തെക്കുംഭാഗജനം ആദ്യകാലം മുതലേ ഉപയോഗിച്ചു കൊണ്ടിരുന്ന മെനോറ എന്ന ഏഴുതിരിയിട്ട വിളക്ക് തെളിയുമ്പോള്‍…..!

ജിമ്മി ചെറിയാൻ,
മോഴികോടത്ത്.

ലോകത്തിന്റെ പ്രകാശമായ ദൈവത്തിന്റെ തിരുസാന്നിദ്ധ്യവും പ്രതീകവും, അന്ധകാരത്തെ അകറ്റുന്ന വഴികാട്ടിയുമാണ് മെനോറ എന്ന ഏഴു തിരിയിട്ട വിളക്ക്. മോശയിലൂടെ ദൈവം നിര്‍മ്മിച്ച് നല്കി, സമാഗമ കൂടാരം എന്ന ആരാധന ആലയത്തിൽ ദൈവം നിര്‍ദ്ദേശിച്ച പ്രകാരം തെക്കുഭാഗത്ത് സ്ഥാപിച്ചു. സമാഗമ കൂടാരത്തിലെ വിശുദ്ധസ്ഥലത്ത്, ഏകദേശം മദ്ധ്യത്തിനടുത്ത്, തെക്കുഭാഗത്തായിട്ടായിരുന്നു വിളക്കിന്റെ സ്ഥാനം. കൂടാരത്തെ മുഴുവനും ചൈതന്യവല്ക്കരിച്ച് പ്രകാശപൂരിതമാക്കുന്ന ഈ വിളക്കിന്റെ മുന്‍ഭാഗത്താണ് തിരുസാന്നിദ്ധ്യത്തിന്റെ അപ്പം ഉൾപ്പെടെയുള്ള കാഴ്ചവസ്തുക്കളുടെ പീഠം സ്ഥാപിക്കപ്പെട്ടത്.
മെനോറ വിളക്കിനെപ്പറ്റി അതിന്റെ നിര്‍മ്മാണത്തെപ്പറ്റി ബൈബിളില്‍ വിശദീകരിക്കുന്നത് പുറപ്പാട് പുസ്തകം 25: 31-40 വരെയുള്ള വാക്യങ്ങളിലാണ്.
ഒന്നാം പ്രമാണം ലംഘിച്ച് സത്യദൈവത്തെ ഉപേക്ഷിച്ച്, കാളക്കുട്ടിയിലേക്കും അന്യദൈവ ആരാധനയിലേക്കും വീണ് പോയ ഇസ്രായേലിനെ തിരിച്ചുകൊണ്ടുവരുവാനും, അവരോടൊപ്പമുള്ള ദൈവസാന്നിദ്ധ്യം ഊട്ടി ഉറപ്പിക്കാനും, അവർക്ക് അനുഭവവേദ്യമാക്കാനുമാണ് സമാഗമകൂടാരം നിര്‍മ്മിക്കാൻ ദൈവം ആവശ്യപ്പെട്ടത്.
തിരുവചനം ഇങ്ങനെ പറയുന്നു ”നീ അവരുടെ ദേവന്മാരെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യരുത്. അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത്.” (പുറപ്പാട് 23:24)

