വരാത്തവരോടും വന്നവരോടും.

ജോൺ കരമ്യാലിൽ, ചിക്കാഗോ.

 2025 ഒക്ടോബർ 4, ശനിയാഴ്ച UK യിൽ നടത്തിയ വടക്കുംഭാഗ മെത്രാന്റെ തെക്കുംഭാഗ മിഷന്റെ 'വാഴ്‌വ് 2025' ഉത്ഘാടനം ചെയ്തുകൊണ്ടുള്ള ജോസഫ് പണ്ടാരശ്ശേരി മെത്രാന്റെ ഇത്ഘാടന പ്രസംഗം നുണകളുടെയും തെറ്റുകളുടെയും പാണ്ടക്കെട്ട് അഴിച്ചുകൊണ്ട് അവിടെ കൂടിയിരുന്ന തെക്കുംഭാഗരെ തെറ്റിദ്ധരിപ്പിക്കുന്നതും, ഈ മിഷന്റെ ഉടമസ്ഥനായ ജോസഫ് സാബ്രിക്കൽ മെത്രാനെ വാനോളം പുകഴ്ത്തുന്നതുമായിരുന്നു. ഞാനിപ്പറയുന്നത് ജോസഫ് പണ്ടാരശ്ശേരിയെ ഇകഴ്ത്തുവാനോ താഴ്ത്തിക്കെട്ടുവാനോ അല്ല, അതിന്റെ ആവശ്യവുമില്ല. പിന്നയോ സത്യാവസ്തുതകൾ കുറെയെങ്കിലും നമ്മൾ മനസ്സിലാക്കുവാനാണ്. പള്ളികളിൽ വരാത്തവർക്കുവേണ്ടിയാണ് പള്ളികളിൽ അച്ചന്മാരുടെ പ്രസംഗമെങ്കിൽ, തന്റെ പ്രസംഗം അവിടെ വന്നവരോടാണന്ന് പറഞ്ഞപ്പോൾ, ഉള്ളതെല്ലാം മറ്റാർക്കും വീതിച്ചു പോകാതെ അവിടെ കൂടിയിരുന്നവർക്കു മാത്രമായി / മുഴുവനുമായി എന്തോ വലിയ കാര്യം കിട്ടിയ പ്രതീതിയായിരുന്നു അപ്പോൾ അവിടെയുണ്ടായിരുന്നവർക്ക്. തുടക്കത്തിലേ അദ്ദേഹം പറഞ്ഞത്, ക്നാനായക്കാർ മെസൊപ്പൊട്ടോമിയായിൽനിന്നും കൊടുങ്ങല്ലൂരിലേയ്ക്ക് വന്നതും, തിരുവിതാംകൂറിൽനിന്നും മലബാറിലേക്ക് പോയതും, അമേരിക്കയിലേയ്ക്ക് കുടിയേറിയതും, തുടർന്ന് ഇ൦ഗ്ലണ്ടിലേയ്ക്കും, ഓസ്‌ട്രേലിയായിലേയ്ക്കും, കാനഡയിലേയ്ക്കും, യൂറോപ്പിന്റെ മറ്റു രാജ്യങ്ങളിലേക്കും പ്രേഷിത കുടിയേറ്റമായിരുന്നുവെന്നും പറഞ്ഞത് ശുദ്ധ നുണയാണ്. ആദ്യത്തെ കുടിയേറ്റമായ കൊടുങ്ങല്ലൂർ യാത്ര മാത്രമാണ് ഏക പ്രേഷിത കുടിയേറ്റം. ക്നായിത്തോമ്മയുടെ നേതൃത്വത്തിൽ വന്ന ഈ പ്രേഷിത കുടിയേറ്റ യാത്രയിൽ മെത്രാനും അച്ചന്മാരും ഉണ്ടായിരുന്നു. കൊടുങ്ങല്ലൂരിൽനിന്നും തിരുവിതാംകൂറിലേയ്ക്കുണ്ടായ യാത്ര അദ്ദേഹം വിഴുങ്ങിക്കളഞ്ഞു. തിരുവിതാംകൂറിനിൽനിന്നും മലബാറിലേക്ക് കുടിയേറിയത് അക്കാലത്തുണ്ടായ രണ്ടാം ലോകമഹായുദ്ധത്തിന്റെ പരിണിത