ഐൽ ഓഫ് വൈറ്റ്: പരിശീലനപ്പറക്കലിനിടെ ഷാങ്ക്ലിനിന് സമീപം നടന്ന ഹെലികോപ്റ്റർ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റതായാണ് ഹാംപ്ഷയർ ആൻഡ് ഐൽ ഓഫ് വൈറ്റ് പോലീസ് അധികൃതർ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാവിലെ 9.20ഓടെ A3020 റോഡിന് സമീപമാണ് അപകടം സംഭവിച്ചത്.
റോബിൻസൺ R44 II മോഡലായ G-OCLV രജിസ്ട്രേഷനിലുള്ള ഹെലികോപ്റ്റർ ഐൽ ഓഫ് വൈറ്റിലെ സാൻഡൗൺ എയർപോർട്ടിൽ നിന്നാണ് പറന്നുയർന്നത്. പറക്കലിനിടയിൽ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് ഗ്രൗണ്ടിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു എന്നാണ്, പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. അപകടസമയത്ത് നാല് പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഗുരുതരമായി പരുക്കേറ്റയാളെ എയർ ആംബുലൻസിന്റെ സഹായത്തോടെ സൗത്താംപ്ടൺ യൂണിവേഴ്സിറ്റി ആശുപത്രിയിലെ മേജർ ട്രോമ സെന്ററിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് അടിയന്തര സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കി, സമീപത്തുള്ള റോഡുകൾ താത്കാലികമായി അടച്ചുവെക്കുകയും ചെയ്തു.
ഹെലികോപ്റ്റർ ഓപ്പറേറ്റർയായ നോർത്തംബർലാ ഹെലികോപ്റ്റേഴ്സ് നൽകുന്ന വിവരമനുസരിച്ച്, പരിശീലനത്തിനായി പറത്തിയിരുന്ന ഹെലികോപ്റ്ററിൽ പൈലറ്റും മൂന്ന് യാത്രക്കാരുമുമുണ്ടായിരുന്നു.
പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ, മരിച്ചവരുടേയും പരിക്കേറ്റയാളുടേയും വിശദ വിവരങ്ങൾ ഈ ഘട്ടത്തിൽ പങ്കുവെക്കാനാകില്ലെന്നും അപകടത്തിന്റെ കാരണം വ്യക്തമാക്കാനായി എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ സഹകരണത്തോടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.
ശാൻക്ലിൻ ടൗൺ കൗൺസിൽ പുറത്തിറക്കിയ പ്രതികരണത്തിൽ, “ഇത്തരം ഒരു പറക്കൽ അപകടം നഗര പരിധിയിൽ നടന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. ജനവാസ മേഖലയിൽ നിന്നും അകലെയായിരുന്നതിനാൽ കൂടുതൽ നഷ്ടങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞതിൽ പൈലറ്റി നോട് നന്ദിയുള്ളതായി” കൗൺസിൽ വ്യക്തമാക്കി.
ഹാംപ്ഷയർ & ഐൽ ഓഫ് വൈറ്റ് എയർ ആംബുലൻസ് പ്രതിനിധിയും പ്രതികരിച്ചു: “പരിക്കേറ്റ ഒരാളെ സൗത്താംപ്ടൺ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഞങ്ങളുടെ പിന്തുണ നൽകുന്നു.”
എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
