ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു, 18 പേർക്ക് പരുക്ക്.

കുറവിലങ്ങാട് (കോട്ടയം) ∙ എംസി റോഡിൽ കുര്യനാട് ചീങ്കല്ലേൽ വളവിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിനി സന്ധ്യ (40)യാണ് മരിച്ചത്. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്ക് പോയ ബസ് ചീങ്കല്ലേൽ പാലത്തിനു സമീപമുള്ള വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞുവെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് ബസിൽ 49 പേർ ഉണ്ടായിരുന്നു. പരുക്കേറ്റവരെ മോനിപ്പള്ളി സ്വകാര്യ ആശുപത്രിയിലേക്കും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.

മരണപ്പെട്ട സന്ധ്യയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കുറവിലങ്ങാട് പൊലീസ്, കടുത്തുരുത്തി അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.