ഡൽഹി: രാജ്യത്തെ ആധാർ സംവിധാനത്തിൽ വൻ മാറ്റങ്ങൾ. ആധാർ കാർഡുകളുടെ സുരക്ഷ വർധിപ്പിക്കാനായി ഉടൻ തന്നെ പുതിയ രൂപകൽപ്പനയുമായി മുന്നോട്ട് വരാൻ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഒരുങ്ങുന്നതായി റിപ്പോർട്ട്.
പുതിയ മോഡൽ ആധാർ കാർഡിൽ ഇനി വ്യക്തിയുടെ പേരോ വിലാസമോ 12 അക്ക ആധാർ നമ്പറോ ഉണ്ടാകില്ല. ഉടമയുടെ ഫോട്ടോയും സുരക്ഷിതമായ ക്യുആർ കോഡുമാണ് കാർഡിൽ പ്രദർശിപ്പിക്കുക. ഇതുവഴി വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം പൂർണ്ണമായി ഒഴിവാക്കാനാണ് ലക്ഷ്യം. പി.ടി.ഐ ആണ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.
വിവരങ്ങൾ ചോർത്തപ്പെടുന്നതും അനാവശ്യമായി പകർപ്പുകൾ ശേഖരിക്കുന്നതും തടയാൻ വേണ്ടിയാണ് മാറ്റങ്ങൾ ആലോചിക്കുന്നതെന്ന് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ ഒരു കോൺഫറൻസിൽ വ്യക്തമാക്കി. ഹോട്ടലുകൾ, ഇവന്റ് സംഘാടകർ തുടങ്ങിയവർ നടത്തുന്ന ഓഫ്‌ലൈൻ പരിശോധനകൾ നിരുത്സാഹപ്പെടുത്തുകയും സ്വകാര്യത ഉറപ്പാക്കുകയും ചെയ്യുന്നതാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
“ആധാർ കാർഡിൽ ഏറ്റവും അത്യാവശ്യമായ രണ്ടു ഘടകങ്ങൾ — ഫോട്ടോയും ക്യുആർ കോഡും മാത്രം ഉൾപ്പെടുത്തുന്നതാണ് പരിഗണനയിൽ. കാർഡിൽ കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ദുരുപയോഗത്തിനുള്ള വാതിലുകൾ തുറക്കുന്നു,” ഭുവനേഷ് കുമാർ പറഞ്ഞു.
നിലവിലുള്ള നിയമപ്രകാരം, ആധാർ നമ്പറുകളോ ബയോമെട്രിക് വിവരങ്ങളോ ഓഫ്‌ലൈൻ പരിശോധനയ്ക്കായി ശേഖരിക്കാനോ സൂക്ഷിക്കാനോ ഇനി അനുവദനീയമല്ല. എന്നാൽ പല സ്ഥാപനങ്ങളും ഇനിയും ആധാർ കാർഡിന്റെ പകർപ്പുകൾ സൂക്ഷിക്കുന്നതിനാൽ വഞ്ചനയ്ക്കുള്ള സാധ്യത ഉയരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
പുതിയ നിയമം 2025 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇതോടൊപ്പം, നിലവിലുള്ള mAadhaar ആപ്പിന് പകരം കൂടുതൽ സുരക്ഷിതത്വമുള്ള പുതുമുഖ ആപ്പും യുഐഡിഎഐ പുറത്തിറക്കിയിട്ടുണ്ട്. ഫേസ് ഡിറ്റക്ഷൻ സാങ്കേതികവിദ്യയും ക്യുആർ കോഡ് അധിഷ്ഠിത പരിശോധനയും ഉപയോഗിക്കുന്ന ഈ ആപ്പ്, ഡിജി യാത്ര സംവിധാനത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കും.
ഹോട്ടൽ ചെക്കിൻ, ഇവന്റ് എൻട്രി, പ്രായ പരിശോധന, റെസിഡൻഷ്യൽ കോംപ്ലക്‌സ് പ്രവേശനം തുടങ്ങി നിരവധി രംഗങ്ങളിൽ ഈ സംവിധാനം പ്രയോജനപ്പെടുത്താനാകുമെന്ന് അധികൃതർ അറിയിച്ചു.
ആധാർ ഉപയോഗിക്കുന്ന ദൈനംദിന പ്രക്രിയകൾ കൂടുതൽ സുരക്ഷിതവും വേഗതയുള്ളതുമായിത്തീരുമെന്നാണ് പ്രതീക്ഷ.