വടക്ക് ബലിപീഠം സ്ഥാപിച്ചിരിക്കുന്നതിനാലാണ് തെക്കുഭാഗത്ത് വിളക്ക് സ്ഥാപിച്ചത്. ബലിപീഠത്തിലിരിക്കുന്ന അപ്പമാകുന്ന ദൈവീകസാന്നിദ്ധ്യത്തെ ആരാധനാസമൂഹം അനുഭവിക്കുന്നത് ഇസ്രായേലിനു ലഭിച്ച മന്നയിലൂടെ ആയിരുന്നല്ലോ. ഇന്ന് കാഴ്ചയപ്പമായി ബലിപീഠത്തിലുള്ളത് ഇസ്രായേലിന്റെ തന്നെ ദൈവാനുഭവത്തെയാണ് അനുസ്മരിപ്പിക്കുന്നു.!
അത് സ്വീകരിക്കുമ്പോൾ ദൈവമായി തീർന്ന ക്രിസ്തുവിനെ തന്നെയാണ് നാം അനുഭവതലത്തിൽ സ്വീകരിക്കുന്നു.! ഇപ്രകാരം തന്നെയാണ് ഒരു പ്രതീകമായി മെനോറ എന്ന പേരിട്ട് വിളിക്കപ്പെടുന്ന ഏഴുതിരിയിട്ട വിളക്ക്കാൽ..!
ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ അതിന്റെ പരിപൂര്‍ണ്ണത അറിയിക്കുന്നതിനും അനുഭവിക്കുന്നതിനുമാണ് ദൈവം തന്നെ ഈ വിളക്ക് രൂപകല്പന ചെയ്തത്.
അതിലൂടെ ആദ്യം പ്രതിപാദിക്കുന്നത്, ദൈവത്തിന്റെ ഏഴുദിവസത്തെ സൃഷ്ടികര്‍മ്മമാണ്. നടുക്ക് ദൈവത്തെയും അവന്റെ വിശ്രമദിനമായ സാബത്തിനെയും സൂചിപ്പിക്കുമ്പോള്‍, രണ്ടുവശങ്ങളിലായി ആകെയുള്ള ആറു തിരികള്‍, ആറു ദിവസത്തെ സൃഷ്ടികര്‍മ്മത്തേയാണ് സൂചിപ്പിക്കുന്നത്.
വീണ്ടും സൃഷ്ടിയുടെ വിശദീകരണമെന്നോണം വിളക്കിലെ പ്രകാശത്തിന്റെ രഹസ്യാത്മകത, ഏഴു നിറങ്ങളള്ള പ്രകാശത്തിലൂടെ മഴവില്ല് പോലെ തെളിഞ്ഞു വരുന്നു.
വീണ്ടും പ്രാപഞ്ചിക ധര്‍മ്മങ്ങളെയും, പ്രകൃതിയിലെ നിഗൂഢമായ പ്രതിഭാസങ്ങളേയും രഹസ്യാത്മകമായി ഈ ഏഴ് തിരികളിലൂടെ പ്രകാശമായി വെളിപ്പെടുത്തുന്നു.
ഏഴ് അഗ്നിയായി, ഏഴ് നക്ഷത്ര ദീപങ്ങളായി, ഏഴ് സപ്താത്മക്കളായി, ഏഴ് സഭകളായി, പ്രാപഞ്ചിക രഹസ്യങ്ങളുടെ കലവറ ഒന്നൊന്നായി ഏഴിലൂടെ വെളിപ്പെടുത്തുന്നു. ജ്ഞാനമായി, ഐശ്വര്യത്തിന്റെ തുടക്കമായി പ്രതീകാത്മകമായി ദൈവജനത്തോടൊപ്പം ഈ വിളക്കും അവരുടെ കൂടെ സമാഗമ കൂടാരത്തോടൊപ്പം സഞ്ചരിക്കുന്നു. ആ വെളിച്ചമാണ് ഇന്നും നമ്മോടൊപ്പം സഞ്ചരിക്കുന്നത്. നാം പരസ്പരം സ്‌നേഹിക്കുന്നതും, സ്നേഹം തന്നെയായ ദൈവവുമായി മാറുന്നതും.!

