തമിഴ്നാട്ടിലും ആന്ധ്രയിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായി. ഇന്ന് രാവിലെയോടെ ന്യൂനമർദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ വൈകുന്നേരം തീവ്രന്യൂനമർദമായിമാറിയിരുന്നു.
വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലും ആന്ധ്രയുടെ തെക്കൻ ഭാഗങ്ങളിലും ശക്തമായ മഴ തുടരാനുള്ള സാധ്യതയുണ്ട്. ചെന്നൈ നഗരത്തിലും സമീപ ജില്ലകളിലും ഇടവിട്ട മഴ പെയ്യും. പുതുച്ചേരിയിലും വിഴുപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഇതുവരെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിൽ കനത്ത ദുരന്തം. മഴക്കെടുതിയിൽ ജീവൻ നഷ്ടമായത് 334 പേർക്ക്. 370 പേർ കാണാതായതായും ശ്രീലങ്കൻ സർക്കാർ അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രമായ കാൻഡിയിൽ മാത്രം 88 മരണം. രാജ്യത്ത് 12 ലക്ഷത്തിലധികം പേർ ദുരിതത്തിലാണെന്നാണ് അധികൃതരുടെ കണക്ക്.
രക്ഷാദൗത്യത്തിനിടെ ദാരുണം കൂടി. ലങ്കൻ വ്യോമസേനയുടെ ബെൽ–212 ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് വിങ് കമാൻഡർ നിർമൽ സിയാംബാല പിതിയ മരിച്ചു. മറ്റു നാല് പേർക്ക് പരിക്കേറ്റെങ്കിലും ജീവൻ രക്ഷപ്പെട്ടു.
അടിയന്തരാവസ്ഥയുടെ അധികാരങ്ങൾ ദുരുപയോഗം ചെയ്യില്ലെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായക്കെ രാജ്യത്തോട് ഉറപ്പ് നൽകി. സർവകലാശാലകളും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 8 വരെ അടച്ചിടും.
ഇതിനിടെ രക്തദാന ക്യാമ്പിൽ പങ്കെടുത്ത മുൻ ക്രിക്കറ്റ് താരം ലസിത് മലിംഗയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
ശ്രീലങ്കയ്ക്ക് സഹായമായി ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം മരുന്നും മെഡിക്കൽ ഉപകരണങ്ങളും ആയി കൊളബോയിൽ എത്തി. ലങ്കൻ ആരോഗ്യ വകുപ്പിന്റെ അഭ്യർത്ഥനയെ തുടർന്നുള്ള നടപടിയാണിത്. പ്രത്യേക മെഡിക്കൽ സംഘം പരിശീലനം നൽകാനും എത്തിയിട്ടുണ്ട്. ഇതുവരെ 750-ത്തിലധികം ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിച്ചു.
സഹായത്തിനെത്തിയ ഇന്ത്യൻ സർക്കാരിനും, സേനക്കും
നാട്ടിലേക്കു മടങ്ങിയവർ നന്ദി അറിയിച്ചു.
