സീറോ മലബാർ സഭ 2026-ൽ: സമുദായത്തെ ശക്തീകരിക്കാൻ പോകുകയാണ്.

2025 ഒക്ടോബർ 12-ാം തീയതി ഞായറാഴ്ച മേജർ ആർച്ച് ബിഷപ്പിന്റെ കാക്കനാട്ടെ കാര്യാലയത്തിൽ നിന്ന് പുറത്തിറങ്ങിയ സർക്കുലർ സീറോ മലബാർ സഭയുടെ ഭാവിയിലേക്കുള്ള ഒരു അപൂർവ്വ ഇടപെടലായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ സമാപിച്ച് അറുപത് വർഷങ്ങൾ പിന്നിടുമ്പോൾ “സഭയും ആധുനിക ലോകവും” എന്ന പ്രമാണരേഖയിലേക്കുള്ള ഇതുവരെ ഉണ്ടാകാത്ത എത്തിനോട്ടമാണ് പ്രചോദനമായതെന്ന് അതിൽ സൂചനയുണ്ട്.

“സഭയും ലോകവും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന യാഥാർത്ഥ്യങ്ങൾ അല്ല. ലോകത്തിൻ്റെ മൂല്യക്രമം അല്ല പിന്തുടരുന്നതെങ്കിലും സഭ ലോകത്തിലാണ് നിലനിൽക്കുന്നത്. ഈ ലോകത്തെ രാജ്യത്തിനായി തയ്യാറാക്കുകയാണ് സഭയുടെ ദൗത്യം.” സഭ ആധുനിക ലോകത്തിൽ എന്ന പ്രമാണ രേഖയിൽ എഴുതി വെച്ചിരിക്കുന്നത് സീറോ മലബാർ സിനഡ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു.

എന്താണ് ഇപ്പോൾ ഈ ‘ഉൾവിളി’?

ഉണ്ടിരുന്ന നായർക്ക് ഉണ്ടായ ഉൾവിളി പോലെ നമ്മുടെ മെത്രാന്മാർക്കും ഉൾവിളി ഉണ്ടായിരിക്കുന്നു. സർക്കുലർ തന്നെ തുറന്നു പറയുന്നു:
“ജനസംഖ്യയുടെ വളർച്ച, കാർഷിക മേഖലയിലെ തകർച്ചയും, സർക്കാർ ജോലി–സാമ്പത്തിക–വാണിജ്യ രംഗങ്ങളിലെ ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥയും, മീഡിയ–രാഷ്ട്രിയ–വിദ്യാഭ്യാസ മേഖലകളിൽ കാണുന്ന നമ്മുടെ അസാന്നിധ്യവും…
സർക്കാർ പദ്ധതികളിൽ ലഭിക്കേണ്ട ന്യായമായ വിഹിതം പോലും നഷ്ടപ്പെട്ട അവസ്ഥയും—
ഇതെല്ലാം ചേർന്നതിന്റെ വെളിച്ചത്തിലാണ് “സമുദായ ശാക്തീകരണം” എന്ന ആശയവുമായി സിനഡ് നമ്മുടെ മുന്നിലെത്തുന്നത്.

നിലനിൽപ്പ് ബുദ്ധിമുട്ടിലാകും വിധം സമുദായക്കാർ നേരിടുന്ന പ്രശ്നങ്ങളെ കാണുവാനോ അതിനു പരിഹാരം ഉണ്ടാക്കുവാനോ സഭാ നേതൃത്വം ഇതുവരെ താൽപര്യം കാണിച്ചിട്ടില്ല. ക്രൈസ്തവ സമുദായം ഒരു സംഘടിത ശക്തി അല്ല എന്ന് രാഷ്ട്രീയ നേതൃത്വം കണ്ടെത്തിയതാണ് ക്രിസ്ത്യാനികൾ അവരുടെ മുൻപിൽ രണ്ടാംതരം പൗരന്മാരായിതീർന്നത്.

നീതീകരിക്കാനാവാത്ത ആറുപത് വർഷത്തെ മൗനം.

