ലണ്ടൻ * യുകെ യിലെ പൂരങ്ങളുടെ പൂരം എന്ന് വിശേഷിപ്പിക്കുന്ന ക്നാനായക്കാരുടെ വാർഷിക കൺവൻഷൻ വർണാഭമായി,
ജി കെ ടൈംസ് ലേഖകൻ,
ജൂലൈ 12 ശനിയാഴ്ച ടാൽഫോഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഇരുപത്തിരണ്ടാമതു ക്നാനായ കൺവെൻഷൻ ജനസാന്യത്യം കൊണ്ടും കലാപരിപാടികൾ കൊണ്ടും ചരിത്രത്തിൽ ഇടം നേടി. ഈ മഹാസമ്മേളനത്തിലും റാലിയിലും സ്വന്തം യൂണിറ്റുകളുടെ പ്രൗഡി ഉയർത്തി യൂണിറ്റ് ഭാരവാഹികൾ
UK യിൽ അങ്ങോളമിങ്ങോളമുള്ള തെക്കുംഭാഗർക്ക് തങ്ങളുടെ UKKCA ദേശീയ കൺവെൻഷനായി വർഷത്തിൽ ഒരു ദിവസം മാറ്റി വയ്ക്കാതിരിക്കാൻ പറ്റാത്ത ഒരു അവസ്ഥ തന്നെയാണ്.
കാരണം ഈ ക്നാനായ സമുദായ സമൂഹ മഹാ സമ്മേളന ദിവസം തങ്ങളുടെ ഉറ്റവരും ഉടയവരും സഹപാഠികളുമൊക്കെയായ ബന്ധുക്കളെ ഒരുമിച്ചു കാണാനും തങ്ങളിൽ തങ്ങളിൽ അൻപോടെ തഴുകി ആ ബന്ധുത്വത്തിൻറെ ഊഷ്മളത ആവോളം ആസ്വദിച്ച് ആനന്ദിക്കാൻ ലഭിക്കുന്ന അസുലഭ സന്ദർഭവുമാണത്. ഈ സന്ദർഭം നഷ്ടമാക്കാൻ സമുദായച്ചൂരുള്ള ഒരു ക്നാനായക്കാരനും ഇഷ്ടപ്പെടാത്തത് സ്വാഭാവികം.
അതുകൊണ്ടായിരിക്കാം മുതിർന്ന തലമുറയേക്കാൾ കൂടുതലായി യുവജനങ്ങൾ ക്നാനായ കൺവെൻഷന് പൂരങ്ങളുടെ പൂരം എന്ന് പരസ്പരം പറയുന്നത്. എന്തുകൊണ്ട് യുവജനങ്ങൾ ഇങ്ങനെ പറയുന്നു എന്ന ചോദ്യത്തിന്, മുതിർന്ന ക്നാനായ തലമുറ നാട്ടിൽ അനുഭവിച്ച് ആസ്വദിച്ച രക്ത ബന്ധത്വവും സ്വവംശ വിവാഹ നിഷ്ഠയും സമുദായ കൂട്ടായ്മയും ഈ പ്രവാസ ലോകത്ത് UK യിലും യുവതലമുറ ശരിയായ വിധത്തിൽ മനസ്സിലാക്കുന്നു. അത് തങ്ങൾക്കും വേണം എന്ന ശക്തമായ അവബോധം. അതൊന്നു മാത്രമാണ്.
ഓരോ യൂണിറ്റുകളും UKKCA കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി വലിയ ഒരുക്കങ്ങൾ തന്നെയാണ് നടത്തിയത്. അതോടൊപ്പം ആരോഗ്യപരമായ മൽസര ബുദ്ധിയോടെ, റാലിയിൽ ഏറ്റവും മികവാർന്ന പ്രകടനം തങ്ങളുടെ യൂണിറ്റ്
കാഴ്ച വയ്ക്കുന്നതിനുള്ള പദ്ധതികളും ക്രമീകരണങ്ങളുമൊക്കെ ഓരോ യൂണിറ്റും അതീവ രഹസ്യ സ്വഭാവത്തോടെ ചെയ്തിരുന്നു.
എല്ലാ വർഷങ്ങളിലെ പോലെ, പതിവിൽ കൂടുതലായുണ്ടായ ജന പങ്കാളിത്തവും, കൂടതെ നാട്ടിൽ നിന്നും UK യിൽ എത്തിയ പുതിയ സമുദായാംഗങ്ങളെയും കൺവെൻഷനിൽ പങ്കെടുപ്പിക്കാൻ സൗകര്യമൊരുക്കിയതും, UKKCA നേരിട്ട വലിയ വെല്ലുവിളി തന്നെയായിരുന്നു എന്നിരുന്നാലും ഒരുമയിലും തനിമയിലും വിശ്വാസ നിറവിലും വൻതിരമാലകളെ തോല്പിച്ച പൂർവികരുടെ അനുഗ്രഹത്താലും കരുതലാലും എല്ലാറ്റിലുമുപരിയായ ദൈവകൃപയാലും UKKCA കൺവെൻഷൻ അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവർത്തനത്താൽ പൂർവ്വാധികം ഭംഗിയായി നടന്നു.
ഡി ജെ പാർട്ടിയോടെയാണ് പരിപാടിൾ സമാപിച്ചത്, പങ്കെടുത്ത എല്ലാവർക്കും 22 മാത് കൺവെൻഷൻ ഒരു പുതിയ അനുഭമായിരുന്നു .
