സൗഭാഗ്യങ്ങളെ തിരിച്ചറിയാതെ, അതിലൊരു തൃപ്തിയും കാണാതെ, ഇല്ലാത്ത എന്തിനോ വേണ്ടി ജീവിതം മുഴുവന്‍ ചെലവഴിക്കുന്നവരാണ് നമ്മളില്‍ പലരും. ലഭിച്ചതിനേക്കാള്‍ ലഭിക്കാത്തതിലാണ് നമ്മുടെ ശ്രദ്ധയും ആഗ്രഹവും. ഇതിന്റെ ആഴം മനസിലാക്കിക്കൊടു ക്കുന്നൊരു കഥയാണ്.
ഒരു ദിവസം രാജാവ് മന്ത്രിയോട് പറഞ്ഞു: “എനിക്ക് അനവധി സൗകര്യങ്ങളുണ്ട്. എങ്കിലും മനസ്സിന് സമാധാനം ഇല്ല. അവിടെ നോക്കൂ, ആ കാവല്‍ക്കാരന്‍ ദരിദ്രനാണ്, എങ്കിലും എത്ര സന്തോഷവാനാണ്! അതെന്തുകൊണ്ട്?”
മന്ത്രി ചിരിച്ചു പറഞ്ഞു: “മഹാരാജാവേ, അവന്‍ യഥാര്‍ത്ഥത്തില്‍ സന്തുഷ്ടനാണോ എന്ന് നമുക്ക് പരീക്ഷിച്ചറിയാം. നാളെ രാത്രി, 99 വെള്ളിനാണയങ്ങള്‍ ഒരു കിഴിയിലാക്കി ‘100 നാണയങ്ങള്‍ നിങ്ങള്ക്കായി’ എന്ന് കുറിച്ച് അയാളുടെ വീട്ടുപടിയില്‍ വെയ്ക്കാം.”
രാജാവ് അതുപോലെ ചെയ്തു. രാത്രിയില്‍ കാവല്‍ക്കാരന്‍ കിഴി കണ്ടു. രാജസമ്മാനമാണെന്ന് മനസ്സിലാക്കിയപ്പോള്‍ അതിയായ സന്തോഷം. പക്ഷേ എണ്ണിയപ്പോള്‍ 99 നാണയങ്ങള്‍ മാത്രം! “ഒരു നാണയം എവിടെപ്പോയി?” – ആ ചിന്ത അവനെ അലട്ടിത്തുടങ്ങി. ഭാര്യയേയും മക്കളേയും ചോദ്യം ചെയ്തു. വീടിനും പറമ്പിനും ചുറ്റും തിരഞ്ഞെങ്കിലും കിട്ടിയില്ല. ഉറക്കം പോയി. ആ ഒരു നാണയം നഷ്ടപ്പെട്ടുവെന്ന വിഷാദം അവന്റെ സന്തോഷം കവർന്നു.
പിറ്റേന്ന് രാജാവിനെ കണ്ടപ്പോള്‍ മുഖത്ത് വിഷാദം. “എന്തായി? എപ്പോഴും സന്തോഷവാനായിരുന്ന നീ ഇങ്ങനെ മന്ദഹാസം പോലും കാണിക്കാതെ ഇരിക്കുന്നതെന്തിന്?” – രാജാവ് ചോദിച്ചു. കാവല്‍ക്കാരന്‍ മറുപടി പറഞ്ഞു: “പ്രഭോ, അങ്ങ് തന്ന 100 നാണയങ്ങളില്‍ ഒന്ന് കാണാനില്ല. ആ ഒരു നാണയം എവിടെ പോയി എന്നതാണ് എന്നെ അലട്ടുന്നത്.”
രാജാവിന് ആ നിമിഷം ബോധ്യമായി — അതേ അവസ്ഥയല്ലേ താനുമനുഭവിക്കുന്നത്. സകല സൗകര്യങ്ങളും ഉണ്ടായിട്ടും എപ്പോഴും എന്തോ കുറവുണ്ട് എന്ന ചിന്ത! ഇല്ലാത്തതിനെ തേടി നടക്കുന്ന മനുഷ്യന്റെ അനന്തയാത്ര.
ജീവിതത്തില്‍ കിട്ടിയതെല്ലാം തിരിച്ചറിയാനും അതില്‍ തൃപ്തിയുണ്ടാക്കാനും നമുക്കറിയണം. ഇല്ലാത്തതിനെ തേടിയല്ല, ഉള്ളതിനെ മനസിലാക്കി ജീവിതം മനോഹരമാക്കാനാണ് യഥാര്‍ത്ഥ സൗഭാഗ്യം.
– ശുഭദിനം. 🌿
