കോട്ടയം വികാരിയാത്തിന്റെ 115-ആം സ്ഥാപകദിനാഘോഷം 2025 ആഗസ്റ്റ് 30 ന് ഇടയ്ക്കാട്ട് പള്ളിയിൽ നടന്നു. അതിരൂപതാധ്യക്ഷന്റെ പ്രസംഗം, തെക്കുംഭാഗ സമുദായത്തെ മിശ്രമാക്കി ഇല്ലാതാക്കാൻ അദ്ദേഹം കാൽ നൂറ്റാണ്ടായി സ്വപ്നം കണ്ടു വരുന്ന പദ്ധതികളുടെ തന്ത്രപരമായ അവതരണമായി.
ധന്യൻ മാർ മാത്യു മാക്കീൽ നടത്തിയ സമുദായ പ്രവർത്തനങ്ങളും വികാരിയാത്ത് സ്ഥാപിക്കാൻ നേരിട്ട കഷ്ടതകളും വിശദീകരിച്ചതിന് ശേഷം പ്രസംഗവരികളിൽക്കൂടി തന്റെ ഹിഡൻ അജണ്ട’ മെത്രാൻ തെളിവായി തുറന്നു കാണിച്ചു.
മുമ്പ് തന്നെ സമുദായം ഉപേക്ഷിച്ച് വിവാഹിതരായവർ നിർബന്ധിച്ചാൽ ഇടവകയിൽ അംഗമാക്കാം എന്ന പ്രതീക്ഷ നൽകി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. ഇതിന് പുറമേ, കേരളത്തിന് പുറത്തുള്ള “ക്നാനായ ഇടവകകളിൽ ഇതര സമുദായക്കാരെയും അംഗമാക്കമെന്ന രഹസ്യനയം അദ്ദേഹം പിന്തുടരുന്നതായും വ്യക്തമാവുന്നു. സംഘടനയിൽ അംഗത്വം കൊടുക്കില്ലന്ന് പറയുന്നതു വീൺവാക്കാണ്. ഒരു സമുദായത്തിലേക്ക് പുറംലോകക്കാർക്ക് അംഗത്വം ലഭിക്കില്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
ഇങ്ങനെ സമുദായത്തെ തകർക്കാനുള്ള ടോർപീഡോ ഒളിപ്പിച്ചുവെച്ചുകൊണ്ടാണ് മിഷനറി മെത്രാൻ അല്ലാത്ത മാർ മൂലക്കാട്ട് ക്നാനായ മിഷൻ പ്രവർത്തനത്തിന്റെ പേരുപറഞ്ഞ് പ്രസംഗിച്ചത്.
വികാരിയാത്തിന്റെ ആത്മാവ് നഷ്ടപ്പെടുമ്പോൾ:
ക്നാനായ സമുദായത്തിന്റേതായ കൂട്ടായ്‌മയ്ക്കാണ് വികാരിയാത്ത് ലഭിച്ചത് എന്നാൽ അത് സമുദായേതരർക്കും തുറന്നുകൊടുക്കുമ്പോൾ 1911 നു മുമ്പുള്ള പോലെ ഇടവകകളിൽ സംഘർഷം സൃഷ്ടിക്കുന്ന സാഹചര്യം തിരികെ വരും.
പഞ്ചാബിൽ ഒ എസ് എച്ച് വൈദികരുടെ നേതൃത്വത്തിൽ കോട്ടയം മെത്രാന്റെ കീഴിൽ രൂപം കൊണ്ട മിഷൻ പ്രവർത്തനം അദ്ദേഹം പ്രത്യേകിച്ച് പരാമർശിച്ചു. അതിൽ നിന്ന് മനസ്സിലാക്കേണ്ടത്, അവിടെ മാനസാന്തരപ്പെടുന്നവർ കോട്ടയം അതിരൂപതയുടെ അംഗങ്ങളാകും എന്നും, ഒ എസ് എച്ച് വൈദികർ അവരിൽ നിന്നുമുണ്ടാകുമെന്നും വ്യക്തമാണ്. അവർ ക്‌നാനായ സമൂദായാംഗമല്ല എന്ന്പറഞ്ഞത് വെറും ഒരു ഷോ.
രണ്ട് ആർച്ച് ബിഷപ്പ് മാർ ഉൾപ്പെടെ ആറ് മെത്രാന്മാർ ലത്തീൻ മിഷനറിമാരായി ഉത്തരേന്ത്യയിൽ ഉണ്ടായിരുന്നു. വിവിധരൂപകൾക്കായി അവർ സേവനം ചെയ്തു കൊണ്ടിരിക്കുന്നു. ഇനിമുതൽ ക്നാനായ വൈദികർ മാനസാന്തരപ്പെടുത്തുന്ന വിശ്വാസികൾ കോട്ടയം രൂപതാ അംഗങ്ങൾ ആയിരിക്കും. കേരളത്തിന് പുറത്ത് ക്നാനായ സീറോ മലബാർ പള്ളികളിൽ ഇവരൊക്കെ അംഗങ്ങളായിരിക്കുകയും ചെയ്യും.
