നാഗ്പൂർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്ത ഔദ്യോഗിക വേദിയിലുണ്ടായ അപൂർവ രംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വേദിയിലെ ഇരിപ്പിട ക്രമീകരണവുമായി ബന്ധപ്പെട്ട് രണ്ട് വനിതാ തപാൽ ഉദ്യോഗസ്ഥർ വേദിയിൽ പരസ്പരം വാക്കുതർക്കത്തിലും പിന്നീട് കൈയാങ്കളിയിലും ഏർപ്പെട്ടതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
നാഗ്പൂർ പോസ്റ്റ് മാസ്റ്റർ ജനറലായി സേവനം അനുഷ്ഠിച്ചിരുന്ന ഒരാളും നിലവിൽ ആ വിഭാഗത്തിന്റെ അധിക ചുമതലയുള്ള മറ്റൊരു വനിതാ ഉദ്യോഗസ്ഥയുമാണ് ഏറ്റുമുട്ടലിൽ പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. മുൻ ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റ ഉത്തരവിനെതിരെ കോടതിയിൽ നിന്നു സ്റ്റേ ലഭിച്ചതോടെ ആ തസ്തികയുടെ ചുമതല സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. അതാണ് വേദിയിലെ സംഘർഷത്തിൽ കലാശിച്ചതെന്ന് സൂചന.
വീഡിയോയിൽ, ഗഡ്കരി വേദിയിലിരിക്കെ, ഒരു ഉദ്യോഗസ്ഥ മറ്റെയാളോട് സ്ഥലം മാറിഇരിക്കാൻ ആവശ്യപ്പെടുകയും, അത് അനുസരിക്കാതെ വന്നതോടെ ഇരുവരും പരസ്പരം തട്ടിക്കയറിയതും കാണാം. കൈമുട്ട് വച്ച് തള്ളുകയും നുള്ളുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവസമയത്ത് ഗഡ്കരിയുടെ അസ്വസ്ഥമായ മുഖഭാവവും ക്യാമറയിൽ പതിഞ്ഞു.
വീഡിയോയോട് സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. “ലജ്ജാകരം”, “ഉദ്യോഗസ്ഥർക്ക് യോജിക്കാത്ത പെരുമാറ്റം” എന്നിങ്ങനെ നിരവധി പേർ പ്രതികരിച്ചു. ചിലർ സംഭവം “നാരി ശക്തിയുടെ യഥാർത്ഥ പ്രദർശനം” എന്ന വ്യംഗ്യകുറിപ്പുകളോടെയാണ് പങ്കുവച്ചത്.
സംഭവത്തെക്കുറിച്ച് തപാൽ വകുപ്പ് ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.
