ഹമാസ് ആയുധങ്ങള്‍ കൈമാറണം; ഇല്ലെങ്കില്‍ നടപടി ഏറ്റെടുക്കുമെന്ന് മുന്നറിയിപ്പുമായി ട്രംപ്.

വാഷിംഗ്ടണ്‍: ഗസയിലെ രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾക്ക് തുടക്കം കുറിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹമാസ് ആദ്യഘട്ട കരാര്‍ വ്യവസ്ഥകൾ പൂർണ്ണമായി പാലിച്ചാൽ, ഗസയിൽ ശാശ്വത സമാധാനത്തിനായി അടുത്ത ഘട്ട നടപടികൾ എളുപ്പമാകുമെന്നും ട്രംപ് വ്യക്തമാക്കി.

വൈറ്റ് ഹൗസില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോള്‍ ഹമാസിനോട് ആയുധങ്ങൾ കൈമാറാന്‍ അമേരിക്ക നേരിട്ട് ആവശ്യപ്പെട്ടതായും, അതിനോട് ഹമാസ് സമ്മതം നൽകിയതായും ട്രംപ് വ്യക്തമാക്കി. എന്നാല്‍ ആയുധങ്ങൾ കൈമാറാതിരിക്കാന്‍ ഹമാസ് തീരുമാനിച്ചാൽ, അമേരിക്ക തന്നെ നേരിട്ടുള്ള നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഹമാസ് വംശീയ സായുധ സംഘങ്ങളെ നിയന്ത്രിക്കുന്നതില്‍ എടുത്തിരിക്കുന്ന നിലപാട് പിന്തുണയ്ക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.

ഇതിനിടയിൽ, കൂടുതൽ ഇസ്രായേല്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് റെഡ്ക്രോസ് സംഘത്തിന് കൈമാറി. ഇന്ന് പുലർച്ചെയായിരുന്നു ഭൗതികാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങിയത്. കരാറിന്റെ ഭാഗമായാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

മൃതശരീരങ്ങൾ കൈമാറുന്നതിൽ വീഴ്ച വരുത്തുകയാണെങ്കില്‍, ഗാസയിലേക്കുള്ള സഹായം തടയലുള്‍പ്പെടെ കടുത്ത നടപടികളെടുക്കുമെന്ന് ഇസ്രായേല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഗാസയിലേക്ക് പോകുന്ന ട്രക്കുകളുടെ എണ്ണം പകുതിയാക്കി ഇസ്രായേല്‍. റഫ അതിര്‍ത്തി താത്കാലികമായി അടച്ചിടാനും തീരുമാനിച്ചു. തുടര്‍ന്ന് അമേരിക്കയും മറ്റ് മധ്യസ്ഥ രാജ്യങ്ങളും ചര്‍ച്ചയുമായി ഇടപെടുകയായിരുന്നു.

അതേസമയം, വെടിനിര്‍ത്തല്‍ കരാറും, സമാധാന ശ്രമങ്ങളും അണവെട്ടിച്ച്‌ ഗാസയില്‍ കഴിഞ്ഞ ദിവസം ഒമ്പത് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വധിച്ചു. വീടുകളിലേക്ക് മടങ്ങിയവരെയാണ് ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണവും വെടിവെപ്പുമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൈന്യത്തിന്റെ വാദപ്രകാരമോ, ഈ വ്യക്തികൾ ‘യെല്ലോ ലൈനില്‍’ അകത്തേക്ക് കടന്നതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്.

ഇതിനിടെ, ഗാസയിലെ താല്‍ക്കാലിക ഭരണസംവിധാനത്തിൻറെ ഭാഗമായി 15 ഫലസ്തീൻ ടെക്നോക്രാറ്റുകളെ നിയമിക്കുന്നതിനെക്കുറിച്ച്‌ മധ്യസ്ഥ രാജ്യമായ ഈജിപ്ത് പ്രഖ്യാപിച്ചു. ഇസ്രായേലും ഹമാസും മറ്റ് ഫലസ്തീൻ സംഘടനകളും ഈ പേരുകൾ അംഗീകരിച്ചതായും ഈജിപ്ത് വിദേശകാര്യ മന്ത്രി അറിയിച്ചു.