രാജപുരവും അവിടുണ്ടായിരുന്ന തിരുക്കുടുംബ ദേവാലയവും ഇക്കഴിഞ്ഞ നാളുകളിൽ ഒരു ചർച്ചാ വിഷയം മാത്രം ആയിരുന്നില്ല . അത് ഒരു ചരിത്രത്തിന്റെ നിലംപൊത്തൽ കൂടെയായിരുന്നു .
എന്നാൽ , അതിനോടൊപ്പം തന്നെ മറ്റൊരു രാജ്യത്ത് – സ്വീഡനിൽ – മതപരമായും സാംസ്‌കാരികമായും അതീവപ്രാധാന്യമുള്ള ഒരു സഭയെ, സഭാ ചരിത്രത്തെ രക്ഷപ്പെടുത്താനുള്ള വലിയ ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ഒരു ഭീമൻ ഖനി പദ്ധതിയുടെ ഭാഗമായ ഭൂമിയിൽ നിന്ന്, ഒരു ക്രൈസ്തവ ദേവാലയത്തെ പൂര്‍ണമായും അതിന്റെ രൂപവും അകത്തളവും തെറ്റാതെയാണ് മാറ്റിയെടുത്തത്. അതായത്, പള്ളിയുടെ ഒരു കല്ലുപോലും തകർക്കാതെ തന്നെ പുതിയ സ്ഥലത്തേക്ക് അതിന്റെ പൂർണ്ണ മഹിമയോടെ മാറ്റി.
ഇവിടെ നിന്നാണ് നമ്മൾ നമ്മുടേതായ ഒരു ചരിത്ര പരിശോധന ആരംഭിക്കേണ്ടത്.
ആവശ്യമുള്ളത് കെട്ടിടംമാത്രമല്ല – മനസ്സും ചരിത്രബോധവും ആണ്
കേരളത്തിലെ ക്നാനായ കത്തോലിക്ക സമൂഹം, ദൈവവിശ്വാസം , മതാനുഷ്ഠാനം, മാതൃകാപരമായ സംസ്‌കാരമെന്നിങ്ങനെയുള്ള ആശയങ്ങൾക്ക് ഒരുപാട് പ്രാധാന്യം നൽകുന്ന സമൂഹമാണ്. എന്നാൽ, ഈ അതിജീവനത്തിന്റെ പിന്നിൽ ഉള്ള ഭൗതിക അവശിഷ്ടങ്ങൾ – പുരാതന പള്ളികൾ, ചരിത്രസ്മാരകങ്ങൾ, ഒറ്റപ്പെട്ട രേഖകൾ പോലും – സമൂഹത്തിന്റെ , ചരിത്രത്തിന്റെ സ്മരണകൾ ആണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും തിരിച്ചറിയേണ്ട സമയം കഴിഞ്ഞു.
രാജപുരത്തെ ചരിത്രങ്ങൾ ഉറങ്ങുന്ന ഒരു പള്ളി , ഒരു പുതിയ ആധുനിക കെട്ടിടത്തിനു വേണ്ടി വഴി വിട്ട് പൊളിച്ചുമാറ്റി . പുതിയ പള്ളിയിൽ ( അത് പണിതാൽ) ഒരു നവീനതയുണ്ടാകും – എന്നാൽ അതിൽ ഒരു ചരിത്രമില്ല. അതിൽ പവിത്രത ഉണ്ടാകാം – എന്നാൽ അതിൽ സമാനതകളില്ലാത്ത ആധ്യാത്മിക അനുഭവങ്ങളുടെ പാതകളില്ല.
സ്വീഡന്റെ മാതൃക പാരമ്പര്യത്തിന്റെയും , ചരിത്രത്തിന്റെയും സംരക്ഷണത്തിന്റെ മാതൃകയാണ് .
മൈൻ നിർമാണം പോലുള്ള ഒരു വൻ പദ്ധതിക്ക് പോലും മുന്നിൽ കീഴടങ്ങാതെ, ഒരു സമൂഹം അവരുടെ ആത്മാവായ പള്ളിയെ സംരക്ഷിച്ചു. അതിനായി ചെലവിട്ട പണവും സാങ്കേതികതയും ചരിത്രത്തിന്റെ മുന്നിലൊരു കടപ്പാടായി ഉയർത്തിക്കാണിക്കപ്പെടും
ഇത് ഒരു പാഠമാണ്.
പള്ളികൾ പ്രാർത്ഥനസ്ഥലങ്ങൾ മാത്രമല്ല , ഒരു സമൂഹത്തിന്റെ ചരിത്രം പറയുന്ന തിരുശേഷിപ്പുകൾ കൂടിയാണ് .
ഭാവിവർഷങ്ങളിൽ നമ്മുടെ പാരമ്പര്യം എങ്ങനെയായിരിക്കും എന്നത്, നാം ഇന്ന് എങ്ങനെയാണ് ആ പാരമ്പര്യത്തെ വിലമതിക്കുന്നത് എന്നതിൽ നിന്നാണ് നിർണ്ണയിക്കപ്പെടുന്നത്.
സമൂഹമായി, ചരിത്രം സംരക്ഷിക്കുന്നതിൽ നമുക്ക് വലിയ ഉത്തരവാദിത്വമുണ്ട്.
ചെറിയ ഇടങ്ങളിൽ പോലും വലിയ പൈതൃകങ്ങൾ അടങ്ങിയിരിക്കുന്നു. അത് തകർക്കുന്നതിന് മുൻപ് നാം ചോദിക്കണം: “ഇത് വരും തലമുറക്ക് നാം വിടുന്ന വസ്തുതയോ ശൂന്യതയോ?”
ഇനി അവശേഷിക്കുന്നത് എന്താകും എന്നത് നയിക്കുന്ന ഇടയന്മാരിലും, അല്പമെങ്കിലും ചെറുത്തുനിൽക്കുവാൻ കെൽപ്പുള്ള കുഞ്ഞാടുകളിലും അടങ്ങിയിരിക്കുന്ന ചരിത്രബോധത്തിന് വിട്ടുകൊടുക്കാം .
വായനക്ക് നന്ദി ,
ബിനു തുരുത്തിയിൽ
https://www.facebook.com/share/p/1AtVoo2kZ6/?mibextid=wwXIfr