ഇന്ത്യയിലെത്തി തെക്കുംഭാഗരായി അറിയപ്പെടുന്ന ക്‌നാനായക്കാർ മെനോറ വിളക്ക് അവരുടെ ഭവനങ്ങളിലും ആരാധനയ്ക്കും ഉപയോഗിച്ചിരുന്നോ എന്നു ചിലർ സംശയിക്കുന്നണ്ടാവും. ഈ വിളക്കിന്റെ പ്രചാരം കേരളത്തിൽ അധികം ഉണ്ടായിരുന്നില്ലല്ലോ. ഇന്‍ഡ്യയിലെ കോലുവിളക്കും നിലവിളക്കും പലവിധ ആചാരങ്ങളുമായി നാം ഇടപഴകി ജീവിച്ച് വരികയായിരുന്നു. എങ്കിലും നമ്മുടെ പൗരാണിക പാരമ്പര്യങ്ങളെല്ലാം യഹൂദന്മാരുടേത് തന്നെ ആയിരുന്നുവല്ലോ. അതുകൊണ്ടാണ് നമ്മുടെ പള്ളികളിൽ കെടാവിളക്കും മെനോറയുമെല്ലാം പണ്ടു കാലം മുതലേ ഉണ്ടായിരുന്നത്.
യഹൂദവംശജരെ ഇസ്രായേലിന്റെ തെക്കുംഭാഗത്ത് (യൂദയാ) നിലനിര്‍ത്തിയതും സമാഗമ കൂടാരത്തിലെ വിളക്കിന്റെ സ്ഥാനം തെക്കുഭാഗത്ത് ആയതും യാദൃശ്ചികമായി സംഭവിച്ചതാകാനിടയില്ല. ബൈബിളിലുടനീളം തെക്ക് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രകാശത്തിന്റെയും ഉറവിടമായി രേഖപ്പെടുത്തിയിട്ടുണ്ട്. വിളക്കിൽ ചിത്രീകരിക്കപ്പെട്ട ബദാം പൂക്കളും കായ്കളും എല്ലാം ഐശ്വര്യത്തെയും, ദൈവത്തിന്റെ സ്വന്തം ജനമായ യൂദാ ഗോത്രത്തോടുള്ള കരുതലിന്റെ പ്രതീകമായി കണക്കാക്കാം.
ഇസ്രയേലിലെ പന്ത്രണ്ട് ഗോത്രങ്ങളില്‍ അവശേഷിച്ച യൂദാഗോത്രത്തില്‍ നിന്നുള്ളവരുടെ ഒരു പരിഛേദമായിരുന്നല്ലോ മദ്ധ്യപൂര്‍വ്വ ഏഷ്യയില്‍ നിന്നും 4-ാം നൂറ്റാണ്ടില്‍ മലങ്കരയില്‍ കുടിയേറിയ തെക്കുംഭാഗർ എന്നറിയപ്പെട്ട ക്‌നാനായ സുറിയാനി ക്രൈസ്തവർ. സീറോ മലബാര്‍ സഭയിലെ ഈ ന്യൂനപക്ഷ സമൂഹമായ സുറിയാനി ക്രിസ്ത്യാനികള്‍
അവരുടെ സ്വന്തമായ തനിമയും സംസ്‌കാരവും പരിപാലിച്ചുകൊണ്ട് വ്യതിരക്ത സമൂഹമായിട്ടാണ് ജീവിക്കുന്നത്. ദൈവം താന്‍ തെരഞ്ഞെടുത്ത തന്റെ സ്വന്തം ജനത്തെ വഴിനടത്താനും തന്റെ തിരുസാന്നിദ്ധ്യം ബോദ്ധ്യപ്പെടുത്താനുമായി നിര്‍മ്മിച്ചു നല്‍കിയതാണ് മെനോറ എന്ന ഏഴുതിരിയിട്ട വിളക്ക്.
തെക്കുംഭാഗജനം ആദ്യകാലം മുതലേ ഉപയോഗിച്ചുകൊണ്ടിരുന്ന മെനോറ എന്ന വിളക്ക് നാം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ആത്മീയ നിറവ് തന്നെയാണ് സത്യവിശ്വാസത്തിലും ദൈവകല്പനകളോടുള്ള വിധേയത്വത്തിലും അനുസരണത്തിലും നിലനിൽക്കാൻ നമ്മെ സഹായിക്കുന്നതും വളര്‍ത്തുന്നതും. ഈ വിളക്കുകള്‍ നമ്മുടെ എല്ലാ ഭവനത്തിലും ഉണ്ടാവുകയും, വിശേഷാവസരങ്ങളില്‍ മെനോറ തെളിച്ച് പ്രാര്‍ത്ഥിക്കുന്നതിലൂടെ ദൈവം നമ്മെ നിലനിർത്തും, നയിക്കും യഥാസ്ഥാനപ്പെടുത്തും, എന്ന വിശ്വാസത്തിന് അടിസ്ഥാനമായിട്ടുള്ളത്…!
ദൈവീക വഴിയിലും ജ്ഞാനത്തിലും ഈ പ്രകാശത്തിലും മുന്നേറാൻ നല്ലവനായ ദൈവം നമ്മെ സഹായിക്കട്ടെ…!!!

Leave a Reply