ഫലങ്ങൾ ജനങ്ങൾ അനുഭവിക്കുന്നതിൽ ഉണ്ടായ കൊടിയ ദാരിദ്ര്യമായിരുന്നു. അതിനു വേണ്ട ഒത്താശകൾ / കാര്യങ്ങൾ ചെയ്തത് അന്നത്തെ കോട്ടയം രൂപതാധ്യക്ഷനായ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ മെത്രാനും, യാത്രയ്ക്ക് നേതൃത്വം കൊടുത്തത് ഷെവലിയാർ പ്രൊ. V.J. ജോസഫ് കണ്ടോത്ത് സാറും ആയിരുന്നു. ഇവിടെയൊക്കെ മെത്രാന്മാരുടെ സാന്നിദ്ധ്യവും സഹകരണവും മക്കൾക്കുണ്ടായിരുന്നു. ഇവിടം വരയെ മെത്രാന്മാരുണ്ടായിരുന്നുള്ളു.  അന്ന് ഭാരതപ്പുഴയ്ക്ക് അപ്പുറത്തേയ്ക്ക് (വടക്കോട്ട്) സീറോ മലബാറിനു കുർബാന സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെങ്കിലും, തന്റെ മക്കളുടെ സംരക്ഷണത്തിൽ വളരെ ശ്രദ്ധാലുവായ ചൂളപ്പറമ്പിൽ മെത്രാൻ സ്വന്തം വൈദികരെ വിട്ട് അവിടെ കുർബാനയർപ്പിക്കുവാനും മറ്റു ആത്മീയ ശുശ്രുഷകൾക്കും അനുവാദം കൊടുത്തു; അവർ ഭംഗിയായി അത് തങ്ങളുടെ സ്വന്തം ജനത്തിനുവേണ്ടി ചെയ്തു; മറ്റുള്ളവരെയും സഹായിച്ചു. ആ നേട്ടമാണ് കോട്ടയം രൂപതയിലെ ഇപ്പോഴത്തെ മൂന്നു മെത്രാന്മാരും കൂട്ടാളികളും മുഖസ്തുതിയായി പാടിനടക്കുന്നത്. ഇവർ ഈ സമുദായത്തിനുവേണ്ടി ഒന്നുംതന്നെ ചെയ്തിട്ടില്ല, ചെയ്യുന്നില്ല എന്നുമാത്രമല്ല, ഈ കൂട്ടത്തിൽ ഓർമ്മിക്കേണ്ട മറ്റൊരു വസ്തുത ഈ ദാരിദ്രത്തിലും കഷ്ടപ്പാടിലും മലബാർ കുടിയേറ്റത്തിലെ അന്നത്തെ ക്നാനായ കത്തോലിക്കരുടെ അധ്വാനത്താൽ ആദ്യമായി പണിത പള്ളിയുടെ കുരിശ്ശ് തലകീഴാക്കി ആ പള്ളി നശിപ്പിച്ചു പൊളിച്ചു കളഞ്ഞു എന്നതാണ്; (ആ പള്ളിയ്ക്കുവേണ്ടി കല്ലു ചുമന്നവർ ഇന്നും ജീവിച്ചിരിപ്പുണ്ട്). ഈ നശീകരണം, ടിപ്പു സുൽത്താൻ നമ്മുടെ കൊടുങ്ങല്ലൂരിലെ ദേവാലയങ്ങൾ ചുട്ടെരിച്ചതിലും, എല്ലാം പിടിച്ചെടുത്ത് അവിടുത്തെ ആൾക്കാരെ ഓടിച്ചതിലും വേദനാജനകവും അസഹനീയവുമാണ്. ഈ മെത്രാന്മാരുടെ നെഞ്ചത്തെ കുരിശ്ശ് കാണുമ്പോൾ മലബാറിലെ പള്ളിയുടെ കുരിശ്ശ് തലകീഴാക്കിയതാണ് ഈയുള്ളവന്റെ മനസ്സിലേയ്ക്ക് ആദ്യം വരിക. 

