ക്നായി തൊമ്മൻ ചേപ്പേടും ക്നാനായ പൈതൃകവും: ചരിത്രത്തിന്റെ സാക്ഷ്യപത്രങ്ങൾ.

ബിജി മാംക്കൂട്ടത്തിൽ, ഒരു ആധുനിക വീക്ഷണത്തിൽ നിന്നുള്ള അവലോകനം

കേരളത്തിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ പ്രത്യേകം ആധികാരികതയും പൈതൃകബോധവുമുള്ള സമുദായമാണ് ക്നാനായക്കാർ. മധ്യതിരുവിതാംകൂറിന്റെ ചരിത്രപശ്ചാത്തലത്തിൽ ഈ സമുദായം, തന്റെ തനതായ ജീവിതശൈലിയിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും, എന്നും ശ്രദ്ധേയമായ സാമൂഹ്യ സാന്നിധ്യമായി നിലകൊള്ളുന്നു.

കടുത്തുരുത്തി, ഉഴവൂർ, കോട്ടയം,വെളിയനാട്, ചിങ്ങവനം, നീണ്ടൂർ, തൊടുപുഴ, പിറവം, മടമ്പം, പയ്യാവൂർ തുടങ്ങി കേരളത്തിൽ അങ്ങോള മിങ്ങോളം വ്യാപിച്ചുകിടക്കുന്ന ഈ സമുദായം, സാംസ്‌ക്കാരിക പൈതൃകവും ആധുനികതയോടുള്ള ചേർക്കലും ധാർമ്മികതയോടുള്ള പ്രതിബദ്ധതയും നിലനിര്‍ത്തികൊണ്ടിരിക്കുന്നു.

ചരിത്രത്തിൽ നിന്ന് പൈതൃകത്തിലേക്ക്: ക്നാനായക്കാരുടെ തുടക്കം

AD 345-ൽ ഇപ്പോഴത്തെ ഇറാക്കിലെ പഴയ കീനായി ദേശത്തു നിന്ന് ക്നായി തൊമ്മൻ എന്ന വാണിജ്യപ്രമുഖന്റെ നേതൃത്വത്തിൽ എഴുപത്തിരണ്ട് കുടുംബങ്ങളിലായുള്ള 400 ഓളം പേരാണ് കൊടുങ്ങല്ലൂരിലേക്ക് കുടിയേറിയത്. ഉറഹായിൽ നിന്നുള്ള മാർ ഔസെഫ് മെത്രാനെ കൂടെ കൊണ്ടുവന്ന ഈ സമൂഹം, മലങ്കരത്തിലെ ക്രിസ്ത്യാനി പാരമ്പര്യത്തിൽ വിസ്മയകരമായ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു.

ചരിത്ര ഗവേഷകൻ ഫാ. ജേക്കബ് കൊല്ലപ്പറമ്പിലിന്റെ ഗവേഷണങ്ങൾ അനുസരിച്ച്, ഈ കുടിയേറ്റത്തിന്റെ വേരുകൾ സെലൂഷ്യ-സ്റ്റീസിഫോൺ നഗരത്തിലേക്കും ഉയരുന്നു. തുർക്കിയിലെ ഉർഫായിൽ നിന്ന് ഉണ്ടായിരുന്ന മാർ ഔസെഫ് മെത്രാന്റെ സാന്നിധ്യം ഈ കുടിയേറ്റത്തെ ആത്മീയമായി ശക്തിപ്പെടുത്തുന്നു.

ക്നായി തൊമ്മൻ ചേപ്പേട്: സാമൂഹ്യ അംഗീകാരത്തിന്റെ രേഖ.

ക്നാനായക്കാരുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് ക്നായി തൊമ്മന് രാജാവിൽ നിന്ന് ലഭിച്ച ചേപ്പേട്. സാമൂഹ്യപദവിയും, ഭൂമിയും, പ്രത്യേക അവകാശങ്ങളും ഇതിലൂടെ നസ്രാണി സമൂഹത്തിന് ഉറപ്പു നൽകിയിരുന്നു. ഈ ചേപ്പേടിന്റെ ആദ്യ വിവരങ്ങൾ ലഭിക്കുന്നത് 16-ആം നൂറ്റാണ്ടിൽ ഗോവയിൽ നിന്നുള്ള വൈദികൻ ഫാ. ഗോവിയോ എഴുതിയ “ജോർണദാ” എന്ന കൃതിയിലൂടെയാണ്.