വിശ്വാസികളുടെ ഭൗതിക പ്രശ്നങ്ങൾക്കു നേരെയുള്ള ഉദാസീനത മാത്രമല്ല ആത്മീയ പ്രതിസന്ധിയും പൗരോഹിത്യ നേതൃത്വം സൃഷ്ടിച്ചിരിക്കുന്നു. പരിശുദ്ധ കുർബാനയാണ് ഏറ്റവും വലിയ കൂദാശ എന്ന് പഠിപ്പിക്കുന്ന അവർ തന്നെ ആ കൂദാശയിൽ വിശ്വാസമില്ലാതെയാണ് പരസ്യമായി പരസ്പരം വെല്ലുവിളിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ കഴിഞ്ഞിട്ട് ആറ് പതിറ്റാണ്ടാകുന്നു. പക്ഷേ കൗൺസിലിൻ്റെ ആത്മാവ് സഭയിൽ കടന്നു വന്നിട്ടില്ല.

പോർച്ചുഗീസ് ഇടപെടൽ അലങ്കോലമാക്കിയ ആരാധനാക്രമത്തെ കണ്ടെത്തുവാനോ ഉറവിടങ്ങളിലേക്കു തിരിച്ചു പോകുവാനോ സാധിച്ചിട്ടില്ല. സഭാ ചരിത്രം സത്യസന്ധമായി അവതരിപ്പിക്കുവാനോ നഷ്ടപ്പെട്ടവ കണ്ടെത്തുവാനോ സഭാ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പകരം അനാവശ്യ ചർച്ചകളും ആഭ്യന്തര കുരുക്കുകളും മാത്രമാണ് സൃഷ്ടിക്കുന്നത്.

മെത്രാന്മാർക്ക് വിശ്വാസികളുടെ (സഭയുടെ) കാര്യങ്ങളിൽ താത്പര്യം നഷ്ടപ്പെട്ടപ്പോൾ, അവർ പല ദിശകളിലേക്കും ഒഴുകി. പരമ്പരാഗതമായി മണ്ണോട് ചേർന്ന് കഠിനാധ്വാനം ചെയ്തിരുന്ന സുറിയാനി ക്രിസ്ത്യാനികളുടെ ജീവിതം പിന്നോട്ടു മറിഞ്ഞു; കർഷകർക്ക് വേണ്ടി വാദിക്കുവാൻ മെത്രാന്മാരോ, അവരുടെ നിലവിളി കേൾക്കുവാൻ സർക്കാരും തയ്യാറാകാതെവന്നപ്പോൾ നഷ്ടത്തിലായ കാർഷികവൃത്തി ഉപേക്ഷിച്ചു. കുട്ടികളെ പഠിപ്പിച്ച് വിദേശത്തേക്ക് അയക്കൽ അവരുടെ ഏക “രക്ഷാ പദ്ധതി”യായി. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തം വിശ്വാസികൾക്കു പോലും ഒരു പരിഗണനയും നൽകാതായപ്പോൾ, വിശ്വാസവും പൗരോഹിത്യ ബന്ധവും മങ്ങിപ്പോയത് അതിശയിപ്പിക്കേണ്ടതല്ല.

സഭയും സമുദായവും—ഇരട്ടധ്രുവമല്ല

“സഭയും സമുദായവും രണ്ട് ധ്രുവങ്ങളിൽ നിലനിൽക്കേണ്ടതല്ല” എന്ന തിരിച്ചറിവ് വൈകിയെങ്കിലും വന്നത് നല്ലതു തന്നെയാണ്.
സമുദായ കൂട്ടായ്മയാണ് വിശ്വാസത്തിന്റെ അടിസ്ഥാന നിലം. സഭ സമുദായത്തിൽ നിന്നു വേർപെടുന്ന നിമിഷം സഭാ സംവിധാനത്തിന്റെ അടിത്തറ പൊളിഞ്ഞുപോകും. എറണാകുളം–അങ്കമാലി അതിരൂപതയുടെ ദുരന്തം അതിന്റെ യാഥാർത്ഥ്യം തെളിയിക്കുന്നു. അവിടെ വിശ്വാസികളുടെ കൂട്ടായ്മ തകർന്നപ്പോൾ പരിപാവനമായ ബസ്ളിക്കാ തന്നെ പൂട്ടപ്പെട്ടു.

