24 മണിക്കൂറിലേറെ നീണ്ട പ്രതിസന്ധിക്ക് വിരാമം; ദില്ലി വിമാനത്താവളത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചു

ദില്ലി: രാജ്യതലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) അറിയിച്ചു.
വ്യോമയാന മന്ത്രാലയം വ്യക്തമാക്കി, ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റം (AMSS) ഇപ്പോൾ സാധാരണ നിലയിലായതായി. 24 മണിക്കൂറിലേറെ നീണ്ടുനിന്ന പ്രതിസന്ധിക്കാണ് ഇതോടെ പരിഹാരമായത്.

നവംബർ 6നാണ് എയർ ട്രാഫിക് കൺട്രോൾ ഡാറ്റ കൈകാര്യം ചെയ്യുന്ന ഐപി അടിസ്ഥാനത്തിലുള്ള AMSS സിസ്റ്റത്തിൽ തകരാർ സംഭവിച്ചത്. സംഭവം ഉടൻ ശ്രദ്ധയിൽപ്പെട്ടതോടെ സിവിൽ ഏവിയേഷൻ മന്ത്രാലയ സെക്രട്ടറി സമീർ കുമാർ സിൻഹ, എഎഐ ചെയർമാൻ വിപിൻ കുമാർ, എഎഐ അംഗം എം. സുരേഷ് എന്നിവരടക്കം ഉന്നത ഉദ്യോഗസ്ഥർ അടിയന്തര അവലോകനയോഗം ചേർന്നു.

പ്രശ്നത്തിന്‍റെ മൂലകാരണം കണ്ടെത്തി പരിഹരിച്ചതായും, സിസ്റ്റത്തിന്‍റെ സ്ഥിരത ഉറപ്പാക്കാൻ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും എഎഐയും ചേർന്ന സംഘം ഇപ്പോഴും വിമാനത്താവളത്തിൽ നിരീക്ഷണം തുടരുന്നതായും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.

AMSS ഇപ്പോൾ പൂർണമായും പ്രവർത്തനക്ഷമമാണെങ്കിലും, ബാക്ക്‌ലോഗ് ഡാറ്റ മൂലം ചില ഓട്ടോമേറ്റഡ് പ്രക്രിയകളിൽ നേരിയ കാലതാമസം ഉണ്ടാകാമെന്നാണ് സൂചന. ഉടൻ എല്ലാം സാധാരണ നിലയിലാകുമെന്ന് പിഐബി അറിയിച്ചു.

തകരാറിന്റെ പശ്ചാത്തലത്തിൽ 800ഓളം വിമാന സർവീസുകളാണ് ദില്ലിയിൽ വൈകിയത്. ചില വിമാനങ്ങൾ മണിക്കൂറുകളോളം താമസിക്കുകയും ചില സർവീസുകൾ റദ്ദാക്കപ്പെടുകയും ചെയ്തു. അന്താരാഷ്ട്ര സർവീസുകളും ബാധിതമായി. ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്.

ടിക്കറ്റ് എടുത്ത യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെട്ടു സമയക്രമം ഉറപ്പാക്കണമെന്ന് വിമാനത്താവള അധികൃതർ അഭ്യർത്ഥിച്ചിരുന്നു. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ നിലച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഫ്ലൈറ്റ് ഡാറ്റ കൈകാര്യം ചെയ്തത് മാനുവൽ രീതിയിലായിരുന്നു.

പ്രശ്നം മൂലം ദില്ലി വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായതോടെ, രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളുടെയും പ്രവർത്തനത്തിൽ പ്രതിസന്ധി അനുഭവപ്പെട്ടു.

അതേസമയം, ദില്ലിയിലടക്കം ചില മേഖലകളിൽ തെറ്റായ സിഗ്നൽ അയച്ചു വിമാനങ്ങളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന ജിപിഎസ് സ്പൂഫിങ് സംബന്ധിച്ച അന്വേഷണവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഇതാണോ തകരാറിന് കാരണമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

എയർപോർട്ട് അതോറിറ്റി യാത്രക്കാരും എയർലൈൻ കമ്പനികളും അനുഭവിച്ച ബുദ്ധിമുട്ടിന് ഖേദം രേഖപ്പെടുത്തി.