വരാത്തവരോടും വന്നവരോടും.

ഭാഗം 2 (അവസാന ഭാഗം)

ജോൺ കരമ്യാലിൽ
ചിക്കാഗോ

2025 ഒക്ടോബർ 4 ശനിയാഴ്ച UK യിൽ, വടക്കുംഭാഗനായ ജോസഫ് സാബ്രിക്കൽ മെത്രാന്റെ ക്നാനായ മിഷനിൽ നടത്തിയ, ‘വാഴ്‌വ് 2025’ ലെ ഉത്ഘാടന പ്രസംഗത്തിൽ, നമ്മുടെ, തെക്കുംഭാഗരുടെ സമുദായ പൈതൃകങ്ങൾ നിലനിർത്തുവാൻ വേണ്ടിയാണ് ക്നാനായ മിഷനുകൾ അനുവദിക്കപ്പെട്ടിരിക്കുന്നതെന്നു ജോസഫ് പണ്ടാരശ്ശേരി മെത്രാൻ തന്റെ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞതും നുണയാണ്; തെക്കുംഭാഗരെ സമ്മിശ്രമാക്കി (confused ആക്കി) തെറ്റിദ്ധരിപ്പിക്കുവാനാണ്. അതുപോലെ സാബ്രിക്കൽ മെത്രാന്റെ സഭാസംവിധാനത്തിലൂടെ പോകുമ്പോൾ ആരുടെയും ക്നാനായത്വമൊ ഇടവകാംഗത്വമൊ നഷ്ടപ്പെടുന്നില്ലന്നു പറഞ്ഞതും നുണയാണ്. ഇനി ഇത് ശരിയാണങ്കിൽത്തന്നെ ആവശ്യമില്ലാത്തിടത്ത്, അതും അപകടം മുന്നിൽ കാണുന്നിടത്ത് എന്തിനു ചേരണമെന്ന് നമ്മൾ ചിന്തിക്കണം. ഇവിടെ ചേർന്നിട്ട് ഇവിടുത്തെ മിഷൻ ഇവിടുന്ന് വിട്ടില്ലങ്കിൽ ചേർന്നവർക്ക് ഇടവകാംഗത്വംപോയിട്ട് എങ്ങും ഇടവകാംഗം ആകുവാൻ സാധിക്കുകയില്ല. നമ്മൾ / അരുതന്നെയായാലും അതാതിടത്തെ നിയമാവലികൾ പാലിക്കുവാൻ ബാധ്യസ്ഥരാണന്നു ഈ ജോസഫ് പണ്ടാരശ്ശേരിയും സുനി പടിഞ്ഞാറേക്കരയുമൊക്കെ എത്രയോ പ്രാവശ്യം പ്രസംഗിച്ചിരുന്നു / പറഞ്ഞിരിക്കുന്നു. അതായത്, ഒരുവൻ സീറോ മലബാർ സഭയെന്ന ആ രൂപതയുടെ മെത്രാനെ, തെക്കൻ വടക്കൻ വ്യതാസമില്ലാതെ അനുസരിച്ചോണമെന്നാണ്. അതാണ് ശ്രീ ജോസഫ് പണ്ടാരശ്ശേരി തന്റെ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞത്, രൂപതയുടെ പ്രാഥമികമായ ചില നിയമങ്ങൾ, നടപടിക്രമങ്ങൾ, കാര്യങ്ങൾ മുതലായവ എല്ലാവർക്കും പാലിക്കുവാൻ ബാധയുണ്ട്, ഉത്തരവാദിത്വമുണ്ടന്ന്. ഇവിടെ, അവിടെ കൂടിയിരുന്നവരെ സംപൂർണ്ണ മണ്ടന്മാരായി ചിത്രീകരിച്ചത്, ഈ വടക്കുംഭാഗന്റെ ക്നാനായ മിഷനിൽ ചേർന്നതിന്റെ പേരിൽ ഒരാളുടെയെങ്കിലും ക്നാനായത്വം നഷ്ടപ്പെടുന്നല്ല എന്നും, അവിടെ ആ ആവശ്യമില്ലാത്ത വാഴ്‌വിലൂടെ അവിടെ കൂടിയിരുന്നവർ സാക്ഷികളാണന്നും പറഞ്ഞതിലൂടെയാണ്. ഇത്രയും കേട്ടപ്പോൾ മണ്ടന്മാരാണന്നു സ്വയമെ സമ്മതിച്ചു എല്ലാവരും കൈയ്യടിച്ചു ഉറപ്പിച്ചു കാണിച്ചു.

