ബെയ്‌റൂട്ട് ∙ ലെബനന്‍ തലസ്ഥാനത്തെ ജനസാന്ദ്രതയേറിയ തെക്കന്‍ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവും ചീഫ് ഓഫ് സ്റ്റാഫുമായ ഹയ്കം അലി തബാതബയി കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്.
ഹിസ്ബുള്ളയുടെ സംഘടനാ ഘടനയും ആയുധശേഖരവും ശക്തിപ്പെടുത്തുന്നതിന് ചുമതലയുള്ള പ്രധാന നേതാവായിരുന്നു തബാതബയി. മൂന്ന് മിസൈലുകളാണ് ഹരേത് ഹ്രെയ്ക് പ്രദേശത്തെ ഒന്‍പതുനില കെട്ടിടത്തില്‍ പതിച്ചതെന്ന് ലെബനന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എന്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലാണ് സ്ഫോടനമുണ്ടായത്. പരിസരത്തെ വാഹനങ്ങള്‍ക്കും സമീപ കെട്ടിടങ്ങള്‍ക്കും വലിയ കേടുപാടുണ്ടായി.
ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രദേശത്ത് നിന്ന് കനത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിൻ്റെ നിര്‍ദ്ദേശപ്രകാരമാണ് ആക്രമണമെന്നാണ് അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. “ബെയ്‌റൂട്ടിന്റെ ഹൃദയത്തില്‍ ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ ലക്ഷ്യമിട്ടുള്ള ഐഡിഎഫ് ആക്രമണം വിജയകരമായി നിര്‍വഹിച്ചു,” പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷാ ലക്ഷ്യങ്ങള്‍ ഏത് സാഹചര്യത്തിലും നടപ്പാക്കുമെന്നാണ് ഇസ്രയേലിന്റെ നിലപാട്.
2016ല്‍ യുഎസ് ട്രഷറി തബാതബയിയെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ പാരിതോഷികവും പ്രസ്താവിച്ചിരുന്നു. ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ നയിം ഖാസെമിന് പിന്നാലെ സംഘടനയിലെ രണ്ടാമത്തെ പ്രാധാന്യമുള്ള നേതാവായിരുന്നു തബാതബയി.
വെടിനിര്‍ത്തല്‍ കരാര്‍ നിലവിലിരിക്കെ ബെയ്‌റൂട്ടില്‍ ആക്രമണം നടന്നതിനെതിരെ ലെബനീസ് പ്രസിഡന്റ് ജോസഫ് ആവോണ്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യാന്തര സമൂഹം ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി ഇസ്രയേല്‍ ഹിസ്ബുള്ളയുടെ ആയുധ ഡിപ്പോകളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. എന്നാല്‍, മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അപൂര്‍വമാണ്.
“ഹിസ്ബുള്ള വീണ്ടും ശക്തിപ്രാപിക്കാന്‍ ശ്രമിക്കുകയാണ്. അതിനെ അനുവദിക്കില്ല. അതിന് ആരുടെയും അനുമതി ആവശ്യമില്ല,” എന്നു ഇസ്രയേല്‍ സര്‍ക്കാര്‍ വക്താവ് ഷോഷ് ബെര്‍ദ്രോസിയാന്‍ വ്യക്തമാക്കി.
ഹസന്‍ നസ്രല്ലയടക്കമുള്ള നിരവധി ഹിസ്ബുള്ള നേതാക്കളെ ഇസ്രയേല്‍ നേരത്തെ തന്നെ വധിച്ചിരുന്നു. അയ്യായിരത്തോളം സംഘടനാ പ്രവര്‍ത്തകരും ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലെബനന്റെ തെക്കന്‍ മേഖലയില്‍ ഇനിയും അഞ്ച് പോസ്റ്റുകളില്‍ ഇസ്രയേല്‍ സൈന്യം സജീവ സാന്നിധ്യം തുടരുകയാണ്.
