വൈകിയെങ്കിലും മാർ മാത്യു മാക്കീൽൻ്റെ ജീവിതവിശുദ്ധി ചങ്ങനാശ്ശേരിക്കാരും തിരിച്ചറിഞ്ഞു.

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ

ദൈവദാസൻ മാർ മാത്യു മാക്കീൽ ധന്യനായി ഉയർത്തപ്പെട്ടതിന്റെ ഭാഗമായി ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം എന്നിവർ ഇടയ്ക്കാട്ട് പള്ളിയിലെ കബറിടത്തിൽ എത്തി കൃതജ്ഞതാബലി അർപ്പിച്ചു. “ഇത് കാലം കാത്തുവെച്ച നീതിയാണ്” എന്നു പറയുന്നതിൽ അതിശയോക്തിയില്ല.

ഭൂരിപക്ഷമായ വടക്കുംഭാഗരും ന്യൂനപക്ഷമായ തെക്കുംഭാഗരും ഒരുമിച്ചായിരുന്ന കാലത്ത്, തെക്കും ഭാഗനായ ഒരു മെത്രാനെ നിയമിച്ചതിൽ വടക്കും ഭാഗരില്‍ അസ്വസ്ഥത ഉയർന്നത് സ്വാഭാവികമായിരുന്നു. പക്ഷേ അത് അനുവദനീയമായ അതിരുകൾ കടന്ന് വർഗീയതയുടെ നിറം പിടിച്ചു.അതോടെ, 15 വർഷം നീണ്ടുനിന്ന അസഹിഷ്ണുതയിൽ മാർ മാക്കീൽ മെത്രാൻ പ്രയാസത്തിനുമേൽ പ്രയാസം സഹിക്കേണ്ടിവന്നു.

അൽഫോൻസാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടാൻ കാരണക്കാരി അവൾ ഉണ്ടായിരുന്ന മഠത്തിലെ ഊർസുലാമ്മ എന്ന പോരുകാരി കന്യാസ്ത്രീയായിരുന്നു എന്നും വരെ ചിലർ പറഞ്ഞിരുന്നു.

ചങ്ങനാശ്ശേരിയിൽ മാർ മാത്യു മെത്രാൻ അനുഭവിച്ച കഷ്ടപ്പാടുകൾ, അദ്ദേഹത്തെ കൂടുതൽ വിശുദ്ധിയിലേക്കും അവസാനം അകാലമരണത്തിലേക്കും നയിച്ചു. അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് പരിശുദ്ധ പിതാവിന് വേണ്ടി കാർദ്ദിനാൾ മെറിദെൽവാൾ അയച്ച അനുശോചനത്തിൽ പറയുന്നുണ്ട്: “മത്തായി മെത്രാൻ പ്രായാധിക്യത്താൽ അല്ല, പുണ്യവർദ്ധനയുടെ ഭാരത്താൽ നമ്മുടെ കർത്താവിൽ നിദ്ര പ്രാപിച്ചു.”

മാർ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടിയതു ശ്രദ്ധേയമാണ്: “മാക്കീൽ പിതാവ് വികാരി അപ്പസ്തോലിക്കായുടെ സ്ഥാനത്ത് എത്തിയതോടെ ഒരു വഴിത്തിരിവ് സംഭവിച്ചു….. അദ്ദേഹത്തിൻ്റെ കാലഘട്ടം പൂമെത്ത വിരിച്ച വഴികളുടേതായിരുന്നില്ല…… ഒരു വിശുദ്ധന്റെ വഴി എപ്പോഴും പൂമെത്ത വിരിച്ചിട്ടുള്ളതല്ല; കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ തന്നെ അദ്ദേഹം സഞ്ചരിച്ചു…….”

തന്റെ ദീർഘപ്രസംഗത്തിൽ മാർ പെരുന്തോട്ടം ആർച്ച് ബിഷപ്പ് മാക്കീൽ പിതാവിന്റെ ചങ്ങനാശ്ശേരിയിലെ 15 വർഷത്തെ “ഭരണകാലം” ചെറുതായി പരാമർശിക്കുന്നു. എന്നാൽ പറയാതെ വയ്യ: അന്നത്തെ പ്രക്ഷോഭകാരികളുടെ പങ്ക് തന്നെയാണ് ഇന്ന് മത്തായി മെത്രാനെ ധന്യപദവിയോളം എത്തിച്ചതിൽ വലിയൊരു വിഹിതം. അന്നുതന്നെ വിശുദ്ധനായിരുന്ന മാക്കീൽ മെത്രാൻ എല്ലാ ദുരാരോപണങ്ങളെയും തന്റെ വിശുദ്ധജീവിതത്തിന്റെ പോഷണമായി മാറ്റിക്കൊണ്ടിരുന്നു. ചങ്ങനാശ്ശേരിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ സന്ദേശത്തിലും, എഴുതിയ നാളാഗമത്തിലും അതിന്റെ അനുരണനങ്ങൾ വ്യക്തമാണ്.

ചങ്ങനാശ്ശേരി അതിരൂപതയിൽ “മാത്യു മാക്കീൽ” എന്നൊരു മെത്രാൻ ഉണ്ടായിരുന്നുവെന്ന് അറിയാത്ത വൈദികർ ഇന്ന് ഉണ്ടെന്നത് തന്നെ വിസ്മയകരമാണ്. അതിരൂപതയുടെ ചരിത്രം എഴുതുമ്പോൾ ചാൾസ് ലെവീഞ്ഞ് മെത്രാനെക്കുറിച്ച് വിശാലമായി പറയുകയും, “തുടർന്ന് വന്നത് തെക്കുഭാഗക്കാരനായ മാത്യു മാക്കീൽ മെത്രാൻ” എന്നൊരു വാചകത്തിൽ മാത്രം പരാമർശിച്ചിട്ട് നേരെ മാർ കുര്യാളശേരിയിലേക്ക് കടക്കുകയും ചെയ്യുന്നു.

എന്തായാലും, കാലം മറച്ചുവെച്ച പലതും ഓർമ്മിപ്പിക്കുന്ന രീതിയിൽ, ചങ്ങനാശ്ശേരി കത്തീഡ്രൽ മുറ്റത്ത് അതിരൂപതയുടെ പ്രഥമ മെത്രാനായ മാത്യു മാക്കീൽന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് അഭിനന്ദനാർഹമാണ്.

ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് ചരിത്രബോധത്തോടെ മുന്നേറാൻ കഴിയട്ടെ. കാരണം, ചരിത്രം തമസ്കരിക്കപ്പെടുമ്പോൾ കെട്ടുകഥകൾ ചരിത്രമായി മാറുകയും, ഒരിക്കൽ അത് കാര്യകാരണസഹിതം നമ്മെ പിടികൂടുകയും ചെയ്യുമെന്ന് ഓർമിപ്പിക്കുകയാണ്.

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ
5-9-2025
എല്ലാവർക്കും ഓണാശംസകൾ