ദുബൈയിൽ തേജസ് യുദ്ധവിമാനം തകർന്നു വീണ് മരിച്ച പൈലറ്റിനെ തിരിച്ചറിഞ്ഞു.

ദുബൈ.

ദുബൈ എയർഷോയിൽ അഭ്യാസപ്രകടനത്തിനിടെ തകർന്നുവീണ തേജസ് യുദ്ധവിമാനത്തിലെ പൈലറ്റിനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽക്കാട് സ്വദേശിയായ വ്യോമസേന വിങ് കമാൻഡർ നമാൻഷ് സ്യാൽ (37) ആണെന്ന് ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു.

പൈലറ്റിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഗ്‌വീന്ദർ സിംഗ് സുഖു പ്രതികരിച്ചു. “രാജ്യം ഒരു ധീരയോദ്ധാവിനെ നഷ്ടപ്പെടുത്തി,” എന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ രേഖപ്പെടുത്തി.
‘ദുബൈ എയർഷോയിൽ നടന്ന അപകടത്തിൽ കാംഗ്രയുടെ ധീരപുത്രൻ നമാൻഷ് സ്യാൽ വീരമൃത്യു വരിച്ചത് അതീവ ദുഃഖകരമാണ്. രാജ്യസേവനത്തിനായി ജീവൻ പണയപ്പെടുത്തിയ ധൈര്യത്തിനും സമർപ്പണത്തിനും ഹൃദയപൂർവ്വം സല്യൂട്ട്’, — മുഖ്യമന്ത്രിയുടെ സന്ദേശത്തിൽ പറയുന്നു.

ഉച്ചയ്ക്ക് 2.10ഓടെ നടന്ന എട്ട് മിനിറ്റ് ദൈർഘ്യമുള്ള ആകാശപ്രകടനത്തിനിടെയാണ് വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. സൂര്യകിരൺ ടീമിന്റെ പ്രകടനത്തിനു പിന്നാലെയായിരുന്നു തേജസ് വിമാനം ഉയർന്നത്. കുറച്ച് ഉയരം നേടി വട്ടമിട്ടതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തീഗോളമായി താഴെയെത്തുകയായിരുന്നു.

അപകടത്തെത്തുടർന്ന് എയർഷോയുടെ അവസാനദിവസത്തെ എല്ലാ പ്രകടനങ്ങളും റദ്ദാക്കി. കാണികളെ അടിയന്തരമായി സുരക്ഷിത മേഖലകളിലേക്ക് മാറ്റി. അപകടകാരണം അന്വേഷിക്കാൻ വ്യോമസേന പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എയർഷോ ആരംഭിച്ചതിനു പിന്നാലെ തേജസ് വിമാനത്തിന്റെ സുരക്ഷയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. വിമാനത്തിൽ എണ്ണ ചോർച്ചയുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ, ഇത് തള്ളിക്കളഞ്ഞ കേന്ദ്രസർക്കാർ, ‘വിമാനത്തിൽ അടിഞ്ഞുനിൽക്കുന്ന വെള്ളം ചോർക്കുവാൻ രൂപകൽപ്പന ചെയ്ത സംവിധാനം തെറ്റിദ്ധാരണയ്ക്കിടയാക്കിയതാണ്’ എന്ന് വിശദീകരിച്ചിരുന്നു.