ഗർഭധാരണത്തിന് റോബോട്ട് പിന്തുണയോടെ കൃത്രിമ ഗർഭപാത്രം; സാങ്കേതികതയിൽ പുതിയ വെളിച്ചം.

ബെയ്ജിംഗ്: ഗർഭധാരണവും ഗർഭം ചുമക്കലും ഇനി കൃത്രിമ സംവിധാനങ്ങൾക്കായി. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ തുടക്കം മുതൽ ജനനം വരെ പിന്തുണയ്ക്കാൻ കഴിയുന്ന ആദ്യത്തെ കൃത്രിമ ഗർഭപാത്രം വികസിപ്പിച്ചതായി ചൈന അവകാശപ്പെടുന്നു.

സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഡോ. ഷാങ് ക്വിഫെങ്ങിന്റെ നേതൃത്വത്തിലുള്ള കൈവ ടെക്നോളജിയാണ് റോബോട്ട് വികസിപ്പിക്കുന്നത്. ഒരു റോബോട്ടിക് സംവിധാനത്തിന്റെ ഭാഗമായി, മനുഷ്യ ഗർഭാശയത്തിന് സമാനമായ പ്രവർത്തനം കൃത്രിമമായി നടത്താനാകും എന്നതാണ് ഈ വികസനത്തിന്റെ പ്രധാന സവിശേഷത.

ഈ ‘കൃത്രിമ ഗർഭപാത്രം’ ഒരു പ്രത്യേക റോബോട്ടിന്റെ ഉൾഭാഗത്താണ് സ്ഥാപിക്കുന്നത്. ശിശുവിന് ആവശ്യമായ പോഷകങ്ങൾ ട്യൂബ് മുഖേന അതിലേക്ക് എത്തിക്കാനും വളർച്ച നിരന്തരം നിരീക്ഷിക്കാനും സംവിധാനമുണ്ട്. മനുഷ്യരും റോബോട്ടും തമ്മിൽ ആശയവിനിമയം നടത്താനുള്ള സംവിധാനവും ഈ സംവിധാനത്തിലുണ്ട്.

മാനവ ശരീരത്തിലുണ്ടാകുന്ന ഗർഭധാരണം പോലെതന്നെ മുഴുവൻ ഗർഭകാലവും ശിശു ഈ കൃത്രിമ പാത്രത്തിൽ തന്നെ വളരുന്നു. ശാസ്ത്രജ്ഞർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ബീജസങ്കലനം അടക്കമുള്ള പ്രക്രിയയുടെ പൂർണ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പൂർണതയിൽ എത്തിച്ച ഈ സാങ്കേതികവിദ്യ വന്ധ്യതയുള്ള ദമ്പതികൾക്കും ജൈവിക ഗർഭധാരണത്തിന് കഴിയാത്ത വ്യക്തികൾക്കും വലിയ സഹായമാകുമെന്ന് പ്രതീക്ഷിക്കുന്നു.

റിപോർട്ടുകൾ പ്രകാരം, കൃത്രിമ ഗർഭപാത്രത്തിന്റെ പ്രാഥമിക വില ഏകദേശം 1,00,000 യുവാൻ (ഏകദേശം ₹12,16,589) ആണെന്നും പറയുന്നു.