യൂറോപ്പിൽ ഹമാസ് ഭീകര ശൃംഖല തകർന്നു; വൻ ആയുധശേഖരം പിടികൂടിയതായി മൊസാദ്.

ടെൽ അവീവ്: യൂറോപ്പിലുടനീളം രഹസ്യമായി പ്രവർത്തിച്ചിരുന്ന ഹമാസിന്റെ വിപുലമായ ഭീകര ശൃംഖലം തകർത്തതായി ഇസ്രയേൽ ചാര ഏജൻസിയായ മൊസാദ്. യൂറോപ്പിലെ ഇസ്രായേലികളെയും ജൂതന്മാരെയും ലക്ഷ്യമിട്ട് നേരിടാനൊരുങ്ങിയിരുന്ന സംഘമാണ് പിടിയിലായത് എന്ന് മൊസാദ് വ്യക്തമാക്കി.

ചെറുസംഘങ്ങളെ രൂപവത്കരിക്കുകയും സിവിലിയൻ ആക്രമണങ്ങൾക്ക് ആവശ്യമായ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. യൂറോപ്യൻ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികളുമായുള്ള സംയുക്ത ഓപ്പറേഷനിലൂടെയാണ് നീക്കം.

ജർമനി, ഓസ്ട്രിയ രാജ്യങ്ങളിൽ നടത്തിയ റെയ്ഡുകളിൽ വൻ ആയുധശേഖരവും സ്‌ഫോടകവസ്തുക്കളും പിടികൂടി. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനുള്ള തയ്യാറെടുപ്പ് വ്യക്തമായിരുന്നുവെന്ന് സൂചന.

വിയന്നയിൽ പിടികൂടിയ ആയുധശേഖരം വഴിത്തിരിവായി
കഴിഞ്ഞ സെപ്തംബറിൽ ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന റെയ്ഡിലാണ് അന്വേഷണത്തിന് വഴിതെളിഞ്ഞത്. പിസ്റ്റളുകൾ, സ്‌ഫോടക വസ്തുക്കൾ എന്നിവ ഉൾപ്പെടുന്ന വൻ ശേഖരം ഇവിടെയുണ്ട്. ഈ ആയുധങ്ങൾ ഹമാസ് ഓപ്പറേറ്റീവ് മുഹമ്മദ് നയീമിന്റെതാണെന്നും, അന്വേഷണം തുടരുകയാണെന്നും മൊസാദ് അറിയിച്ചു.

ഗാസയിലെ ഹമാസ് നേതാവ് ഖലീൽ അൽ-ഹയ്യയുമായി അടുത്ത ബന്ധമുള്ള ഹമാസ് പൊളിറ്റ്ബ്യൂറോ അംഗം ബാസെം നയീമിന്റെ മകനാണ് മുഹമ്മദ്.

യൂറോപ്യൻ രാജ്യങ്ങളിൽ രൂക്ഷമായ നിരീക്ഷണം
വിയന്നയിലെ കണ്ടെത്തലിനെ തുടർന്നു ജർമ്മനിയും ഓസ്ട്രിയയും ഉൾപ്പെടെ നടത്തിയ റെയ്ഡുകളിൽ നിരവധി പേരെ കസ്റ്റഡിയിൽ എടുത്തു. ഹമാസിന് ധനസഹായമോ ആശയപരമായ പിന്തുണയോ നൽകുന്നുവെന്ന സംശയത്തെ തുടർന്ന് ചില ജീവകാരുണ്യ-മത സംഘടനകളെയും ജർമ്മനി നിരീക്ഷണ പട്ടികയിൽ ചേർത്തിട്ടുണ്ട്.

തുര്‍ക്കിയെ ആസ്പദമാക്കി ദീർഘകാലമായി പ്രവർത്തിക്കുന്ന ഹമാസ് ബന്ധക്കാരെ കുറിച്ചും അന്വേഷണം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഹമാസ് ഭീകരനായ ബുർഹാൻ അൽ-ഖത്തീബിനെ നവംബർ മാസത്തിൽ അറസ്റ്റ് ചെയ്തിരുന്നു.

ഖത്തറിൽ നടന്ന കൂടിക്കാഴ്ചയും പുതിയ ആരോപണങ്ങളും
മുഹമ്മദ് നയീം കഴിഞ്ഞ സെപ്തംബറിൽ പിതാവുമായി ഖത്തറിൽ കൂടിക്കാഴ്ച നടത്തിയതായി ലഭിച്ച വിവരം ശ്രദ്ധേയമാണ്. ഈ കൂടിക്കാഴ്ചയ്ക്കുശേഷം യൂറോപ്പിലെ ആക്രമണങ്ങൾക്ക് ഹമാസ് നേത്യത്വം അനുമതി നൽകിയതാണെന്ന് മൊസാദ് ആരോപിക്കുന്നു. ആക്രമണങ്ങളുടെ ആസൂത്രണം ഖത്തറിലായിരുന്നുെന്നും, തുര്‍ക്കിയിൽ നിന്നാണ് ലജിസ്റ്റിക് സഹായം ലഭിച്ചതാകാമെന്നും സംശയിക്കുന്നു.

അതേസമയം, ഈ ആരോപണങ്ങൾ ഹമാസ് നിഷേധിച്ചിട്ടുണ്ട്.

ഒക്ടോബർ ഏഴിന് ശേഷമുള്ള നീക്കങ്ങൾ
ഒക്ടോബർ 7-ലെ ആക്രമണത്തിനു ശേഷം ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകളെപ്പോലെ പുതിയ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാൻ ഹമാസ് യൂറോപ്പിലും മറ്റ് സ്ഥലങ്ങളിലും ശക്തമായ ശ്രമം നടത്തിയതായി മൊസാദ് അറിയിച്ചു. ഭീകരവാദം തടയുന്നതിൽ യൂറോപ്യൻ രാജ്യങ്ങളുമായുള്ള സഹകരണം കൂടുതൽ ഊറിപ്പിടിച്ചിട്ടുണ്ടെന്നും മൊസാദ് വ്യക്തമാക്കി.