ബ്രിട്ടീഷ് ട്രെയിനിൽ കത്തികുത്ത്: ഒമ്പത് പേർ ഗുരുതരാവസ്ഥയിൽ; ഭീകരവിരുദ്ധ പോലീസ് രംഗത്ത്

ലണ്ടൻ ∙ യുകെയിൽ ഓടിക്കൊണ്ടിരുന്ന എൽ.എൻ.ഇ.ആർ ട്രെയിനിൽ ശനിയാഴ്ച രാത്രി നടന്ന കത്തികുത്താക്രമണത്തിൽ ഒമ്പത് പേർക്ക് ജീവൻ അപകടം. ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടൻ കിംഗ്സ് ക്രോസിലേക്കുള്ള അതിവേഗ ട്രെയിനിലാണ് സംഭവം നടന്നത്.

പീറ്റർബറോ സ്റ്റേഷൻ വിട്ട് പത്തു മിനിറ്റിനകം യാത്രക്കാരിൽ ഒരാൾ കത്തി വീശിയതോടെ ട്രെയിനിൽ ഭീതിയലകൾ. യാത്രക്കാർ പരസ്പരം ചവിട്ടി രക്ഷപ്പെടാൻ ശ്രമിക്കുകയും, ചിലർ ടോയ്ലറ്റുകളിൽ ഒളിക്കുകയും ചെയ്തു. “അവർക്കു കത്തിയുണ്ട്, എനിക്ക് കുത്തേറ്റു” എന്ന് വിളിച്ചു കരയുന്നവരെയും കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

വിവരമറിഞ്ഞതിനെ തുടർന്ന് ട്രെയിൻ കേംബ്രിഡ്ജ്ഷെയറിലെ ഹണ്ടിംഗ്ഡൺ സ്റ്റേഷനിൽ അടിയന്തരമായി നിർത്തി. ആയുധധാരികളായ പോലീസ് അകത്ത് കയറി രണ്ട് പേരെ പിടികൂടി. പ്രതികളിൽ ഒരാളെ ടേസർ ഉപയോഗിച്ചാണ് കീഴ്പ്പെടുത്തിയത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ആക്രമണത്തിൽ പത്തു പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഒമ്പത് പേരുടെ പരിക്ക് ഗുരുതരമാണെന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് അറിയിച്ചു.

സംഭവത്തെ ‘മേജർ ഇൻസിഡന്റ്’ ആയി പോലീസ് പ്രഖ്യാപിച്ചു. ഒരു ഘട്ടത്തിൽ കൂട്ട ഭീകരാക്രമണത്തിന് ഉപയോഗിക്കുന്ന “പ്ലേറ്റോ” കോഡ് സജ്ജമാക്കിയെങ്കിലും പിന്നീട് പിൻവലിച്ചു. എങ്കിലും, ഭീകരവിരുദ്ധ പോലീസ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.

“ഈ ഞെട്ടിക്കുന്ന സംഭവം അത്യന്തം ആശങ്കാജനകമാണ്,” എന്ന് പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ പ്രതികരിച്ചു. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് അന്വേഷണം പുരോഗമിക്കുകയാണെന്നും, ഊഹാപോഹങ്ങൾ പരത്തരുതെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.