ജോൺ കരമ്യാലിൽ
ചിക്കാഗോ
2026 സമുദായ ശാക്തീകരണ വർഷമായിട്ട് ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ KCC (Knanaya Catholic Congress) ഈ മാസം 2-)൦ തിയതി (2025 NOV 02 ന്) സംഘടിപ്പിച്ച 'ബന്ധങ്ങൾ വേർപെടാതെ' എന്ന സമുദായ കുടുംബ സമ്മേളനം മാത്യു മൂലക്കാട്ട് മെത്രാനച്ചൻ ഉത്ഘാടനം ചെയ്യവെ ചെയ്ത പ്രസംഗം, മുമ്പോട്ടു പോകുവെന്ന് പറഞ്ഞു പിറകോട്ടു പോകുന്ന ഞണ്ടിന്റെ ഉപദേശം പോലെയായിരുന്നു. അദ്ദേഹം പറഞ്ഞ രണ്ടു കാര്യങ്ങളിൽ ആദ്യത്തേത്, ലോകമെമ്പാടുമുള്ള ക്നാനായ മക്കൾക്കെല്ലാം (കാത്തോലിക്കർക്കെല്ലാം) സഭയുടെ തണലിൽ ഒന്നിച്ചു നിൽക്കുവാനും ഒരു കൂട്ടായ്മയിൽ ആയിരിക്കുവാനുമുള്ള നമ്മുടെ ആഗ്രഹം പരിശുദ്ധ സിംഹാസനത്തെ അറിയിക്കുവാനായിട്ട് സാധിച്ചുവെന്നത് ഈ സമിതി (KCC)യുടെ വലിയ ഒരു നേട്ടമായിട്ട് അദ്ദേഹം കാണുന്നു എന്നാണ്. പുരപ്പുറത്ത് കയറിനിന്നു കൂവാൻമാത്രം ഈ കാര്യസാധ്യത്തിൽ ഒന്നുമില്ല. ഇത് റോമിനെ അറിയിക്കുവാൻ വെറുതെ ഒരു കത്തയക്കേണ്ടിടത്താണ് ഒരുപറ്റം ആൾക്കാർ നേർച്ചപ്പണംകൊണ്ട് ഉലകം ചുറ്റിയത്. ഇനി ഇവർ അവിടെച്ചെന്നു എന്താണ് പറഞ്ഞതെന്നോ, അവർ എന്താണ് മനസ്സിലാക്കിയതെന്നോ, ഇവരോട് എന്താണ് പറഞ്ഞതെന്നോ ദൈവം തമ്പുരാനുൾപ്പെടെ ആർക്കും അറിയില്ല; കാലയവനികയ്ക്കുള്ളിൽ മറയുംവരെ ഒരു ജോലിയെന്ന രീതിയിൽ എന്നും അങ്ങോട്ടുമിങ്ങോട്ടും സ്വച്ഛന്ദ വിഹാരം നടത്തുക, അത്രതന്നെ. അതുപോലെ ഇത്രയും നാളായിട്ട് ഈ ദൈവങ്ങളും ശിങ്കടികളും കണ്ടവരുമായി റോം നിരങ്ങിക്കൊണ്ടിരുന്നത് എന്തിനായിരുന്നുവെന്നു വിശ്വാസികൾ ചിന്തിക്കണം. രണ്ടാമതായി പറഞ്ഞത്, നമ്മൾ എവിടെയായിരുന്നാലും അവിടെയെല്ലാം നമുക്ക് നമ്മുടേതായ സഭാസംവിധാനങ്ങളുമായിട്ട് പ്രവർത്തിക്കുവാൻ സഭ സ്വാതന്ത്ര്യം നൽകിയിരിക്കുന്നു എന്നാണ്. ഇത് തിണ്ണനിരങ്ങികളായ ആജ്ഞാനുവർത്തികൾ മാത്രമെ വിശ്വാസിക്കു. ഇപ്പറഞ്ഞ സ്വാതന്ത്ര്യം കിട്ടാത്തിടത്താണ്, കിട്ടിയെന്നു പറഞ്ഞു നമുക്ക് അഭിമാനിക്കാം, സന്തോഷിക്കാം എന്നു പറഞ്ഞു കേട്ടുകൊണ്ടിരുന്നവരെയെല്ലാം പമ്പര വിഢികളാക്കിയത്; പ്രത്യേകിച്ചു ആക്കേണ്ടിയിരുന്നില്ലങ്കിലും. ഈ സഭയോടു ചേർന്നുനിന്നു പ്രവർത്തിക്കുവാൻ സാധിക്കണമെങ്കിൽ നമുക്കുള്ളത് നമ്മുടേതായിരിക്കണം. നമ്മുടെ ഉടമസ്ഥാവകാശം സീറോ മലബാറിന്റെ കാൽകീഴിൽ അടിയറവച്ചു ക്നാനായ സമുദായത്തെ അവരുടെ അധീനതയിലും വരുതിയിലും നിർത്തിയാൽ മൂലക്കാടൻ മെത്രാൻ പ്രാർത്ഥിച്ച ഐക്യവും സ്നേഹവും കൂട്ടായ്മയും ഒരുമയും ഒരിക്കലും ഉണ്ടാവുകയില്ല. ഇവിടെ പ്രാർത്ഥനയല്ല, നേടിയെടുക്കൽ ആണ് വേണ്ടത്. ഇതുപോലെ നുണകൾ ധാരമുറിയാതെ പറയുമ്പോൾ അത് വിശ്വാസത്തെ നശിപ്പിക്കും.