  മുൻപറഞ്ഞ കുടിയേറ്റങ്ങൾക്കു ശേഷം അമേരിക്ക, ഇ൦ഗ്ലണ്ട്, ഓസ്‌ട്രേലിയ, കാനഡ, യൂറോപ്പിലെ മറ്റു രാജ്യങ്ങൾ എന്നിവടങ്ങളിലേയ്ക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറിയത് ഓരോരുത്തരും അവനവനാലാണ്. ഇവിടെയൊക്കെ ഉപജീവനത്തിനായി ജോലിയും വിദ്യാഭ്യാസവും തേടി മാത്രം വന്നതാണ്. ഇവിടെയൊന്നും ഒരു സഭയുടെയും സഹായങ്ങൾ ആർക്കും ഉണ്ടായിട്ടില്ല. ഇവിടങ്ങളിൽ ഉണ്ടായ ബാലാരിഷ്ടിതകളും കഷ്ടപ്പാടുകളും ധാരണം ചെയ്ത് ആൾക്കാർ ഓരോരുത്തരും അഭിവൃദ്ധി പ്രാപിച്ചപ്പോൾ അവരെപ്പിഴിഞ്ഞു മുതലെടുക്കുവാൻ, അതായത് ഈ വിശ്വാസികളുടെ വിളവെടുക്കുവാൻ കുരിസ്സും ദൈവനാമങ്ങളുമായി വന്നവരാണ് എല്ലാ സഭകളും സഭാനേതാക്കന്മാരും. ഒപ്പം ഇവരെ മാത്രം ഉടലോടെ എടുത്ത് സ്വർഗത്തിലേയ്ക്ക് വച്ചിട്ടേ അടങ്ങുകയുള്ളു എന്നുപറഞ്ഞു കുറെ ധ്യാനവീരന്മാരും വന്നു. ഈ വീരത്വം മൂലം ചിലി വീരന്മാർക്ക് സ്വഭവനത്തിൽ ആയിരിക്കേണ്ട ഗതികേടും ഉണ്ടായി. എല്ലാവരും എല്ലാവരെയും അറിയുന്ന (Everybody knows everybody) ഒരു കൊച്ചു സമൂഹമാണ് ക്നാനായ സമുദായം / സമൂഹം. അതുകൊണ്ട് അവർ ചെന്നിടത്തെല്ലാം ഒത്തുകൂടി വിശ്വാസങ്ങളും പൈതൃകങ്ങളും പങ്കുവച്ചു. ഒപ്പം, ക്രൈസ്തവീകതയിലും വിശ്വസിക്കുന്നതിനാൽ ഈ സമൂഹം വൈദികരെ വരുത്തി വിശ്വസനിറവ് വളർത്തുവാനും തീരുമാനിച്ചു; വൈദികർ വന്നു; മേലാളന്മാരായി. ഉടനെ ഈ സീറോ മലബാർ സഭയെന്നു പറഞ്ഞു ലോകം മുഴുവൻ ഈ സീറോ അച്ചന്മാർ അഴിഞ്ഞാടി. ഇവിടെ അപ്പനിരിക്കേണ്ടടത്ത്  അച്ചനെ ഇരുത്തി, അതാണ് ക്നാനായ സമുദായത്തിനുൾപ്പെടെ എല്ലാ സഭകൾക്കും പറ്റിയെ അമിളി. ഇനിയും അവരെ അവിടെയിരുത്തിയാൽ കിടന്നിട്ടേ ഇറങ്ങിപ്പോകു. 

  2001 ൽ അമേരിക്കയിൽ സീറോ മലബാർ രൂപത വരുന്നതിനു മുമ്പ് ഇവിടുത്തെ ക്നാനായക്കാരും അക്നാനായക്കാരും ക്നാനായ സമുദായം ഉപേക്ഷിച്ചു മാറിക്കെട്ടിയവരുമെല്ലാം എല്ലാവരുമായി വളരെ സഹോദര്യത്തിൽ കഴിഞ്ഞിരുന്നു. UK യിൽ 2014 ൽ ഷൂസ്ബറി രൂപതയിൽ ക്നാനായ ചാപ്ലയൻസി ആരംഭിച്ചപ്പോഴും സഹോദര്യത്തിനു മാറ്റു കുറവില്ലായിരുന്നു. 2016 ൽ UK യിൽ സീറോ മലബാർ രൂപത വന്നപ്പോഴാണ് ഗുരുതര പ്രശ്നങ്ങൾ ഉരുത്തിരിഞ്ഞു തുടങ്ങിയതും തുടരുന്നതും. ഇവിടെയൊക്കെ മുൻപറഞ്ഞതുപോലെ അലക്സാണ്ടർ ചൂളപ്പറമ്പിൽ മെത്രാൻ ധൈര്യത്തോടെ ചെയ്തതുപോലെ ഈ കോട്ടയം മെത്രാന്മാരും ചെയ്താൽ സൂര്യപ്രകാശത്തിൽ ഇരുൾ എന്നതുപോലെ സർവ്വ പ്രശ്നങ്ങളും തീരാവുന്നതേയുള്ളു. പകരം നമ്മൾ, ക്നാനായക്കാർ ജോസഫ് സാബ്രിക്കൽ മെത്രാനോടു കടപ്പെട്ടിരിക്കുന്നുവെന്നാണ് ജോസഫ് പണ്ടാരശ്ശേരി പറഞ്ഞത്. സത്യത്തിൽ ഈ  മിഷനുകളും പള്ളികളുമെല്ലാം കൊടുക്കുന്ന ക്നാനായ സമൂഹത്തിനോടാണ് സാബ്രിക്കൽ മെത്രാനു കടപ്പാടുള്ളത്; വാങ്ങിച്ചു ദാനമായി കൊടുത്തതല്ലെ. 