ലണ്ടൻ: വലതുപക്ഷ നേതാവായ ടോമി റോബിൻസന്റെ നേതൃത്വത്തിൽ “Unite the Kingdom: Free Speech Festival” എന്ന പേരിൽ വൻ പ്രതിഷേധ റാലിക്ക് ലണ്ടൻ വേദിയാകുന്നു. 2025 സെപ്റ്റംബർ 13-ന് (ശനി) രാവിലെ 11.30ന് സൗത്ത്വർക്കിലെ സ്റ്റാൻഫോർഡ് സ്ട്രീറ്റിൽ ആരംഭിച്ച് വൈറ്റ്ഹാൾ വഴി നാഷണൽ ഗ്യാലറി പരിസരത്തേക്ക് നീളുന്ന റാലി, ഇംഗ്ലീഷ് ദേശീയതയുടെ സംരക്ഷണം, കുടിയേറ്റ നിയന്ത്രണം, രാഷ്ട്രീയ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പ്രശസ്ത വലതുപക്ഷ നേതാക്കളായ കേറ്റി ഹോപ്പ്കിൻസ്, ആന്റ് മിഡിൽട്ടൺ തുടങ്ങിയവർ റാലിയിൽ പ്രസംഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വംശീയതയ്ക്കെതിരേ ശക്തമായ എതിർ റാലി:
ടോമി റോബിൻസന്റെ റാലിക്ക് ശക്തമായ എതിർപ്പാണ് സമാനമായി പ്രഖ്യാപിച്ചിട്ടുള്ളത്. “Stand Up To Racism (SUTR)” എന്ന സംഘടനയുടെ നേതൃത്വത്തിൽ, ഉച്ചയ്ക്ക് 12 മണിക്ക് റസൽ സ്ക്വയറിൽ ആരംഭിച്ച് പിന്നീട് വൈറ്റ്ഹാൾ ഭാഗത്തേക്ക് നീളുന്ന എതിർ റാലിയിലാണ് വൈദഗ്ധ്യപരമായ പ്രതിഷേധം രൂപം കൊള്ളുന്നത്.
വംശീയതയ്ക്കെതിരായ പോരാട്ടത്തിൽ നിർണായക പങ്കുവഹിച്ചുവരുന്ന ഈ സംഘടന, വലതുപക്ഷ ശക്തികളെയും അവരുടെ വിദ്വേഷ പ്രസംഗങ്ങളെയും ശക്തമായി എതിർക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയനുകളുടെപിന്തുണ ലഭിച്ചിട്ടുണ്ട്.
സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും കർശനമാകും:
രണ്ടു വലിയ റാലികൾ നഗരത്തിൽ സമാന്തരമായി നടക്കുന്നതിനാൽ, ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സിവിൽ ഓർഡർ യൂണിറ്റുകൾ, പ്രത്യേക പൊലീസ് പട്രോളുകൾ, സിസിടിവി നിരീക്ഷണങ്ങൾ തുടങ്ങിയവ ശക്തമായി വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ:
പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവർ അധിക താമസം കണക്കാക്കണം.
വൈറ്റ്ഹാൾ, ട്രാഫൽഗർ സ്ക്വയർ, വെസ്റ്റ്മിൻസ്റ്റർ, റസൽ സ്ക്വയർ തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങൾ ഒഴിവാക്കുന്നത് ഉചിതം.
സ്വകാര്യ വാഹന യാത്രകൾക്ക് മുൻകൂട്ടി വഴികൾ ആസൂത്രണം ചെയ്യുക.
Transport for London (TfL) നൽകുന്ന ഗതാഗത അപ്ഡേറ്റുകൾ നിരന്തരം പരിശോധിക്കുക.
സംഘർഷങ്ങൾ പ്രത്യേക ജാഗ്രത:
രണ്ടു റാലികൾ തമ്മിൽ നേരിട്ട് ഏറ്റുമുട്ടാനുള്ള സാധ്യതയെ മുൻനിർത്തി, സുരക്ഷ സംവിധാനങ്ങൾ കർശനമാക്കിയിട്ടുണ്ടെന്നും, സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്നുമാണ് മെട്രോപൊളിറ്റൻ പൊലീസ് നൽകുന്ന മുന്നറിയിപ്പ്.
മുതിർന്ന പൗരന്മാർ, കുടുംബങ്ങൾ, വിദേശ സന്ദർശകർ എന്നിവരോട് അനാവശ്യമായി തിരക്കുള്ള മേഖലകളിലേയ്ക്ക് യാത്ര ഒഴിവാക്കാനും, ജനക്കൂട്ടങ്ങളിൽ നിന്ന് മാറിനില്ക്കാനും അധികൃതർ അഭ്യർത്ഥിച്ചു.