ജോസഫ് പണ്ടാരശ്ശേരി മെത്രാൻ തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ, "നമ്മൾ എല്ലാ മേഖലകളിലും സംഭാവന കൊടുത്തിട്ടുണ്ട്, കൊടുക്കുന്നവരാണ്, ദൈവത്തിനു പ്രഥമസ്ഥാനം കൊടുക്കണം", എന്നു പറഞ്ഞു. ഇവിടെ ഈ ദൈവം എന്നത്, ഈ മെത്രാന്മാരും അച്ചന്മാരുമാണ്; അല്ലാതെ സാക്ഷാൽ ദൈവം അല്ല. ഈ മെത്രാന്മാർക്കും അച്ചന്മാർക്കുമാണ് ഇപ്പറയുന്ന പ്രഥമസ്ഥാനം കൊടുക്കണമെന്ന് ഇക്കൂട്ടർ പറയുന്നത്; അല്ലാതെ സാക്ഷാൽ ദൈവത്തിനല്ല. സാക്ഷാൽ ദൈവത്തിനു പ്രഥമസ്ഥാനം കൊടുക്കുന്നന്നുണ്ടോ ഇല്ലയോയെന്നു സാക്ഷാൽ ദൈവത്തിനു അറിയാമല്ലൊ, പ്രത്യേകിച്ചു കൂവിപ്പറയേണ്ട ആവശ്യമില്ല.
അപ്രേം മെത്രാൻ, "ക്നാനായക്കാർ ബന്ധങ്ങളാലാണ് ബന്ധിതരായിരിക്കുന്നത്", എന്നാണ് തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞത്. ഈ ബന്ധങ്ങളെയാണ് ഉൽമൂലനം ചെയ്യുവാൻ ഇവരെല്ലാം സ്വന്തം മക്കളായ പ്രവാസി ക്നാനായക്കാരെ വല്ലവന്റെയും തൊഴുത്തിൽ കൊണ്ടുപോയി കെട്ടിയിട്ട് അവരെ അറവുമാടുകളാക്കുന്നത്. ഇളംപാമ്പ് കടിയേറിയുന്നോ, ഇളംപോത്ത് വെട്ടറിയുന്നോ എന്നു പറയുന്നതുതുപോലെ, ഒരുവക മരുന്ന് കൊടുത്തു ചിന്താശേഷി ഇല്ലാതാക്കപ്പെട്ട ഈ അന്ധവിശ്വാസികൾ തങ്ങൾ എവിടെയാണന്ന് തിരിച്ചറിയാതെ ആമ്മേനും സ്തോത്രവും പാടി കാലം കഴിക്കുന്നു. അവസാനം സ്വന്തം വീട്ടിലെ ഓരോരുത്തർ വിട്ടുപോകുമ്പോഴാണ് വിവരങ്ങൾ അറിയുന്നത്, അപ്പോഴേയ്ക്കും അത് ആരോടും മിണ്ടുവാനാകാത്ത സ്ഥിതിയിലുമാകും. കാരണം, പറഞ്ഞാൽ ബന്ധങ്ങളാൽ ബന്ധിതരായ ബന്ധുക്കൾ അറിയും, മാത്രവുമല്ല മറുഭാഗം ചിലപ്പോൾ സ്വർഗ്ഗവാതിൽ പൂട്ടിക്കളയുമെന്ന ഭയവും ഭീതിയും ഉണ്ടാകും. അപ്പോൾ ചത്തതിനൊക്കുമേ ജീവിച്ചിരിക്കലുമെന്നപോലെ ശിഷ്ടകാലം വ്യാകുലപ്പെട്ട് തീർക്കേണ്ടിവരും. ഇവിടെയിപ്പോൾ ഓർമ്മിക്കുന്നത്, മഹാകവി ചങ്ങമ്പുഴ 'വാഴക്കുല'യിൽ
“അവശന്മാ, രാർത്തന്മാരാലാംബ ഹീനന്മാരവരുടെ സങ്കടമാരറിയാൻ”, എന്നതുപോലെ ഈ സങ്കടങ്ങളിൽ മറ്റൊരുത്തനും ദയ തോന്നില്ല. അതുപോലെ,
“ഇതിനൊക്കെ പ്രതികാരം ചെയ്യതടങ്ങുമോ
പതിതരേ നിങ്ങൾതൻ പിന്മുറക്കാർ”.