1911 ൽ തെക്കുംഭാഗർക്കു മാത്രമായിട്ട് ഒരു വികാരിയാത്ത് നൽകിയെന്നും അത് സഭാപരമായ അംഗീകാരമായിരുന്നുവെന്നും പണ്ടാരശ്ശേരി മെത്രാൻ പറഞ്ഞു. അങ്ങനെ കിട്ടിയ അംഗീകാരവും വികാരിയാത്തിലൂടെ കിട്ടിയ അതിരൂപതയും എന്തിനു ഈ വടക്കുംഭാഗ മെത്രാന്റെ കാൽക്കൽ അടിയറ വയ്ക്കുന്നു. ചിക്കാഗോ രൂപതയിലും  ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലും ക്നാനായക്കാർക്കു വേണ്ടി മാത്രമായിട്ടാണ് ക്നാനായ മിഷൻ അനുവദിക്കപ്പെട്ടിക്കുന്നതെന്ന് ജോസഫ് പണ്ടാരശ്ശേരി പറഞ്ഞത് തികച്ചും കല്ലുവച്ച നുണയാണ്. ചിക്കാഗോയിലെ ക്നാനായ മിഷനുകളിലും, ഇവർ പറയുന്ന ക്നാനായ ഇടവകകളിലും, ക്നാനായക്കാരെന്നോ അക്നാനായക്കാരെന്നോ വ്യത്യാസംകൂടാതെ വരുന്നവർക്കെല്ലാം തുല്യ അവകാശത്തോടെ ഇടവകാഗംത്വം കൊടുത്തുകൊള്ളണമെന്നാണ് അന്നത്തെ രൂപതാധ്യക്ഷനായ ജേക്കബ് അങ്ങാടിയത്ത് മെത്രാൻ കല്പിച്ചത്. ഇതൊന്നും ഇന്നത്തെ അമ്മവീട്ടിൽ കഴിയുന്ന ശ്രീ ജോസഫ് പണ്ടാരശ്ശേരി അറിയുന്നില്ലായിരിക്കും. കൂടാതെ ഇവിടങ്ങളിൽ ഒന്നിലും കൂദാശനിഷേധങ്ങൾ നടന്നിട്ടില്ലെന്നും ഈ ജോസഫ് പറഞ്ഞതും നുണയാണ്. അനേകം വിവാഹ കൂദാശനിഷേധങ്ങൾ UK യിൽ നടന്നുകഴിഞ്ഞു. 2025 ഓഗസ്റ്റ് 2 ന് രണ്ടു യുവതീയുവാക്കളുടെ (കിടങ്ങൂർ) വിവാഹകൂദാശ നിഷേധിച്ചു; അവർ കത്തോലിക്ക സഭയിൽനിന്നും  പോയി യാക്കോബായ വിശ്വാസം സ്വീകരിച്ചു; അവർ നിശ്ചയിച്ചുറപ്പിച്ചതുപോലെ വിവാഹവും നടത്തി. 2023 ൽ മറ്റു രണ്ടു യുവതിയുവാക്കൾക്കും (ഉഴവൂർ) ഇതേ അനുഭവമുണ്ടായി. ഇതിനൊക്കെ കാരണം ഈ സീറോ മലബ്ബാർ സഭയുടെ അധിനിവേശവും കൈയേറ്റവുമാണ്. ഇവിടെയൊക്കെ നമ്മൾ അറിഞ്ഞതും പറഞ്ഞതും കടുകോളം, അറിയുവാനുള്ളതും അറിയേണ്ടതും കടലോളം. ഈ ജോസഫ് പറഞ്ഞതുപോലെ നമ്മൾ സഭയിലല്ല ജനിച്ചു വീണത്; ജനിച്ചു വീണത് സമുദായത്തിലാണ്. അതിനാൽ സമുദായത്തെ സ്നേഹിച്ചിട്ടേ / വളർത്തിയിട്ടേ സഭയെ സ്നേഹിക്കാവു / വളർത്താവു. സമുദായം സഭയോടൊത്തല്ല നടക്കേണ്ടതും വളരേണ്ടതും; സഭകൾ സമുദായങ്ങൾക്കൊത്തു നടക്കണം / വളരണം.    സഭയിലൂടെ സമുദായം സംരക്ഷിക്കപ്പെടുകയില്ല. സമുദായത്തിൽ അടിയുറച്ചുനിന്നുമാത്രം വിശ്വാസം ഒരു വഴിക്കു കൊണ്ടുപോകുക.
            തുടരും  

ജോൺ കരമ്യാലിൽ
ചിക്കാഗോ
21 OCT 2025
John Karamyalil
Chicago