ഒക്ടോബർ 7 വീഴ്ച: മൂന്ന് ജനറൽമാരെ പുറത്താക്കി ഇസ്രായേൽ സൈന്യം.

ജെറുസലേം ∙ 2023 ഒക്ടോബർ 7-ന് ഹമാസ് സംഘടിപ്പിച്ച അതിഭീകരാക്രമണം തടയുന്നതിൽ വീഴ്ച പറ്റിയതിനെ തുടര്‍ന്ന് മൂന്ന് ജനറല്‍മാരെ പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികളാണ് ഇസ്രായേൽ സൈന്യം സ്വീകരിച്ചത്. പല മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്കനടപടികളും ആരംഭിച്ചിട്ടുണ്ട്. ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു ഒക്ടോബർ ഏഴിലെ ദാരുണ ദിനം.

സേനയുടെ പ്രവർത്തനത്തിലെ പാളിച്ചകളെ കുറിച്ച്‌ വ്യവസ്ഥാപരമായ അന്വേഷണം വേണമെന്ന് സൈനിക മേധാവി ഇയാൽ സമീർ ഉയർത്തിയ ആവശ്യത്തിന് പിന്നാലെയാണ് നടപടി. ഡിവിഷനുകളുടെ കമാൻഡർമാരുള്‍പ്പെടെയാണ് പുറത്താക്കപ്പെട്ട ജനറൽമാർ. ഇവരിൽ ഒരാൾ അന്ന് സൈനിക ഇന്റലിജൻസ് മേധാവിയുമായിരുന്നു.

ഗസയിൽ നിന്നുള്ള ഹമാസ് ആക്രമണം തടയുന്നതിൽ ഉണ്ടായ പരാജയങ്ങൾക്ക് വ്യക്തിപരമായ ഉത്തരവാദിത്വം മൂവർക്കുമാണെന്ന് സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇവർ രാജിവെച്ചതിനു പിന്നാലെയാണ് സൈന്യം ഔദ്യോഗിക നടപടി പ്രഖ്യാപിച്ചത്.

നാവിക-വ്യോമസേനാ മേധാവിമാർ അടക്കമുള്ള മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ട്. ഒക്ടോബർ ഏഴിലെ സംഭവങ്ങളെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണറിപ്പോർട്ട് ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. ദീർഘകാലമായി സൈനിക സംവിധാനത്തിനുള്ളിൽ നിലനിന്നുവന്ന ഘടനാപരമായ പരാജയങ്ങളെയും റിപ്പോർട്ട് തുറന്നുകാട്ടുന്നു.

അസാധാരണനിലവാരമുള്ള പ്രതിരോധ-റഹസ്യാന്വേഷണ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും ആക്രമണസൂചനകൾ തിരിച്ചറിയാനാകാത്തത് ഇന്റലിജൻസ് വിഭാഗത്തിന്റെ ഗുരുതര വീഴ്ചയാണെന്ന് അന്വേഷണ സമിതി വിലയിരുത്തി. ആക്രമണരാത്രിയിലെ തീരുമാനം എടുക്കലിലും സേന വിന്യാസത്തിലും വലിയ പോരായ്മകൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2023 ഒക്ടോബർ 7-ന് ഇസ്രായേൽ സമയം രാവിലെ 6.30ഓടെയാണ് ഹമാസ് ‘തൂഫാനുൽ അഖ്സ’ എന്ന പേരിൽ വൻതോതിലുള്ള ആക്രമണം ആരംഭിച്ചത്. തെൽ അവീവിലേക്കടക്കമുള്ള പ്രദേശങ്ങളിലേക്ക് 5,000-ത്തിലധികം റോക്കറ്റുകൾ പെയ്തുവീണു. ഇസ്രായേലിന്റെ ഇന്റലിജൻസ് സംവിധാനവും ‘ഐൺ ഡോം’ പ്രതിരോധ കവചവും പൂര്‍ണമായും കബളിപ്പിക്കപ്പെട്ടതായിരുന്നു.

ആക്രമണത്തിൽ 373 സൈനികർ അടക്കം 1,139 പേർ കൊല്ലപ്പെട്ടിരുന്നു. 250-ത്തിലധികം പേരെ ഹമാസ് ബന്ദികളാക്കിയതായും പിന്നീട് സ്ഥിരീകരിച്ചു.