ആഗ്രഹിക്കാം, പൂർത്തീകരിക്കണമെന്നില്ല.


ജോൺ കരമ്യാലിൽ
ചിക്കാഗോ

2025 ഒക്ടോബർ 4, ശനിയാഴ്ച UK യിലെ ജോസഫ് സാബ്രിക്കൽ മെത്രാന്റെ ക്നാനായ മിഷന്റെ ‘വാഴ്‌വ് 2025’ ലെ തന്റെ ആശംസാപ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. സഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിലും വളർത്തുന്നതിലും സുപ്രധാന പങ്കു വഹിക്കുന്ന ക്നാനായ സമുദായത്തിന്റെ സാന്നിധ്യമാണ് സഭയുടെ ഏറ്റവും വലിയ കരുത്ത് എന്നും, അദ്ദേഹം ക്നാനായ സമുദായത്തെ നന്നായിട്ട് അറിയുന്നവനും, സമുദായ പാരമ്പര്യത്തെ ഏറെ വിലമതിക്കുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ കരുത്ത് സഭയുടെ നിലനില്പിന്റെ ആവശ്യമായതിനാൽ ഈ സീറോ കൂടെ നിർത്തുന്നു. പൗരസ്ത്യ പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം അതാത് മെത്രാന്മാർക്കുണ്ടന്നും, ക്നാനായ കത്തോലിക്കർ കത്തോലിക്കാരായിത്തന്നെ മരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും 2016 ൽ അധികാരമേറ്റ അദ്ദേഹം പ്രസംഗിച്ചപ്പോൾ, അതിനു തൊട്ടുള്ളിലായി 2023 ലും 2025 ലുമായി സീറോ മലബാറിന്റെ അനാവശ്യമായ കടുംപിടുത്തം മൂലം അദ്ദേഹത്തിന്റെ രൂപതയിലെ നാല് യുവതിയുവാക്കൾക്ക് കത്തോലിക്ക വിശ്വാസം വെടിയേണ്ടിവന്നതാണ് എന്റെ ഓർമ്മയിലേക്ക് പൊടുന്നനെ വന്നത്. അതിൽ അദ്ദേഹത്തിനിപ്പോൾ ഖേദമുള്ളതായിട്ട് അറിയുന്നു; നല്ലത്. ഒരു സഭയിൽനിന്നും മറ്റൊരു സഭയിലേക്കുള്ള മാറ്റം വിശ്വാസാധിഷ്ടിധത്തിലാണ്, അത് എപ്പോൾ വേണമെങ്കിലും മാറാം; മാറ്റാം. UK യിലെ ക്നാനായ കത്തോലിക്കർ ഈ സഭയിൽ ഉറച്ചുനിൽക്കുന്നതിനായി സഭാനിയമങ്ങൾ അനുവദിക്കുന്ന എല്ലാ വിട്ടുവീഴ്ചകളും ചെയ്യുവാൻ അദ്ദേഹവും അദ്ദേഹത്തിന്റെ രൂപതയും തയ്യാറാണന്നും അദ്ദേഹം പറഞ്ഞു. ഇത് മുഖവിലയ്ക്ക് എടുക്കാമെങ്കിലും ഇവിടുത്തെ ഒരു പഴുത് (loophole) ‘സഭാനിയമങ്ങൾ അനുവദിക്കുന്ന’ എന്നുള്ളതാണ്. സഭയെന്നു പറയുന്നത് ഈ മെത്രാന്മാരും, സഭാനിയമങ്ങളെന്നു പറയുന്നത് ഈ മെത്രാന്മാർ അപ്പോഴപ്പോൾ പറയുന്നതുമാണ്; അല്ലാതെ കർത്താവൊന്നും ഇറങ്ങിവന്നു തന്നതല്ല / പറഞ്ഞതല്ല; ഇതിനകത്ത് കർത്താവിനെ പഴിക്കേണ്ടതുമില്ല. ഇവിടങ്ങളിലെ ക്നാനായ മിഷനുകളും പള്ളികളും കോട്ടയത്തെപ്പോലെയാണന്നു ഈ ജോസഫ് മെത്രാനും ചിക്കാഗോ രൂപതയുടെ മുൻ അധ്യക്ഷനായിരുന്ന ജേക്കബ് അങ്ങാടിയത്ത് മെത്രാനും നാളിതുവരെ പറഞ്ഞിട്ടില്ലന്നുള്ളത് സവിശേഷതയുള്ള സത്യമാണ്; ഇതെല്ലാം കോട്ടയത്തേതുപോലെ തന്നെയാണന്നു പറഞ്ഞു നുണയും തെറ്റുമായ വിശ്വാസവും ബോധ്യവും ക്നാനായ മക്കളിൽ മസ്‌തിഷ്‌കപ്രക്ഷാളനം (brain-washing) ചെയ്തുറപ്പിച്ചതും ചെയ്തുറപ്പിച്ചുകൊണ്ടിരിക്കുന്നതും ഈ മിഷനുകളിലെ ജോലിക്കാരായ ക്‌നാനായ റാൻമൂളി അച്ചന്മാരാണ്. ഇവരാണ് സമുദായത്തെ പിന്നിൽനിന്നും മുന്നിൽനിന്നും കുത്തുന്നത്. സഭ അനുവദിക്കുന്ന വിട്ടുവീഴ്ചകൾ എന്ന് സാബ്രിക്കൽ മെത്രാൻ പറഞ്ഞിടത്ത്, എൻഡോഗമി (endogamy) / സ്വവംശവിവാഹനിഷ്ഠ സഭ അനുവദിക്കുന്നില്ല എന്നാണ് അങ്ങാടിയത്ത് മെത്രാൻ പറഞ്ഞത്; അതായത് ഇവരാരും സമുദായ സംരക്ഷണത്തിനുവേണ്ടി ഒന്നുംതന്നെ ചെയ്യുകയില്ലായെന്ന്; അതിന്റെയൊന്നും ആവശ്യം അവർക്കില്ലതാനും. ഇവിടെയൊക്കെ സംരക്ഷിക്കേണ്ടവർ തന്നെ സ്വന്തം കൈകളാൽ ഉദകക്രിയ ചെയ്യുന്നു, അതാണ് ഏറെ പരിതാപകരം.