ഇങ്ങനെ കേരളത്തിന് പുറത്തുള്ള “ക്‌നാനായ ബോർഡ് വെച്ച” പള്ളികളിൽ സിറോ മലബാർ സഭയുടെ പേരിൽ ഇതര സമുദായക്കാരെയും ഉൾപ്പെടുത്താനാണ്പദ്ധതി. മഹത്തായ സമുദായത്തിന്റെ സ്വാതന്ത്ര്യവും വിമോചനവും നേടിത്തന്ന മാർക്കീൽ പിതാവിൻ്റെകഠിന ശ്രമമാണ് ഇദ്ദേഹം ഇല്ലാതാക്കുന്നത്.
17 നൂറ്റാണ്ടിന്റെ പാരമ്പര്യത്തിനും അതിരൂപതയ്ക്കും ഭീഷണി.
ഒരു വംശീയ വികാരിയാത്തായി സ്ഥാപിക്കപ്പെട്ട കോട്ടയം ഇപ്പോൾ വംശീയ രൂപതയല്ല എന്ന് പറഞ്ഞുകൊണ്ട് ആരെങ്കിലും റോമിലേക്ക് പരാതി നൽകിയാൽ അധികാരികൾ അത് ഗൗരവമായി പരിഗണിച്ചേക്കാം.
17 നൂറ്റാണ്ടിലധികം പഴക്കമുള്ള തെക്കുംഭാഗ ജനത്തിന്റെ അസ്ഥിവാരം തോണ്ടാൻ അധികാരം ആരാണ് ഈ മെത്രാനു കൊടുത്തതെന്ന് ചോദിക്കാൻ സമുദായസ്നേഹികൾ മുന്നോട്ടു വരണം. പൂരോഹിതരെ ബഹുമാനിച്ച് സ്നേഹിച്ച് പിന്തുണച്ച് വരുന്ന സ്വന്തം ജനത്തെ വഴിയാധാരമാക്കിയുള്ള ഈ വിശ്വാസ വഞ്ചനയെ “പൈശാചികത്” എന്നേ വിശേഷിപ്പിക്കാനാകൂ.
കെ സി സി, മെത്രാന്റെ ഡിസ്പോസിബിൾ സംഘടന:
പള്ളി സ്‌കൂളിലെ വിരമിച്ച അധ്യാപകരും രൂപതയുടെ കോൺട്രാക്‌ൾമാരും കച്ചവടക്കാരും അടങ്ങുന്ന ഉപജാപകസംഘം നയിക്കുന്ന കെ സി സി തെക്കുംഭാഗ ജനത്തെ പ്രതിനിധീകരിക്കുന്നില്ല. നയാ പൈസയുടെ ക്രെഡിബിലിറ്റി ഇല്ലാത്ത ഈ ഭിക്ഷാംദേഹികൾക്ക് മെത്രാന്റെ മുന്നിൽ നേരെ നിൽക്കാനുള്ള ത്രാണി പോലും ഇല്ല.
ശബരിമല പ്രവേശനത്തിന്റെ സമാന്തരകഥ:
ഇത് ഓർമ്മിപ്പിക്കുന്നത് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച സംഭവവികാസങ്ങളെയാണ്. ഹൈന്ദവ വിശ്വാസികളുടെ ശക്തമായ എതിർപ്പ് അവഗണിച്ച് കമ്മ്യൂണിസ്റ്റുകളും യൂക്തിവാദികളും ഫെമിനിസ്റ്റുകളും ചേർന്നാണ് കോടതിവിധി നേടിയെടുത്തത്. കമ്മ്യൂണിസ്റ്റ് സർക്കാർ പോലീസ് അകമ്പടിയോടെ നിരിശ്വരവാദികളായ രണ്ട് സ്തീകളെ ഇരുട്ടിന്റെ മറവിൽ “തളളിക്കയറ്റി ” എന്നാൽ സമൂഹം അത് അംഗികരിച്ചില്ല. അന്ന് അവർക്ക് പിന്തുണ നൽകിയ മുഖ്യമന്ത്രി ഇന്ന്പരിഹാരക്രിയ ചെയ്യുവാൻ ഇറങ്ങിയിരിക്കുകയാണ്.
തെക്കുംഭാഗ ജനത്തിന് ലഭിച്ച പള്ളികളിലേക്ക് അന്യരെ കൂത്തിക്കയറ്റിയാൽ അതിന്റെ ഫലം മാർ മൂലക്കാട്ടിനും അനുഭവിക്കേണ്ടി വരും.
ചരിത്രത്തിന്റെ കണ്ണാടിയിൽ:
1599-ൽ മെനേസ്സീസ് മെത്രാപ്പോലിത്തയും, 1840-ൽ വരാപ്പുഴ മെത്രാപ്പോലിത്ത ഫ്രാൻസ്സീസ് സേവ്യവും തെക്കുംഭാഗ-വടക്കുംഭാഗ ജനത്തെ മിശ്രമാക്കാൻ വൈദികരെ പരസ്പരം മാറ്റി
നിയമിച്ചപ്പോഴുണ്ടായ കലാപങ്ങൾ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ പരാജിതനായും വെറുക്കപ്പെട്ടവനായും മാർ മൂലക്കാട്ടിനെ ചരിത്രത്തിൽ രേഖപ്പെടുത്തുക തന്നെ ചെയ്യും.
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ
9-9-2025
