ബീജിങ് ∙ നിർമാണം പൂർത്തിയായി മാസങ്ങൾക്കകം ചൈനയിലെ കൂറ്റൻ പാലം തകർന്നുവീണു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ മേർകാങ് മേഖലയിലാണു അപകടം സംഭവിച്ചത്.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. തകർച്ചയുടെ ദൃശ്യങ്ങൾ ചൈനീസ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
തിങ്കളാഴ്ച പാലത്തിന്റെ ചില ഭാഗങ്ങളിൽ വിള്ളലുകൾ കണ്ടത്തിയതിനെത്തുടർന്ന് ഗതാഗതം പൂർണമായും നിർത്തിവെച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. പിന്നാലെയാണ് പാലം തകർന്നുവീണത്.
G317 ദേശീയ പാതയിലെ പ്രധാന ഘടകമായ ഹോങ്കി പാലം 758 മീറ്റർ നീളമുള്ള കാന്റിലിവർഡ് ബീം പാലമായിരുന്നു. മലനിരകളിലൂടെ കടന്നുപോകുന്ന ഈ പാലം താഴ്വരയിൽ നിന്ന് ഏകദേശം 625 മീറ്റർ ഉയരത്തിലായിരുന്നു.
സംഭവത്തെ തുടർന്ന് അധികാരികൾ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പാലത്തിന്റെ നിർമാണ ഗുണമേന്മയും സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച വിശദമായ പരിശോധനയ്ക്കു നിർദേശം നൽകിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