സമുദായ ശക്തി കുറഞ്ഞപ്പോൾ രാഷ്ട്രീയശക്തിയും വിട്ടുമാറി. ന്യൂനപക്ഷാവകാശങ്ങളിൽ 80 ശതമാനവും സംഘടിതമായ മുസ്ലിം സമൂഹം രാഷ്ട്രീയ ശക്തി ഉപയോഗിച്ച് തട്ടിയെടുത്തു ഇത് പതിറ്റാണ്ടു നീണ്ട ട്രാജഡിയാണ്. ക്രൈസ്തവരുടെ മാന്യമായ, അർഹതപ്പെട്ട അവകാശങ്ങൾ തിരിച്ചുപിടിക്കാനോ ഏകോപിത ശബ്ദം ഉയർത്താനോ സഭാ നേതൃത്വത്തിന് കഴിഞ്ഞില്ല.

സമുദായ സംഘടനകൾ ശക്തിപ്പെടണം.

സമുദായശാക്തീകരണത്തിന്റെ ആദ്യപടി ശക്തമായ സ്വതന്ത്ര സമുദായ സംഘടനകളാണ്. കത്തോലിക്കർക്ക് ശക്തവും സ്വതന്ത്രവുമായ ഒരു ഏകോപിത സമുദായ സംഘടന ഇല്ല എന്നത് ഏറ്റവും വലിയ ഒരു ദൗർബല്യമാണ്.
മെത്രാന്മാരുടെ താൽപര്യത്തിൽ പ്രവർത്തിക്കുന്ന സംഘടനകളിൽ സ്വതന്ത്ര ചർച്ചകളോ പുരോഗമന ആശയങ്ങളോ കടന്നുവരില്ല. മെത്രാൻ മാർക്ക് താല്പര്യമുള്ളവർ മാത്രമുള്ള സംഘടനയിൽ പ്രവർത്തിക്കാൻ സജീവ പ്രവർത്തകർ വരില്ല.

ജീവിതം പ്രവാസത്തിലേക്ക് ഒഴുകുമ്പോൾ …

സർക്കുലറുകൾ പദ്ധതികൾ പഠന റിപ്പോർട്ടുകൾ എല്ലാം പുസ്തകത്തിലെ പുല്ലു പോലെയാണ്. ജീവൻ നിലനിർത്താൻ വേണ്ടി പ്രവാസ ജീവിതത്തിൽ കഴിയുന്നവരുടെ പിന്നാലെ ചെന്ന് സീറോമലബാറിനെ വളർത്തുന്നതിനേക്കാൾ അവരെ വിശ്വാസത്തിൽ ഉറപ്പിക്കാനുള്ള താല്പര്യവും സമയവും കണ്ടെത്തണം. മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്ന യേശുവിൻ്റെ ചോദ്യം നമ്മുടെ കാലത്തെക്കുറിച്ചാണെന്നു തോന്നുന്നു. സമുദായ ശക്തി നശിച്ചും ആത്മീയവിശ്വാസം ക്ഷയിച്ചു രണ്ടിനും ഇടയിൽ ബന്ധം തകർന്നു നിന്നാൽ സീറോ ബാർസഭയുടെ ഭാവിയും അനിശ്ചിതത്വത്തിലാകും.

സമാപനം

2026 ൽ സഭ സ്വീകരിക്കാൻ പോകുന്ന സമുദായ ശാക്തീകരണ പദ്ധതികൾ സുതാര്യതയോടും കാര്യക്ഷമതയോടും സ്വതന്ത്ര ചിന്തയോടും കൂടിയായാൽ സമൂഹം പുനർജീവിക്കാം. സമുദായം ശക്തിപ്പെടുമ്പോഴാണ് സഭ ശക്തി കണ്ടെത്തുക. ഇത് തിരിച്ചറിയുന്ന നിമിഷം സീറോ മലബാർ സഭയുടെ പുനർജന്മത്തിന്റെ തുടക്കമായിരിക്കും.

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ
25-11-2025