ? അവസാനത്തെ മെത്രാനെ കുറിച്ച് പറയുമ്പോൾ ന്യായമായും ആദ്യത്തെ മെത്രാനെ കുറിച്ചും പറയണ്ടേ?!

ഒരു പാറായിൽ വർക്കിത്തരകൻ സുറിയാനിക്കാർക്ക് മംഗലപ്പുഴയിൽ സെമിനാരി പണിയുവാൻ കുറേ വസ്തു വാങ്ങി കൊടുത്ത വിവരം 21 വരിയിൽ പത്രത്തിൽ എഴുതിയപ്പോൾ ക്നാനായ സുറിയാനി കുടിയേറ്റ വിവരം പറയുന്നത് മൂന്നു വരിയിൽ മാത്രം. ഇത്തരം തരകന്മാർ സഭാചരിത്രം എഴുതുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും.

വലിയൊരു കെട്ടുകഥ പറഞ്ഞുകൊണ്ടാണ് അവിസ്മരണീയ വിവരം അവസാനിപ്പിക്കുന്നത്.

…………പോർച്ചുഗീസുകാരുടെ ആഗമനം വരെ ഭാരതത്തിൽ കത്തോലിക്കാസഭയ്ക്ക് തങ്ങളുടേതായ സ്വയംഭരണ സംവിധാനം ഉണ്ടായിരുന്നു. പദ്രുവാദോ അധികാരം ഭാരതത്തിൽ സ്ഥാപിതമായതോടെ അത് നഷ്ടപ്പെട്ടു……

ഈ പ്രസ്താവന ചരിത്ര നിഷേധമാണ് പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് കടന്നു കയറ്റം വരെ കേരളത്തിൽ കത്തോലിക്കാസഭ ഇല്ലായിരുന്നു. പൗരസ്ത്യ ദേശത്തു നിന്നും വരുന്ന മെത്രാന്മാരാൽ ശുശ്രൂഷ ചെയ്യപ്പെട്ട സുറിയാനി സഭയായിരുന്നു ഉണ്ടായിരുന്നത്. 1599 ലെ ഉദയംപേരൂർ സുനഹദോസ് കേരള ക്രിസ്ത്യാനികളെ അവരുടെ പേർഷ്യൻ ബന്ധത്തിൽ നിന്നും വേർപെടുത്തി മാർപാപ്പയുമായി ബന്ധപ്പെട്ട പോർച്ചുഗീസ് മതഭരണത്തിന്റെ കീഴിൽ കൊണ്ടുവരികയായിരുന്നു. അന്നുമുതൽ ലത്തീൻ സഭ ഭരണം ആരംഭിക്കുകയായിരുന്നു, കത്തോലിക്കാ സഭ സ്ഥാപിക്കപ്പെടുകയായിരുന്നു. ഇതാണ് ചരിത്രം.

കെട്ടുകഥകൾ ചരിത്രമാക്കുമ്പോൾ അതിൽ കെട്ടിപ്പൊക്കിയ സൗധങ്ങളെ കാലം തകർത്തുകളയും. ഇനിയെങ്കിലും ശരിയായ ചരിത്രത്തിൽ അടിസ്ഥാനം ഇട്ട് സീറോ മലബാർ സഭയെ കെട്ടിപ്പൊക്കുവാൻ ചരിത്രകാരന്മാർ തയ്യാറാകണം സഭയെ സ്നേഹിക്കുന്നവർ അതാണ് ആഗ്രഹിക്കുന്നത്.

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ
24-8-2024