പത്താം തവണയും ബിഹാറിൽ മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ നിതീഷ് കുമാർ; സത്യപ്രതിജ്ഞ ഇന്ന്.

പട്ന ∙ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാർ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ പത്താം തവണയാണ് ജെ.ഡി.(യു) നേതാവ് സംസ്ഥാനത്തിന്റെ ഭരണച്ചുമതല ഏറ്റെടുക്കുന്നത്.

സത്യപ്രതിജ്ഞച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവർ സാന്നിധ്യമറിയിക്കും.

പട്നയിലെ ഗാന്ധി മൈതാനിയിലാണ് രാവിലെ 11.30 ന് ചടങ്ങ്. 2020-ലെ മാതൃകയിൽ ബിജെപിക്ക് രണ്ടുപേർ ഉപമുഖ്യമന്ത്രിമാരായിരിക്കുമെന്ന സൂചനകളുണ്ട്. മന്ത്രിസഭയിൽ ജെ.ഡി.(യു)യ്ക്ക് 14 വകുപ്പുകളും ബിജെപിക്ക് 16 വകുപ്പുകളും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിരാഗ് പസ്വാന്റെ എൽജെപിക്ക് മൂന്ന് മന്ത്രിസ്ഥാനങ്ങൾ നൽകും.

സ്പീക്കർ സ്ഥാനത്തെ കുറിച്ചുള്ള ബിജെപി–ജെ.ഡി.(യു) തമ്മിലുള്ള നീണ്ടുനിൽക്കുന്ന തർക്കം ഇതുവരെ പരിഹാരത്തിലെത്തിയിട്ടില്ല. ഇന്നലെ സംസ്ഥാനത്ത് എത്തിയ അമിത് ഷായുടെ നേതൃത്വത്തിലാണ് സമവായശ്രമങ്ങൾ നടന്നത്. ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ച് ചിരാഗ് പസ്വാന്റെ നീരസം തുടരുകയാണ്.