ഡല്‍ഹിയില്‍ കാറില്‍ സ്‌ഫോടനം; ഒന്‍പത് പേര്‍ മരിച്ചു.

ന്യൂഡല്‍ഹി ∙ ദേശീയ തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറില്‍ നടന്ന സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനങ്ങള്‍ക്ക് തീപിടിച്ച് വന്‍നാശനഷ്ടമുണ്ടായിട്ടുണ്ട്.

വൈകുന്നേരം തിരക്കേറിയ സമയത്താണ് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപം സ്‌ഫോടനം ഉണ്ടായത്. തുടര്‍ന്ന് മൂന്ന് മുതല്‍ നാല് വരെ വാഹനങ്ങള്‍ക്ക് തീപിടിച്ചതായാണ് എഎന്‍ഐ റിപ്പോര്‍ട്ട്. അഗ്നിശമനസേനയും സുരക്ഷാസേനയും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

അഗ്നിശമനസേനയുടെ ഏഴ് യൂണിറ്റുകളും 15 ആംബുലന്‍സുകളും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പടര്‍ന്ന കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഫോറന്‍സിക് വിദഗ്ധര്‍ സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്. പ്രാഥമിക വിവരം പ്രകാരം കാറിലുണ്ടായിരുന്ന സിഎന്‍ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാമെന്നാണു സംശയം. എന്നാല്‍ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സംഭവസ്ഥലത്ത് ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ എത്തിയിട്ടുണ്ട്. പ്രദേശം പൂർണമായും വളഞ്ഞിട്ടുണ്ടെന്നും ഗതാഗതം തിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു.

അന്തര്‍ സംസ്ഥാന ഭീകര സംഘടനയില്‍ നിന്ന് 2,900 കിലോഗ്രാമിലധികം അമോണിയം നൈട്രേറ്റ് പോലീസ് പിടിച്ചെടുത്തതിന് ഏതാനും മണിക്കൂറുകള്‍ക്കുശേഷമാണ് ഈ സ്‌ഫോടനം ഉണ്ടായത്. പിടിച്ചെടുത്ത വസ്തുക്കളില്‍ നിന്ന് ഐഇഡി നിര്‍മിച്ച് ഡല്‍ഹിയില്‍ ആക്രമണം നടത്താനുള്ള ഗൂഢാലോചനയുണ്ടായിരുന്നുവെന്ന സൂചനയും അന്വേഷണ ഏജന്‍സികള്‍ നല്‍കിയിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. എല്‍എന്‍ജെപി ആശുപത്രി വൃത്തങ്ങള്‍ പ്രകാരം നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.