മൈക്കിൾ വെട്ടിക്കാട്ടച്ചന്റെ പ്രസംഗത്തിൽ, കോട്ടയം അതിരൂപതയിലെ അത്മായർക്ക് രൂപത, അതായത് കോട്ടയം മെത്രാന്മാരും അച്ചന്മാരും കൊടുക്കുന്നത്ര പ്രാധാന്യം ലോകത്തിലെ മറ്റൊരു രൂപതയും കൊടുക്കുന്നില്ല എന്നു പറഞ്ഞത് തെറ്റാണ്; ക്നാനായ അത്മായർ മെത്രാന്മാർക്കും അച്ചന്മാർക്കും കൊടുക്കുന്ന പരിഗണനയും പ്രാധാന്യവും ലോകത്തിൽ മറ്റാരും കൊടുക്കുന്നില്ലന്നുള്ളതാണ് ശരി. ഈ വളരെയടുത്ത സമയത്ത് കോട്ടയം മെത്രാപ്പോലീത്ത, മൂലക്കാട്ട് മെത്രാനച്ചൻ ഈ അച്ചന്റെ ഇടവക പള്ളിയിൽ പ്രസംഗിച്ചത് വൻ പോലീസ് കാവലിലും, ആ സമയത്ത് അവിടുത്തെ തന്റെ മക്കളായ ഇടവകാംഗംങ്ങൾ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടിയിരുന്നതും ഈ പ്രാധാന്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. മക്കളിൽനിന്നും സംരക്ഷണം കിട്ടാതെ, മക്കളെ ഭയക്കുന്ന അപ്പൻ ജീവിച്ചിരുന്നിട്ട് ക്യാഫലം. അതുപോലെ ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത, പ്രവാസികളായ ക്നാനായ കത്തോലിക്കർ കോട്ടയം രൂപതാഗംങ്ങൾ അല്ല എന്നുള്ളതാണ്. ഇത് കോട്ടയം രൂപതയിലെ അംഗംങ്ങളെ പറഞ്ഞു മനസ്സിലാക്കുവാനുള്ള അറിവും വിവരവും, വിടുപണി ചെയ്ത്, തിണ്ണ നിരങ്ങി നടക്കുന്ന അടിയാളന്മാർക്ക് ഇല്ല. ഇനി ഈ അച്ചൻ പറഞ്ഞത് ശരിയെന്നിരിക്കട്ടെ, അപ്പോൾ കോട്ടയം രൂപത ഒഴികെയുള്ള രൂപതകളിലെ അത്മായരുടെ സ്ഥിതി എന്തുമാത്രം വഷളായിട്ടായിരിക്കും ആയിരിക്കുക. അവരെ ദൈവത്തിനുപോലും രക്ഷിക്കുവാൻ സാധിക്കുകയില്ലന്നു മാത്രമല്ല, അങ്ങോട്ടേയ്ക്ക് ഒരു ചെകുത്താൻപോലും തിരിഞ്ഞു നോക്കുകയുയമില്ല. മുന്തിരിവള്ളി ചെടിയോടു ചേർന്നുനിന്നാൽ മാത്രമേ ഫലം തരികയുള്ളുവെന്നു പറഞ്ഞു പൊങ്ങനൊന്നുമില്ല; ഈ ശാഖകളും ഇലകളും ഇല്ലങ്കിൽ ഒരു മുന്തിരിച്ചെടിയും വളരില്ല; തളിർക്കില്ല.
