കേരളത്തിന് ‘മോന്ത’ചുഴലിക്കാറ്റ് ഭീഷണി.

ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം ഒക്ടോബര്‍ 27നകം ചുഴലിക്കാറ്റായി മാറാം

തിരുവനന്തപുരം ∙ തുലാവര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് പുതിയ ചുഴലിക്കാറ്റ് ഭീഷണി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദം നാളെ (ഞായര്‍) തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 27ഓടെ ഇത് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുമുണ്ട്.

തായ്‌ലന്‍ഡ് നിര്‍ദേശിച്ച ‘മോന്ത’ (Mon-tha) എന്നാണ് ചുഴലിക്കാറ്റിന് പേര്.

ഇപ്പോഴത്തേക്കു സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയാനാണ് സാധ്യത. എങ്കിലും തിങ്കളാഴ്ചയോടെ കാലാവസ്ഥയില്‍ മാറ്റം പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.

ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലവിലുണ്ടാകും.

കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായത്തില്‍, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ഈ ചുഴലിക്കാറ്റ് നേരിട്ട് കേരളത്തിനെ ബാധിക്കാനുള്ള സാധ്യത കുറവാണെങ്കിലും, അതിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ തുടരാനാണ് സാധ്യത.