ഒരു ക്നാനായക്കാരന്റെ ക്നാനായത്വം ഈ മെത്രാന്മാർക്കെന്നല്ല ദൈവംതമ്പുരാൻ നിരൂപിച്ചാലും ഇല്ലാതാക്കുവാൻ സാധ്യമല്ല. കൂടെ കിടന്നതുകൊണ്ടും, കൂടെ കിടത്തിയതുകൊണ്ടും മറ്റൊരാൾ ക്നാനായക്കാരാനാവില്ല; അതിനു ക്നാനായ മാതാപിതാക്കൾക്കുത്തന്നെ ജനിക്കണം. അപ്പോൾ നിങ്ങൾക്കു തോന്നും, എങ്കിൽപ്പിന്നെ ഈ വടക്കുംഭാഗ രൂപതയിൽ ചേർന്നാൽ എന്താണ് കുഴപ്പമെന്ന്; നമ്മുടെ മക്കളും ക്നാനായക്കാരാണല്ലൊയെന്ന്. ഇത് നല്ലൊരു തോന്നലും ചോദ്യവുമാണ്. ഈ സ്വന്തം മക്കളുടെയും ക്നാനായത്വം നഷ്ടപ്പെടുകയില്ല. ശ്രീ സുനി പടിഞ്ഞാറേക്കരയുടെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞതുപോലെയുള്ള ഇടകലരുന്നതിലൂടെ നമ്മുടെ ഈ മക്കൾ വടക്കുംഭാഗ കുട്ടികളുമായി ഇടകകർന്നു അവരെ വിവാഹം കഴിക്കും. അപ്പോഴും ഈ ക്നാനായ കുട്ടികളുടെ ക്നാനായത്വം നഷ്ടപ്പെടുകയില്ല. പക്ഷെ അവരുടെ മക്കളും തുടർന്നുള്ള പരമ്പരകളും ക്നാനായക്കാരല്ലാതാകുന്നു, ഈ അല്ലാതാകുന്നവരെയും മുൻപ് പറഞ്ഞതുപോലെ മെത്രാന്മാർക്കും സഭയ്ക്കുമെന്നല്ല ദൈവംതമ്പുരാനു പോലും ഇവരെ ക്നാനായക്കാരാക്കുവാനും സാധ്യമല്ല. ഇവിടെയും ഉദിക്കുന്ന മറ്റൊരു നല്ല സംശയവും ചോദ്യവും ഈ ക്നാനായ കുട്ടികൾ അമേരിക്കയിലും UK യിലും മറ്റു വിദേശ രാജ്യങ്ങളിലും പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമൊക്കെ മറ്റുള്ളവർ ഇവരുടെകൂടെ ഇടപെടുന്നുണ്ടല്ലോ, കൂട്ടുകാരുണ്ടല്ലോ എന്നൊക്കെ. അത് ശരിയുമാണ്. പക്ഷെ അവിടെയൊക്കെ ഈ കുട്ടികൾക്കും മറ്റുള്ളവർക്കും, തങ്ങളും മറ്റുള്ളവരും ആരാണന്നും, അതിന്റെ വ്യത്യാസങ്ങളും നല്ലതുപോലെ തിരിച്ചറിയാം. എന്നാൽ വടക്കുംഭാഗ മെത്രാന്റെ കീഴിൽ വടക്കുംഭാഗ രൂപതയിലും പള്ളിയിലും ചേരുകയും, എല്ലാവരും ആരുമായും ഒരു വ്യത്യാസവും ഇല്ലന്ന്, പ്രതേകിച്ചു ക്നാനായ വൈദികർ പറയുമ്പോൾ, അതും ളോഹയിലും അൾത്താരയിലും നിന്നു പറയുമ്പോൾ അത് ശരിയാണന്നും കൂടെ കൂട്ടാമെന്നും നഷ്ടപ്പെടില്ലന്നും ചിന്താശേഷി നഷ്ടപ്പെട്ടവരും ഇല്ലാത്തവരും വിചാരിക്കും; അത് ഏറ്റുപാടും. ഈ ഏറ്റുപാടൽ സ്വന്തം കുട്ടികളാകും ഏറ്റവും കൂടുതൽ ശ്രദ്ധിച്ചു കേൾക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്യുക. അങ്ങനെ, ഈ കുട്ടികൾ സമുദായം മാറിയുള്ള വിവാഹക്കാര്യം അറിയിക്കുമ്പോഴാണ് ഇവരുടെ മാതാപിതാക്കൾ തങ്ങൾക്കുണ്ടായ അമിളിയും, തന്മൂലമുണ്ടായ തിരുത്തുവാനാകാത്ത നഷ്ടവും നഷ്ടബോധവും തിരിച്ചറിയുക. ഈ മിഷനുകളിലൂടെ ക്നാനായ സമുദായബോധം വളരുകയൊ വളർത്തുകയൊ അല്ല; ഇവിടംകൊണ്ട് തീരുകയാണ്, തീർക്കുകയാണ്, അതാണ് ഉദ്ദേശവും ലക്‌ഷ്യവും. വിശ്വാസത്തിൽ വളരുവാൻ ഇവിടങ്ങളിലെ മലയാളം പള്ളികളിൽ പോകുന്നതിലും ഭേദം ഇ൦ഗ്ളീഷ് പള്ളികളിൽ പോകുന്നതാണ്. മലയാളം പള്ളികളെല്ലാംതന്നെ ആത്മീയത പണത്തിനു വിൽക്കുന്ന കച്ചവട സ്ഥലങ്ങളാണ്.