ജോയി കാട്ടിയാങ്കലച്ചൻ തന്റെ പ്രസംഗത്തിൽ പറഞ്ഞത് ബന്ധങ്ങൾ ഉണ്ടാകണമെങ്കിൽ നഷ്ടങ്ങൾ ഉണ്ടാകണമെന്നാണ്. ഓരോ പ്രവശ്യവും നഷ്ടങ്ങൾ നേടിയെടുത്ത് ബന്ധങ്ങൾ ഉണ്ടാക്കുന്നത് പുറത്തു പറയുവാൻ ബുദ്ധിമുട്ടുള്ള തെറ്റുകൾ പുറത്തു പറയുമെന്ന് ഭീക്ഷിണിപ്പെടുത്തി ബ്ലാക്ക് മെയിൽ അഥവ കൊള്ളയടിക്കൽ ചെയ്യുന്നതുപോലെ നഷ്ടങ്ങൾ വരുത്തിക്കൊണ്ടിരിക്കണം. ഇങ്ങനെയുള്ള ബന്ധങ്ങൾ ബ്ലാക്ക് മെയിൽ ചെയ്യപ്പെടുന്ന വ്യക്തിയുടെ എല്ലാം പിടിച്ചെടുത്ത്, അവൻ ഇല്ലാതാകുംവരെ ഈ ബ്ലാക്ക് മെയിൽ പ്രക്രിയ അനസ്യൂതം തുടർന്നുകൊണ്ടേയിരിക്കും. ഇങ്ങനെ നഷ്ടം വരുത്തി ബന്ധങ്ങൾ സൃഷ്ടിച്ചാൽ ആ ബന്ധത്തിൽ ആത്മാർത്ഥത ഉണ്ടാകുകയില്ല; പകരം തേജോവധമാണ് ഉണ്ടാകുക. സമുദായത്തെ സംബന്ധിച്ചിടത്തോളം ഇദ്ദേഹം പറയുന്ന നഷ്ടം സമുദായ നശീകരണം അഥവ ഉൽമൂലനം ആണ്. ഇങ്ങനെ സ്വന്തം കുലത്തെയും സമുദായത്തെയും നശിപ്പിച്ചിട്ട് മറ്റവനുമായിട്ടുള്ള ബന്ധം ആവശ്യമില്ലെന്നു പറയുവാനുള്ള ആർജ്ജവം , പിറവിഗുണം കാണിക്കണം.
സമുദായവും സഭയും ഒന്നല്ല, രണ്ടാണന്നും, അത് ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയും, ഒരു പക്ഷിയുടെ ഇരുചിറകുകൾ പോലെയുമാണന്ന് മെത്രാനച്ചന്മാരും അച്ചന്മാരും പറയുന്നിടത്ത്, സമുദായവും സഭയും ഒന്നാണ്, രണ്ടല്ല എന്നാണ് ഈ യോഗത്തിൽ ആശംസ പ്രസംഗം നടത്തിയ ശ്രീ സ്റ്റീഫൻ ജോർജ്ജ് പറഞ്ഞത്. അദ്ദേഹം വ്യത്യാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി ആയതിനാൽ ഇനി ഒരു വ്യത്യാസം ആകാമെന്ന് തോന്നിക്കാണും. വൈദികരെയും അവർ നിശ്ചയിച്ച അത്മായ നേതാക്കളെയും വാട്ട്സാപ്പിലൂടെ കുറ്റം പറയരുതെന്ന് മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടാണ് അവിടെ കൂടിയിരുന്നവരെയും, എല്ലാവരെയും സ്റ്റീഫൻ ജോർജ്ജ് ഉപദേശിച്ചത്; കുറ്റം ഉണ്ടന്ന് ഈ സ്റ്റീഫൻ സമ്മതിച്ചു. ഇവിടെ കുറ്റമല്ല കുറ്റം, അത് ചൂണ്ടിക്കാണിക്കുന്നതാണ് ഒരു അധ്യാപകൻ കൂടിയായ സ്റ്റീഫന്റെ ഭാഷ്യം. വിടുപണി എടുക്കുന്നതുകൊണ്ടും താങ്ങിപ്പറയുന്നതുകൊണ്ടും മാത്രമാണ് ഇത്രയും പറയുവാനെങ്കിലും ഇയാൾക്ക് അവസരം ലഭിച്ചത്. നമ്മുടെ ആധാരമായ എൻഡോഗമി ബിബ്ലിക്കലാണന്നും, പഴയ നിയമത്തിലെ അബ്രഹാമിന്റെ കാലം മുതലേ ഉള്ളതാണന്നും ഒരിക്കൽ KCC പ്രസിഡന്റായിരുന്ന സ്റ്റീഫൻ ജോർജ്ജ് പറയേണ്ടിയിരുന്നത് സീറോ മലബാർ കത്തോലിക്ക സഭയിലായിരുന്നു; ആണ്, അല്ലാതെ പുരയ്ക്കകത്തല്ല.
സഭാസ്നേഹികൾക്ക് സമുദായസ്നേഹം ഇല്ല; പാടില്ല. എന്നാൽ സമുദായ സ്നേഹികൾക്ക് സഭാസ്നേഹം ഉണ്ട്. എന്തായാലും ഇങ്ങനെയുള്ള ഈ മഹാസമ്മേളനങ്ങൾ ക്നാനായ സമുദായത്തെ ഇല്ലാതാക്കുവാനുള്ള ശാക്തീകരണമാണ്. അത് ക്നാനായ മക്കൾ തിരിച്ചറിഞ്ഞുവേണം സമ്മേളിക്കുവാൻ.
ജോൺ കരമ്യാലിൽ
ചിക്കാഗോ
14 NOV 2025
John Karamyalil
Chicago
