തുർക്കി തീരത്ത് റഷ്യൻ എണ്ണ ടാങ്കറുകളിൽ സ്ഫോടനം; 45 ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇസ്താംബൂൾ ∙ ബോസ്ഫറസ് കടലിടുക്കിന് സമീപം കരിങ്കടലിൽ റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റിൽ’ പെട്ട രണ്ടു എണ്ണ ടാങ്കറുകളിൽ തുടർച്ചയായി ഉണ്ടായ സ്ഫോടനങ്ങൾ വലിയ ആശങ്ക സൃഷ്ടിച്ചു. അപകടത്തെ തുടർന്ന് ആരംഭിച്ച തീപിടിത്തം മണിക്കൂറുകൾ നീണ്ടെങ്കിലും, കപ്പലുകളിലുണ്ടായിരുന്ന 45 ജീവനക്കാരെയും സുരക്ഷിതമായി കരകളിലെത്തിക്കാൻ രക്ഷാസേനക്ക് കഴിഞ്ഞതായി തുർക്കി അധികൃതർ സ്ഥിരീകരിച്ചു.

ആദ്യമായി അപകടത്തിൽ പെട്ടത് 274 മീറ്റർ നീളമുള്ള കൈറോസ് എന്ന എണ്ണ ടാങ്കറാണ്. ഈജിപ്തിൽ നിന്ന് റഷ്യയിലേക്കുള്ള യാത്രയ്ക്കിടയിൽ 28 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സ്ഫോടനവും തുടർ തീപിടിത്തവും. സംഭവസമയത്ത് കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരെയും ഉടൻ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തെത്തിച്ചു.

തുടർന്ന് ഏകദേശം 35 നോട്ടിക്കൽ മൈൽ അകലെയുള്ള കരിങ്കടലിൽ രണ്ടാമത്തെ ടാങ്കറായ വിരാട്ടിനും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ വന്നു. എഞ്ചിൻ റൂമിൽ കനത്ത പുക കണ്ടെത്തിയിരുന്നുവെങ്കിലും 20 ജീവനക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

അപകടകാരണം വ്യക്തമല്ലെന്ന് തുർക്കി ഗതാഗതമന്ത്രി അബ്ദുൽകാദിർ ഉറലോഗ്ലു അറിയിച്ചു. മൈനുകൾ, മിസൈലുകൾ അല്ലെങ്കിൽ ആളില്ലാ മറൈൻ ഡ്രോണുകൾ മൂലമുള്ള ബാഹ്യാഘാതം ഉണ്ടായിരിക്കാനുള്ള സാധ്യതയും അദ്ദേഹം സൂചിപ്പിച്ചു.

2022-ലെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനു ശേഷം ഇൻഷുറൻസില്ലാതെ, കുറഞ്ഞ സുരക്ഷാ മാനദണ്ഡങ്ങളോടെ പ്രവർത്തിക്കുന്ന ‘ഡാർക്ക് ഫ്ലീറ്റിന്റെ’ ഭാഗമാണ് കൈറോസും വിരാട്ടും എന്നും ഷിപ്പിംഗ് ഏജൻസിയായ ട്രൈബെക്ക വിശദീകരിച്ചുവെന്ന് റിപ്പോർട്ട്. കരിങ്കടലിൽ മുമ്പും മൈനുകൾ തീരത്തടിഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

അപകടങ്ങൾ ഉണ്ടായിട്ടും ബോസ്ഫറസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്ന് തുർക്കി അധികൃതർ വ്യക്തമാക്കി.