വാഴ്വ്വ് നല്കുന്ന സന്ദേശം! ഭയപ്പെടുത്തുക, ഓടിച്ചു തളർത്തുക, ഭിന്നിപ്പിച്ച് ഭരിക്കുക….!

ജിമ്മി ചെറിയാൻ

പ്രിയ സഹോദരങ്ങളെ,

UK യിൽ 2000 മുതൽ ജോലിയും മെച്ചപ്പെട്ട ജീവിതസാഹചര്യവും തേടിയെത്തിയ നാം പ്രവാസി മലയാളികളായ ക്നാനായക്കാർ, ഒരേ കൂട്ടായ്മയിൽ പൈതൃക സ്വത്വബോധത്തിൽ അഭിമാനിച്ചും, ഈ നാടിന്റെ മഹത്തായ പാരമ്പര്യങ്ങളും, ക്രൈസ്തവ വിശ്വാസ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചും പൊതുസമൂഹവുമായി തികഞ്ഞ സഹവർത്തിത്വത്തോടെ ജീവിച്ചു പോരുകയായിരുന്നു.!
നമ്മോടൊപ്പം UK യിൽ കുടിയേറിയ ഇതര ക്രൈസ്തവ വിശ്വാസികളും, ഇവിടെയുള്ള ഇംഗ്ലീഷ് പള്ളികളിൽ നിന്നും എല്ലാവിധ പരിഗണനയും ലഭിച്ചുകൊണ്ട്, കൂദാശ ജീവിതത്തിൽ നല്ല ക്രിസ്ത്യാനികളായി മുന്നേറുകയായിരുന്നു.
പിന്നാലെ ഇവരെ ശുശ്രൂഷിപ്പാൻ എത്തിയ മലയാളി വൈദികർക്ക്, ലത്തീൻ ഇംഗ്ലീഷ് പള്ളികളിൽ ശുശ്രൂഷ ചെയ്യാനും, മലയാളത്തിൽ സീറോ /മലങ്കര /ലത്തീൻ റീത്തിൽ കുർബാന അർപ്പിക്കാനും ധ്യാനിപ്പിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ ഇവിടുത്തെ ഇംഗ്ലീഷ് പള്ളികളിലെ വൈദികർ നൽകിയിരുന്നു.!!!

ഇങ്ങനെ ഒന്നിച്ച് നിന്ന സഭാ സമൂഹങ്ങളെ, ഭിന്നിപ്പിച്ച് ഭരിക്കുന്ന അധികാര വർഗ്ഗമായി 2016ൽ യുകെയിൽ സ്ഥാപിതമായ സീറോ മലബാർ സഭ മാറി. അന്ന് മുതൽ മലയാളികളായ ക്രൈസ്തവ സമൂഹത്തിൽ അധികാരത്തിന്റെ ഗർവ്വിൽ ചാരിറ്റി ഫണ്ടും ഉപയോഗിച്ച് ഭിന്നിപ്പിന്റെ ദുരാത്മാവ് പ്രവർത്തിക്കുന്ന അപലക്ഷണങ്ങൾ കണ്ടു തുടങ്ങി.! വിശ്വാസികൾ ഇതിനെതിരെ പ്രതികരിക്കാൻ തുടങ്ങി.

സീറോ മലബാർ രൂപതാ അധ്യക്ഷൻ മാർ സ്രാമ്പിക്കൽ, തനിക്ക് സ്വാധീനിക്കാവുന്ന എല്ലാ മേഖലകളിലും, ശുശ്രൂഷ യേക്കാൾ ഉപരി, മുഴുവൻ സീറോ മലബാർ അംഗങ്ങളെയും, പൊതുസമൂഹത്തിൽ നിന്നും അടർത്തി മാറ്റി സ്വന്തം ആടുകളെന്ന നിലയിൽ ഭരിക്കാൻ വേണ്ടി തന്റെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലാക്കാൻ, പ്രത്യേക നിയമങ്ങളും, നിയമവ്യവസ്ഥകളുമായി ജനാധിപത്യം വിരുദ്ധമായി, പൗരാവകാശങ്ങൾ പോലും ലംഘിച്ചുകൊണ്ട്, വിശ്വാസ സമൂഹത്തെ വരിഞ്ഞുമുറുക്കി.!