ഫാ. ഗോവിയോ ചൂണ്ടിക്കാട്ടുന്നതുപോലെ:

“ക്നായി തൊമ്മൻ രാജാവിൽ നിന്ന് ഭൂമിയും പദവികളും ഉൾപ്പെടെയുള്ള അനേകം ആനുകൂല്യങ്ങൾ നേടിയിരുന്നു. ഈ വിവരം ചേമ്പ് ഓലകളിൽ രേഖപ്പെടുത്തിയിരുന്നു.”

ചേപ്പേട്ടിന്റെ നഷ്ടവും ചരിത്രാന്വേഷണ ശ്രമങ്ങളും

1544-ൽ മാർ യാക്കൂബ് മെത്രാൻ ചേപ്പേട് പണയം വെച്ചതായാണ് രേഖകൾ സൂചിപ്പിക്കുന്നത്. പിന്നീട് ഈ രേഖകൾ ഗൊവയിലെ പണ്ടകശാലയിലേക്ക് എത്തുകയും, വിശ്വസ്തരായ വൈദികരും ഭരണാധികാരികളും അതിന്റെ ഉപയോഗം രേഖപ്പെടുത്തുകയും ചെയ്തു. വി. ഫ്രാൻസിസ് സേവ്യർ ഇതിനെ കുറിച്ച് പ്രതിപാദിച്ചിരുന്നു, ഫാ. ലുഖേനയുടെ രേഖകളും ഗൗരവപ്രദമാണ്.

Travancore State Manual (1906) പ്രകാരമുള്ള രേഖകൾ, ക്നാനായ സമുദായത്തിന് കൊടുങ്ങല്ലൂരിൽ രാജാധികാരമായ ഭൂമി, പള്ളിസ്ഥലം, സാമൂഹ്യപദവി തുടങ്ങിയവ നൽകപ്പെട്ടതിന്റെ പ്രാമാണികത ഉറപ്പാക്കുന്നു.

ക്നായ് തൊമ്മൻ ചെപ്പേടുകൾ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങൾ: ചരിത്രം തിരയുന്ന വഴികൾ

1925-ൽ പോർച്ചുഗലിലെ ടോറെ ദു ടോപോയിൽ നടന്ന അന്വേഷണങ്ങൾ മുതൽ, 1960-കളിൽ ഡോ. കെ.എം. ചെറിയാൻ നടത്തിയ ഗവേഷണപ്രവർത്തികൾ വരെ നിരവധി ശ്രമങ്ങൾ ചേപ്പേടിന്റെ നഷ്ടപ്പെട്ട ഭാഗങ്ങൾ കണ്ടെത്താൻ നടത്തിയിട്ടുണ്ട്. എങ്കിലും ഇതുവരെ രേഖയുടെ യാഥാർത്ഥ്യഭാഗങ്ങൾ വീണ്ടെടുക്കുവാൻ, കഴിയാതെവന്നിരിക്കുന്നു.

വർത്തമാനകാലത്ത് ക്നാനായ പൈതൃകബോധം

ഇന്ന് ക്നാനായ സമുദായം ആഗോള വേദികളിലുടനീളം കാൽവച്ചിട്ടുണ്ട്. യുക്കെ, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, മിഡിൽ ഈസ്റ്റ് തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിൽ ഇവരുടെ സജീവ സാന്നിധ്യമാണ് കാണുന്നത്. പാരമ്പര്യഗൗരവം ആത്മാവിൽ നിറഞ്ഞുനിൽക്കുന്ന ഈ സമൂഹം, കല്യാണ ആചാരങ്ങളിലും ആരാധനരീതികളിലും തങ്ങളുടെ തനതായ ആചാരാനുഷ്ഠാനങ്ങൾ തുടരുന്നു.

ചരിത്രത്തിൽ ആരംഭിച്ച ഈ യാത്ര, ഇന്നത്തെ ക്നാനായരുടെ ഉൽപത്തി, ആത്മബോധം, സാമൂഹ്യഉണർത്തലുകൾ എന്നിവയിൽ നിന്ന് തുടർച്ചയാകുന്നു. ചെപ്പേട് എന്നത് ഇവർക്കുള്ള സാംസ്‌കാരികകൂടാരത്തിന്റെ പുരാതന കാലം മാത്രമല്ല, ചരിത്രത്തിൽ സ്വന്തം സ്ഥാനം ഉറപ്പാക്കാനുള്ള, ആത്മാഭിമാനത്തിന്റെ രേഖയുമാണ്.