ഈ വടക്കുംഭാഗ മിഷനുകൾ UK യിൽ വന്നതിനുശേഷം എത്രയോ വിവാഹങ്ങളാണ് നടന്നതെന്നും, അതിൽ ബഹുഭൂരിപക്ഷവും ക്നാനായ സമുദായഗംങ്ങൾ തമ്മിലാണന്നും വളരെ ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും ശ്രീ ജോസഫ് പണ്ടാരശ്ശേരി പറഞ്ഞു. ഇതിൽനിന്നും ഈ മിഷൻ വന്നശേഷം ധാരാളം ക്നാനയമക്കൾ ഇതരരുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ട് അവരുടെ ക്നാനായ സമുദായഗംത്വം നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ മിഷൻ വരുന്നതിനുമുമ്പും ധാരാളം ക്നാനായ സമുദായഗംങ്ങൾ തമ്മിൽ വിവാഹങ്ങൾ നടന്നിട്ടുണ്ട്. അന്നൊന്നും ആർക്കും പറയത്തക്ക ക്നാനായ സമുദായഗംത്വം നഷ്ടപ്പെട്ടിട്ടുള്ള വിവാഹം കേട്ടുകേൾവി പോലുമില്ലായിരുന്നു. ഈ മിഷനിലൂടെ സാധ്യമാകുന്നത് ക്നാനായ സമുദായഗംത്വ നഷ്ടമാണ്; ഈ ക്നാനായ അച്ചന്മാർപോലും വടക്കുംഭാഗ രൂപതയിൽ ചെന്നു ചേർന്ന് ജോലി വാങ്ങിച്ചു ചെയ്യുന്നതിനാൽ അവരെയും സത്യത്തിൽ സമുദായത്തിനു നഷ്ടമാണ്. ഇവർ ധാരാളം pre marriage course നടത്തുന്നുണ്ടന്നും പറഞ്ഞു അദ്ദേഹം വീമ്പിളക്കി. കത്തോലിക്ക വിവാഹത്തിനു ലാറ്റിൻ സഭയിലെയോ, എവിടുത്തെയെങ്കിലും ഈ കോഴ്സ് കൂടിയാൽ മതി. കഴിഞ്ഞ വർഷം വിവാഹിതനായ എന്റെ മകനോട് സീറോ മലബാർ പ്രീ മാര്യേജ് കോഴ്സ് കൂടണമെന്ന് അച്ചൻ പറഞ്ഞപ്പോൾ, “Must I attend Syro Malabar pre – marriage course?”, എന്നു അവൻ ചോദിച്ചു. “We prefer Syro Malabar pre – marriage course”, എന്നേ അദ്ദേഹം പറഞ്ഞുള്ള. ഈ അച്ചൻ അവന്റെ വിവാഹത്തിനു യാതൊരു തരത്തിലുമുള്ള തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ തന്നില്ല; വളരെ കോ ഓപ്പറേറ്റീവ് ആയിരുന്നു. അമേരിക്കയിലെ മെത്രാന്മാരും ക്നാനായ അച്ചന്മാരാരും UK യിലെപ്പോലെ പ്രശ്നങ്ങൾ അമേരിക്കയിലെ ക്നാനായക്കാർക്ക് കൊടുത്തതായി എന്റെ അറിവിലില്ല. സമുദായ കൂട്ടായ്മയും സഭാകൂട്ടായ്മയും ഒന്നല്ല, വ്യത്യസ്തങ്ങളാണ്. ജോസഫ് പണ്ടാരശ്ശേരി ആ യോഗത്തിലെ തന്റെ ഉത്ഘാടന പ്രസംഗത്തിൽ അടിമുടി സഭയിൽ വളരുക, സഭയെ കാക്കുക, സഭയോടൊത്തു നടക്കുക, സഭയെ സംരക്ഷിക്കുക (defend ചെയ്യുക), സഭയിലൂടെ മാത്രമെ വളരുവാൻ സാധിക്കു, എന്നിങ്ങനെയെല്ലാം പറഞ്ഞു. സഭയെ ഡിഫൻഡ് ചെയ്യുവാൻ വിശ്വാസികൾ മുതൽ മാർപ്പാപ്പ വരെയുണ്ട്. എന്നാൽ സമുദായത്തെ സംരക്ഷിക്കുവാൻ (defend ചെയ്യുവാൻ) സമുദായത്തിലെത്തന്നെ ഒരു ചെറുവിഭാഗം മാത്രമേയുള്ളു. എങ്കിലും സത്യമായതുകൊണ്ടും സത്യമുള്ളതുകൊണ്ടും സമുദായം എന്ന സത്യമെ എപ്പോഴും ജയിക്കുകയുള്ളു. പടിപടിയായി സമയമെടുത്താണ് സഭ കാര്യങ്ങൾ നടത്തുന്നത്, അതിനാൽ പെട്ടെന്ന് തിരിച്ചറിയുകയില്ല. സമുദായം നഷ്ടപ്പെടുത്തിയിട്ട് രക്ഷിക്കാമെന്നത് അസാധ്യമാണ്; സമുദായത്തെ നഷ്ടപ്പെടുത്താതിരിക്കണം. എന്നാൽ ചുരുക്കത്തിൽ, സമുദായം കളഞ്ഞിട്ടാണങ്കിലും സഭാകൂട്ടായ്മയിൽ ആയിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞു വച്ചത്; ഈ സഭ എന്നു പറയുന്നത് ഈ മെത്രാനും അച്ചന്മാരും ആണ്.