 സീറോ മലബാർ സഭയുടെ ഭാഗത്തുനിന്നും ക്നാനായ സമുദായത്തെ ഹനിക്കുന്ന / ഉൽമൂലനം ചെയ്യുന്ന അനുഭവങ്ങളാണ് സമുദായത്തിനു ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ക്നാനായ സമുദായം ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണന്നും വൈദ്യതി പ്രവാഹ വേഗതയിൽ സമുദായ കാര്യങ്ങൾ സാധിച്ചുതരാമെന്നു കാലം ചെയ്ത വർക്കി വിതയത്തിൽ കർദ്ദിനാൾ പറഞ്ഞു കിട്ടിയത് വാങ്ങിച്ചുകൊണ്ടു പോയതല്ലാതെ അദ്ദേഹം പോയവഴി പുല്ല് കിളിർത്തിട്ടില്ല. എന്നാൽ ശേഷം വന്ന ജോർജ്ജ് ആലഞ്ചേരി കർദ്ദിനാൾ പറഞ്ഞത്, താനും  തനിക്കു ശേഷം വരുന്നവരും ക്നാനായ സമുദായത്തിനു ഒന്നും തരികയില്ലന്നു പറഞ്ഞു. ശേഷം വന്ന റാഫേൽ തട്ടിൽ മെത്രാപ്പോലീത്തയാണങ്കിൽ എവിടെയായിരിക്കുന്നുവോ അവിടെല്ലാം പുളിമവെന്നു പറഞ്ഞു സുഖിപ്പീരും പഞ്ചാരയടിയുമാണ്. ഈ സാബ്രിക്കൽ മെത്രാൻ തന്നെയാണ്, മാത്യു മൂലക്കാട്ട് മെത്രാൻ ഒരു ക്നാനായക്കാരനായതിനാൽ ഇനി മേലോട്ട് വളർച്ചയില്ലായെന്ന് പറഞ്ഞത്. ഇവിടെ ക്നാനായ സമുദായത്തെയാണ് മാത്യു മൂലക്കട്ട് മെത്രാനെന്നു വിവഷിച്ചത്. എന്നാൽ കുലച്ചുപോയ കൊടപ്പനപോലെ ഒരിക്കലും ക്നാനായ സമുദായം ആയിരിക്കുകയില്ല. അങ്ങനെയാകുമ്പോൾ ക്നാനായ ചൈതന്യം നഷ്ടപ്പെടുത്തുവാൻ വേണ്ടി ശ്രമിക്കുന്ന ഒരു മെത്രാനായിട്ട് ആരെങ്കിലും ജോസഫ് സാബ്രിക്കൽ മെത്രാനെ ചിത്രീകരിച്ചാൽ അത് തെറ്റാണന്നു പറയുക ആയാസകരമാണ്. അദ്ദേഹത്തിനത് കർത്താവ് കാണട്ടെയെന്നു പറഞ്ഞു തടിയൂരാം. എന്നാൽ ക്നാനായക്കാർക്ക് ഈ സമുദായത്തെ കർത്താവു കാണട്ടെയെന്നു പറഞ്ഞു ആശ്വസിക്കുവാനാകില്ല; ക്നാനായക്കാർ ഈ ലോകത്തിൽ ഈ ജനങ്ങളുമൊത്ത് ഇടപെഴുകി ജീവിക്കുന്നവരാണ്. അവനവനു നഷ്ടം വരുന്ന സഹായങ്ങൾ ആർക്കും ചെയ്യേണ്ട ആവശ്യമില്ല; ചെയ്യരുത്. 