സൗജന്യമായി ലഭിക്കേണ്ട കൂദാശകൾ, സാമ്പത്തിക നേട്ടങ്ങൾക്കായി ഉപയോഗിക്കുകയും, ഗ്രേറ്റ് ബ്രിട്ടൻ രൂപത അംഗങ്ങൾക്ക് നിർബന്ധിത അംഗത്വം വിതരണം ചെയ്തു, ചാരിറ്റിയുടെ പണം തട്ടാനും, അതിൽ അംഗമാകാത്തവരുടെ കൂദാശകൾ പോലും മുടക്കി, വിശ്വാസ സമൂഹത്തിന് മേൽ വെല്ലുവിളികൾ ഉയർത്തി.
മാർ സ്രാമ്പിക്കിന്റെ നേതൃത്വത്തിൽ കൂദാശ നിഷേധങ്ങളിലൂടെ, ഭയചകിതരായി സീറോ മലബാർ അംഗത്വം എടുക്കാത്തവർക്ക് ഇംഗ്ലീഷ് പള്ളികളിൽ പോലും കൂദാശകൾ നിഷേധിച്ചത് വിശ്വാസ ജീവിതത്തെ മലിനീകരിച്ചു.

കോട്ടയം രൂപതാ അധ്യക്ഷനെ തന്നെ കൂട്ടുപിടിച്ച്, UKയിൽ ലത്തീൻ രൂപതയിൽ ക്നാനായക്കാർക്കായി വ്യതിരക്തമായി ലഭിച്ച ചാപ്ലിൻസുകളും നിർത്തലാക്കിച്ചു.!
UK യിലെ ക്നാനായക്കാരുടെ അഭിമാന സ്തംഭമായ UKKCA എന്ന് ചാരിറ്റി സംഘടനയുടെ ആത്മീയ നേതൃത്വത്തിലേക്ക് സഭാപരമായി നുഴഞ്ഞു കയറുവാൻ മാർ സ്രാബിക്കൻ നടത്തിയ കുൽസിത ശ്രമങ്ങൾ, കോട്ടയം രൂപതാ അധ്യക്ഷനും സമുദായ സംഘടനയിൽ നിന്നും മാറി നിൽക്കുവാൻ കാരണമാക്കി…!
സഭാധികാരങ്ങളുടെ ഗർവ്, പൗരാവകാശത്തിന്റെ ധ്വംസനം, വ്യക്തിസ്വാതന്ത്ര്യത്തന്മേൽ ഉള്ള കടന്നുകയറ്റം, എന്നിവയുടെ സകല സീമകളും ലംഘിച്ച് ഈ രാജ്യത്തിന്റെ മൂല്യങ്ങളും നിയമങ്ങളും ലംഘിച്ച്, വിശ്വാസ സമൂഹത്തെ അടിമത്വത്തിലേക്കും ഭീതിയിലേക്കും നയിച്ചു.! അവരുടെ സഹോദരങ്ങളെയും കുടുംബങ്ങളെയും ഭിന്നിപ്പിച്ചത് കൂദാശകളേയും പൗരോഹിത്യ ശുശ്രൂഷകളെയും ആയുധമാക്കിയാണ്.!

ക്നാനായ സമുദായത്തിന്റെ, ഐക്യം തകർക്കാൻ വാഴ്വ്വ് എന്ന പേരിൽ 2023ൽ സമുദായത്തിലെ ഒരു വിഭാഗത്തേയും, തന്റെ കീഴിലുള്ള ക്നാനായ വൈദികരുമായി ഒരു സംഗമത്തിന് തുടക്കമിട്ടത് സീറോ മലബാർ അംഗത്വം എടുക്കാത്തവരുടെ കൂദാശ മുടക്കും എന്ന ഭീഷണിയോടെ ആയിരുന്നു.! ആദ്യം യുകെയിൽ സീറോമലബാർ അംഗത്വം എടുക്കാത്തവരുടെ കൂദാശകൾ കോട്ടയം രൂപതയിൽ പോലും മുടക്കിയിരുന്നു. ഇതിനെതിരെ കോട്ടയത്തെ കോടതിയിൽ നിന്ന് കൂദാശ മുടക്ക് തടയുന്ന ഇടക്കാല ഉത്തരവ് ലഭിച്ചതോടെ (IA 23, OS 265/2023 ktm) കേരളത്തിൽ കൂദാശ നടത്താൻ നിയമപരമായി സാധിക്കുന്നുണ്ട്.! എന്നാലും UKയിലെ സീറോമലബാർ രൂപതയുടെ ഭീഷണികൾ, ഇടപെടലുകൾ, നിയമലംഘനങ്ങൾ എല്ലാം സന്തോഷകരമായി നടക്കേണ്ട കൂദാശകളെ വേദനാജനകമായി മാറ്റും എന്ന് ഭയപ്പെടുത്തുന്നുണ്ട്.!!

സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത, ക്രൈസ്തവ വിശ്വാസികളുടെമേൽ കടന്ന് കയറി മൗലീകമായ അവകാശ ലംഘനങ്ങൾ, കൂദാശകൾ നിഷേധിക്കുന്നതും മുടക്കുന്നതും, വിശ്വാസികളുടെ ഇടയിൽ ഭയം ജനിപ്പിച്ചിരിക്കുന്നു..! ഇങ്ങനെ ഭയപ്പെടുത്തി പ്രതിഷേധങ്ങളുടെ, ശബ്ദവും നിലയ്ക്കണമെന്നും ഇവർ ആഗ്രഹിക്കുന്നുണ്ടാവാം…!

വാഴ്വ്വ് എന്ന അനീതിക്കെതിരെ ആ വേദികൾക്ക് മുന്നിൽ, 2003ലും 2004ലും വിശ്വാസികൾ പ്രതിഷേധിച്ചിട്ടുണ്ട്.!.
സഹോദരങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള വേദനയിൽ നിന്നാണ് മൗനം വെടിഞ്ഞും, ഈ വക പ്രതിഷേധങ്ങൾ ഉയരുന്നത്.!
തങ്ങളുടെ ഇടയിലെ ഇരകളോടൊപ്പം നിൽക്കാൻ ക്രൈസ്തവ വിശ്വാസ മൂല്യങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുന്നു.!
ഒറ്റപ്പെട്ടവന്റെ ശബ്ദമാകുവാൻ, നീതി നിഷേധിക്കപ്പെട്ടവനോടൊപ്പം നിൽക്കുവാൻ,
ക്രിസ്തുവിനോട് ചേർന്ന് നിൽക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു….!
അതിലേക്ക് നിങ്ങളെ ക്രിസ്തുനാമത്തിൽ ക്ഷണിക്കുന്നു…!🙏

✝️കര്‍ത്താവിന്റെ ആത്‌മാവ്‌ എന്റെ മേല്‍ ഉണ്ട്‌. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന്‌ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്‌ധിതര്‍ക്ക്‌ മോചനവും, അന്‌ധര്‍ക്കു കാഴ്‌ചയും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും..
(ലൂക്കാ 4 : 18) പ്രഖ്യാപിച്ച ക്രിസ്തു നമ്മോടൊപ്പം ഉണ്ടായാൽ, നാം വേട്ടക്കാരനോടൊപ്പമോ ഇരകൾക്കൊപ്പമോ എന്ന ചോദ്യവും പ്രസക്തമാണ്…!

ജിമ്മി ചെറിയാൻ, സണ്ണി ജോസഫ്, ഷാജു കുടിലിൽ, സിബി തോമസ് ഇവരെല്ലാം നമ്മുടെ ഇടയിലെ അനേകം ഇരകളിൽ ചിലർ മാത്രം..!!!
ഈ അനീതിക്ക് ഒരു അവസാനം വേണ്ടേ,..⁉️
ഇതര ക്രൈസ്തവ സമൂഹങ്ങളിൽ, ഈ രാജ്യത്തെ ഇംഗ്ലീഷ് രൂപതകളിൽ അംഗത്വം എടുത്തിട്ടല്ല, അവർ ഒരു വിശ്വാസിയുടെ കൂദാശകൾ നൽകുന്നത്. അത് വിശ്വാസിയുടെ അവകാശമാണെന്ന് അറിയുന്നത് കൊണ്ടാണ്…!

സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത അധികാരത്തോടും പണത്തോടുമുളള്ള അമിതാസക്തി ഉപേക്ഷിച്ച്, ഈ രാജ്യത്തിന്റെ പൊതു നിയമം അംഗീകരിച്ചാൽ മാത്രം മതി ഈ രാജ്യത്ത് എല്ലാവർക്കും, സന്തോഷത്തിലും സമാധാനത്തിലും സ്നേഹത്തിലും സ്വാതന്ത്ര്യത്തിലും തങ്ങളുടെ വിശ്വാസ ജീവിതം ഒരു വ്യക്തിയുടെയും അവകാശമായി തന്നെ സംരക്ഷിക്കാനാവും…!!!