ലോക കാലാവസ്ഥാ ഉച്ചകോടി വേദിയില്‍ വൻ തീപിടുത്തം; ഇന്ത്യൻ സംഘം സുരക്ഷിതർ.

ആയിരത്തിലധികം പ്രതിനിധികളെ അതിവേഗം ഒഴിപ്പിച്ചു.

ബ്രസീലിലെ ബെലേമില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടി (COP-30) വേദിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് വൻ തീപിടുത്തം ഉണ്ടായത്. വേദിയിലുടനീളം കനത്ത പുക പരന്നതോടെ യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടെറസ് ഉള്‍പ്പെടെ ആയിരത്തിലധികം പ്രതിനിധികളെ അടിയന്തരമായി പുറത്തേക്കൊഴിപ്പിക്കുകയായിരുന്നു.

പുക ശ്വസിച്ചതിനെ തുടര്‍ന്ന് 13 പേർക്കു വേദിയിലേയ്ക്കുള്ള മെഡിക്കൽ സെന്ററില്‍ തന്നെയാണ് പ്രാഥമിക ചികിത്സ നല്‍കിയത്. തീ പൂർണമായി നിയന്ത്രണവിധേയമാക്കിയതായും വലിയ പരുക്കേൽപ്പുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബ്രസീൽ ടൂറിസം മന്ത്രി സെൽസോ സാബിനോ അറിയിച്ചു.

കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെയും ഇന്ത്യൻ പ്രതിനിധി സംഘത്തെയും സുരക്ഷിതരാക്കിയതായി അധികൃതർ സ്ഥിരീകരിച്ചു.

കല്‍ക്കരി ഉപയോഗം, കാലാവസ്ഥാ ധനസഹായം, വ്യാപാര നയങ്ങൾ എന്നിവയിലുള്ള അന്താരാഷ്ട്ര ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ആയിരുന്നു സംഭവം. ആരോഗ്യവും ശാസ്ത്രവുമായി ബന്ധപ്പെട്ട പവലിയനുകളിലാണ് തീപിടുത്തമുണ്ടായത്. ആറു മിനിറ്റിനുള്ളില്‍ അഗ്നിശമന സേന എത്തി തീ അണച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇലക്ട്രിക്കൽ ഉപകരണ തകരാറാണ് തീപിടുത്തത്തിനുള്ള പ്രാഥമിക കാരണം എന്നാണ് വിലയിരുത്തൽ. നവംബർ 10ന് ആരംഭിച്ച ഈ ഉച്ചകോടി ഇന്ന് സമാപിക്കാനിരിക്കെ സംഭവിച്ചത് ആശങ്കയുണ്ടാക്കി.