 കേരളത്തിലെ ക്നാനായ കത്തോലിക്ക പള്ളികളെല്ലാം ക്നാനായക്കാരനായ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ, ഒരു ക്നാനായ മെത്രാന്റെ അധീനതയിലുള്ളതാണ്. അവിടങ്ങളിൽ വേണമെങ്കിൽ കുട്ടികൾക്ക് സൺഡേ സ്‌കൂളിൽ വിശ്വാസ പരിശീലനത്തിനൊപ്പം സമുദായ പൈതൃകങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും പഠിപ്പിക്കാം, വളർത്താം. എന്നാൽ അന്യന്റെ കീഴിൽച്ചെന്ന് തങ്ങളുടെ തനതായ പൈതൃകങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും പഠിക്കണം, പഠിപ്പിക്കണം; വളർത്താം, വളർത്തണം എന്നൊക്കെ പറഞ്ഞാൽ ആ അന്യന്റെ നിയമാവലികൾ മാത്രം പാലിച്ചാൽ മതിയെന്ന് പറയും; അതിനാൽ അത് ആവശ്യപ്പെടുന്നുമില്ല. ഇങ്ങനെ വിദേശങ്ങളിൽ സമുദായത്തെപ്പറ്റി കുട്ടികളെ ബോധവൽക്കരിക്കാത്തതിലൂടെ അവരെ, അവരുടെ ഭാവിയെ, അവരുടെ കുഞ്ഞുങ്ങളെ ക്രിസ്തുവിന്റെ ജനന സമയത്ത് ഹേറോദേസ് രണ്ടു വയസ്സും അതിനു താഴെയുള്ളവരോടു ചെയ്തതുപോലെയാണ് ഈ മിഷനുകളിലെ മാതാപിതാക്കൾ തങ്ങളുടെ മക്കളോടു ചെയ്യുന്നത്. പഴയനിയമത്തിലെ അബ്രഹാം മകനെ ബലി കഴിക്കുവാൻ കൊണ്ടുപോയതുപോലെ നിങ്ങൾ നിങ്ങളുടെ മക്കളെ കൊണ്ടുപോയാൽ, അബ്രഹാമിന് മകനെ തിരിച്ചുകിട്ടിയതുപോലെ നിങ്ങൾക്ക് നിങ്ങളുടെ മക്കളെ തിരിച്ചു കിട്ടുകയില്ല. UK യിലും മറ്റുള്ളടത്തും ഈ മിഷനുകൾ വരുന്നതിമുമ്പും വിവാഹങ്ങളും കുട്ടികളുടെ എണ്ണവുമൊക്കെ അതിന്റെ ക്രമത്തിനൊപ്പം ഉണ്ടായിരുന്നുവെന്ന് പണ്ടാരശ്ശേരി മനസ്സിലാക്കിയിട്ടില്ല. ഈ മിഷനിലെ ആൾക്കാർക്കു മാത്രമല്ല വിവാഹവും കുട്ടികളും;  എല്ലാവർക്കുമുണ്ട്. 

ജോൺ കരമ്യാലിൽ
ചിക്കാഗോ
24 OCT 2025
John Karamyalil
Chicago