ജോസഫ് സാബ്രിക്കൽ മെത്രാനായശേഷം വിശ്വാസ വളർച്ചയ്ക്കായിട്ടും കൗദാശിക ജീവിതത്തിനായിട്ടും സാധിക്കുന്നതെല്ലാം ചെയ്തിട്ടുണ്ടന്നു പറയുമ്പോഴും പെട്ടന്നു മനസ്സിൽ വരുന്നത് തന്റെ രൂപതയിൽ നിന്നും കത്തോലിക്ക വിശ്വാസം വിടേണ്ടിവന്ന ആ നാല് യുവതീയുവാക്കളെയാണ്; തകർക്കുവാൻ എന്തും എളുപ്പമാണ്, കെട്ടിപ്പൊക്കുവാനാണ് പ്രയാസം.  'സാധിക്കുന്നിടത്തോളം'  എന്നു കൂട്ടിച്ചേർത്താൽ ഇതിനപ്പുറത്തേയ്ക്ക് ഒന്നുമില്ലന്നും തന്നിടത്തോളമേയുള്ളുവെന്നും സാരം. ഒരാൾക്ക് എന്തു / എന്തുമാത്രം സാധ്യമാകുമെന്നതിനേക്കാൾ ഒരാൾക്ക് ആവശ്യമായിട്ടുള്ളത് സാധ്യമാക്കുക എന്നതാണ് മുഖ്യം. നമുക്ക് ഒന്നിച്ചു നിൽക്കണമെന്നു പറയുന്നതിലൂടെ അവൻ പറയുന്നതു യന്ത്രമനുഷ്യൻപോലെ മറ്റുള്ളവർ അനുസരിച്ചോണം എന്നാണ്; അല്ലങ്കിൽ അവനു എന്തുകൊണ്ട് മറ്റുള്ളവർക്കൊപ്പം നിന്നുകൂടാ. ഒരുവിധത്തിൽ പറഞ്ഞാൽ വടക്കുംഭാഗ മെത്രാന്മാരെക്കാൾ ക്നാനായ സമുദായത്തിനു ഇപ്പോൾ കൂടുതൽ അപകടകാരികൾ ക്‌നാനായ സമുദായത്തിലെ മെത്രാന്മാരും ഈ മിഷനിലെ അച്ചന്മാരുമാണ്. ഈ അച്ചന്മാർക്ക് ക്നാനായ സമുദായത്തിനുവേണ്ടി നിലകൊള്ളുവാനാകില്ല; അവർ വടക്കുഭാഗ രൂപതയിലെ ജോലിക്കർ (eplyoees) ആണ്; സമുദായം ഉപേക്ഷിച്ചു മാറി വിവാഹിതരായവർക്കു തുല്യം.

ജോൺ കരമ്യാലിൽ
ചിക്കാഗോ
26 OCT 2025
John Karamyalil
Chicago